ഫലസ്തീൻ അനുകൂല പോസ്റ്റ്: ഡച്ച് ഫോർവേഡ് താരത്തെ സസ്പെൻഡ് ചെയ്ത് ജർമ്മൻ ലീഗ് ക്ലബ്ബ്
|ക്ലബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
മെയിൻസ്(ജർമ്മനി): ഇസ്രായേൽ- ഹമാസ് സംഘര്‍ഷത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ ഡച്ച് ഫോര്‍വേഡ് അന്‍വര്‍ എല്‍ ഗാസിക്കെതിരെ നടപടി. ഫലസ്തീന് അനുകൂല പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ അന്‍വര്‍ എല്‍ ഗാസിയെ ജര്‍മ്മന്‍ ലീഗ് ക്ലബ്ബ്( ബുണ്ടസ് ലീഗ്) 'മെയ്ന്‍സ്' സസ്പെന്‍ഡ് ചെയ്തു.
സസ്പെൻഷന് പിന്നാലെ പോസ്റ്റ് എൽ ഗാസി ഡിലീറ്റ് ചെയ്തു. ക്ലബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. ഞായറാഴ്ചയാണ് താരം ഫലസ്തീന് അനുകൂല പോസ്റ്റ് പങ്കുവെച്ചത്.അതേസമയം, എല്‍ ഗാസിയുടെ പോസ്റ്റിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ക്ലബ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കും എവര്‍ടണും വേണ്ടി കളിച്ച താരം സെപ്റ്റംബര്‍ അവസാനത്തിലാണ് മെയിന്‍സുമായി കരാറിലെത്തിയത്. മൊറൊക്കന്‍ വംശജനായ എല്‍ ഗാസി രണ്ട് തവണ നെതര്‍ലന്‍ഡ്സ് ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്.
അതേസമയം അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ നടന്ന ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ വ്യാപക ജനരോഷമാണ് ഉയരുന്നത്. അറബ് ലോകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. അമേരിക്കക്ക് കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് റഷ്യ കുറ്റപ്പെടുത്തി. ആയിരങ്ങളെ ചികിൽസക്കായി കിടത്തിയ ആശുപത്രിയാണ് നിമിഷ നേരം കൊണ്ട് കത്തിച്ചാമ്പലായത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും നിരവധി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലായിരുന്നു.