Football
പുതുവർഷത്തിൽ ലിവർപൂളിന് ബ്രെന്‍റ്‍ഫോര്‍ഡ് ഷോക്ക്
Football

പുതുവർഷത്തിൽ ലിവർപൂളിന് ബ്രെന്‍റ്‍ഫോര്‍ഡ് ഷോക്ക്

Web Desk
|
3 Jan 2023 2:54 AM GMT

1938നുശേഷം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെയുള്ള ബ്രെന്റ്‌ഫോർഡിന്റെ ആദ്യ വിജയമായിരുന്നു ഇത്

ലണ്ടൻ: പുതുവർഷത്തിൽ ലിവർപൂളിന് പരാജയത്തുടക്കം. 2023ലെ ആദ്യ മത്സരത്തിൽ ബ്രെന്റ്‌ഫോർഡാണ് ചെമ്പടയെ തകർത്തത്. സ്വന്തം തട്ടകമായ ജിടെക്ക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്രെന്റ്‌ഫോർഡ് ജയം. 1938നുശേഷം ഇതാദ്യമായാണ് പ്രീമിയര്‍ ലീഗില്‍ ലിവർപൂളിനെതിരെ സംഘം വിജയം കാണുന്നത്.

19-ാം മിനിറ്റിൽ ലിവർപൂളിന്റെ ഫ്രഞ്ച് പ്രതിരോധ താരം ഇബ്രാഹീം കൊണാറ്റെയുടെ പിഴവിൽനിന്നാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ബ്രെന്റ്‌ഫോർഡിന്റെ ബെൻ മീ എടുത്ത കോർണർ കിക്ക് പുറത്തേക്ക് തട്ടിയകറ്റാനുള്ള കൊണാറ്റയുടെ നീക്കം പാളി. പന്ത് ഗോൾകീപ്പർ അലിസ്സണിന്റെ കൈയും കടന്ന് നേരെ സ്വന്തം ഗോൾപോസ്റ്റിൽ.

തുടർന്നും ലിവർപൂൾ ബോക്‌സിൽ അപകടം ഒഴിഞ്ഞില്ല. ബ്രെന്റ്‌ഫോർഡിന്റെ രണ്ടു സെറ്റ്പീസ് ഗോളുകൾ വീണ്ടും ലിവർപൂൾ വലയിലെത്തിയെങ്കിലും 'വാർ' പരിശോധനയിൽ അവ നിഷേധിക്കപ്പെട്ടു. 42-ാം മിനിറ്റിൽ യോനെ വിസ്സ ബ്രെന്റ്‌ഫോർഡിന്റെ ലീഡുയർത്തി. തൊട്ടടുത്തുനിന്നു ലഭിച്ച നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു വിസ്സ ഹെഡറിലൂടയാണ് വിസ്സ വലയിലെത്തിച്ചത്. മികച്ചൊരു സേവിലൂടെ പന്ത് അലിസ്സൺ തട്ടിയകറ്റിയെങ്കിലും ലൈൻ കടന്നിരുന്നുവെന്ന് റഫറി വിധിയെഴുതി.

രണ്ടാം പകുതിയിൽ മൂന്നു മാറ്റങ്ങളുമായാണ് ജർഗൻ ക്ലോപ്പ് സംഘത്തെ ഇറക്കിയത്. പ്രതിരോധ താരം കോൺസ്റ്റാന്റിനോസ് സിമികാസിനു പകരം ആൻഡ്ര്യൂ റോബേർട്ട്‌സിനെയും ഹാർവി എലിയട്ടിനു പകരം നാബി കെയ്റ്റയെയും വിർജിൽ വാൻ ജിക്കിനു പകരം ജോയ്ൽ മാറ്റിപ്പുമാണ് എത്തിയത്. ക്ലോപ്പിന്റെ മാറ്റങ്ങൾ ടീമിനെ മത്സരത്തിൽ തിരിച്ചെത്തിച്ചെങ്കിലും ഫലത്തിൽ കാര്യമായ മാറ്റമുണ്ടാക്കാനിയില്ല.

50-ാം മിനിറ്റിൽ അലെക്‌സ് ഒക്‌സ്ലെയ്ഡ് ഷാംപർലൈൻ ലിവർപൂളിന്റെ ആശ്വാസഗോൾ കണ്ടെത്തി. വലതു വിങ്ങിൽനിന്ന് അലെക്‌സാണ്ടർ ആർനോൾഡിൻരെ മനോഹരമായ ക്രോസ് ഷാംപർലൈൻ പിഴക്കാതെ ബ്രെന്റ്‌ഫോർഡ് വലയിൽ കയറ്റി. എന്നാൽ, മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ആതിഥേയർ വീണ്ടും ലീഡുയർത്തി ലിവർപൂളിന്റെ വിജയമോഹങ്ങൾ തകർത്തു. ഇത്തവണ ബ്രിയാൻ എംബിയോമോയാണ് ലക്ഷ്യം കണ്ടത്. നോർഗാർഡ് നൽകിയ ത്രൂബാൾ ബോക്‌സിനകത്ത് കൊണാറ്റെ ഹെഡ് ചെയ്ത് ഒഴിവാക്കാൻ നോക്കിയെങ്കിലും താരത്തെയും മറികടന്നെത്തിയ എംബിയോമോ പന്ത് അനാസായം ഗോൾവല കടത്തുകയായിരുന്നു.

Summary: Brentford registered a famous first win over Liverpool since 1938, as an own goal from Ibrahima Konate and strikes from Yoane Wissa and Bryan Mbeumo sealed a remarkable 3-1 victory.

Similar Posts