ബ്രസീലിന് കനത്ത തിരിച്ചടി; ഗബ്രിയേല്‍ ജീസസിന് വിലക്ക്, ഫൈനല്‍ നഷ്ടമാകും
|ഞായറാഴ്ചയാണ് അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനല്‍
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനലിന് മുന്നേ ബ്രസീലിന് കനത്ത തിരിച്ചടി. ബ്രസീല്‍ മുന്നേറ്റ നിരതാരം ഗബ്രിയേല്‍ ജീസസിന്റെ 'കുങ്ഫു ചലഞ്ചി'നെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ആ കളിയില്‍ ജീസസ് മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയിരുന്നു. ഇതേ തുടര്‍ന്ന് പെറുവിനെതിരായ സെമി ഫൈനല്‍ താരത്തിന് നഷ്ടമായി. ഇതിന് പിന്നാലെയാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയുള്ള കോണ്‍മെബോളിന്റെ തീരുമാനം.
രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതോടെ ജീസസിന് ഫൈനല്‍ നഷ്ടമാവും. വിലക്കിനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോള്‍ ബലത്തില്‍ ബ്രസീല്‍ പ്രതിരോധിച്ച് നിന്ന് സെമി ഫൈനല്‍ ഉറപ്പിച്ചു. ബ്രസീല്‍ പരിശീലകനായി ടിറ്റേ എത്തിയതിന് ശേഷം രണ്ട് വട്ടം റെഡ് കാര്‍ഡ് വാങ്ങി പുറത്തിരിക്കുന്ന ഏക താരമാണ് ജീസസ്. ഞായറാഴ്ചയാണ് അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനല്‍.