36 വർഷത്തിനു ശേഷം ഫുട്ബോൾ ലോകകപ്പിന്; ത്രില്ലടിച്ച് കാനഡ
|അമേരിക്കയും മെക്‌സിക്കോയും കോസ്റ്ററിക്കയുമെല്ലാം അടങ്ങുന്ന വടക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയുമായി ആധികാരികമായാണ് കാനഡയുടെ ലോകകപ്പ് പ്രവേശം.
ടൊറന്റോ: ഈ വർഷത്തെ ഫുട്‌ബോൾ ലോകകപ്പിന് വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുമുണ്ടാകും. നിർണായകമായ യോഗ്യതാ മത്സരത്തിൽ ജമൈക്കയെ എതിരില്ലാത്ത നാലു ഗോളിന് തകർത്താണ് ജോൺ ഹെർഡ്മാൻ പരിശീലിപ്പിക്കുന്ന സംഘം അന്തസ്സോടെ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. 1986-ൽ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ച കാനഡയുടെ രണ്ടാമത്തെ ലോകകപ്പ് പ്രവേശമാണിത്.
അമേരിക്കയും മെക്‌സിക്കോയും കോസ്റ്ററിക്കയുമെല്ലാം അടങ്ങുന്ന വടക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയുമായി ആധികാരികമായാണ് കാനഡയുടെ ലോകകപ്പ് പ്രവേശം. പരാജയമറിയാതെ 11 മത്സരം പൂർത്തിയാക്കിയ അവർ വെള്ളിയാഴ്ച കോസ്റ്ററിക്കയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.
13-ാം മിനുട്ടിൽ സീൽ ലാറിൻ ആണ് മത്സരത്തിലെ ആദ്യഗോൾ നേടിയത്. ടാജൻ ബുക്കാനൻ 44-ാം മിനുട്ടിൽ ലീഡുയർത്തി. 82-ാം മിനുട്ടിൽ ഡേവിഡ് ഹോയ്‌ലറ്റിന്റെ വക മൂന്നാം ഗോളെത്തിയപ്പോൾ ജമൈക്കൻ താരം ആഡ്രിയൻ മാരിയപ്പയുടെ സെൽഫ് ഗോളാണ് പട്ടിക പൂർത്തിയാക്കിയത്.
ആക്രമണ താരങ്ങളായ സീൽ ലാറിന്റെയും ജൊനാതൻ ഡേവിഡിന്റെയും മിന്നും ഫോമാണ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കാനഡയെ സഹായിച്ചത്. തുർക്കിഷ് ലീഗിൽ ബെസിക്തസിന്റെ താരമായ ലാറിൻ ആറ് ഗോളുമായി യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോററാണ്. ഫ്രഞ്ച് ലീഗിൽ ലില്ലെക്കു വേണ്ടി കളിക്കുന്ന ജൊനാതൻ ഡേവിഡ് അഞ്ച് ഗോളടിക്കുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ബയേൺ മ്യൂണിക്ക് താരം അൽഫോൻസോ ഡേവിസും മികച്ച പ്രകടനമാണ് യോഗ്യതാ മത്സരങ്ങൾ രാജ്യത്തിനു വേണ്ടി പുറത്തെടുത്തത്.
ഇതാ ഞങ്ങൾ വരുന്നു
36 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ ലോകകപ്പ് യോഗ്യത ഒരു തുടക്കം മാത്രമാണെന്നാണ് കോച്ച് ജോൺ ഹെർഡ്മാൻ വികാരഭരിതനായി പ്രതികരിച്ചത്: 'എനിക്കിത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാണ് ഞാൻ പഠിപ്പിച്ചു കൊണ്ടിരുന്നത്. പക്ഷേ, സംഭവിച്ചപ്പോൾ എനിക്ക് വാക്കുകളില്ല. കനഡക്കാരേ, നമ്മൾ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. നമ്മുടെ ഒരു കുട്ടി (അൽഫോൻസോ ഡേവിസ്) ബയേൺ മ്യൂണിക്കിൽ കളിക്കുന്നുണ്ട്. കനേഡിയൻ കളിക്കാർ യൂറോപ്പിൽ പല ക്ലബ്ബുകളിലും കളിക്കുന്നു. ഇപ്പോഴിതാ, നമ്മൾ കാനഡക്കാർ ലോകകപ്പിനും പോകുന്നു.'
'ഞങ്ങളിതാ വരുന്നു. ഇത് ഞങ്ങളുടെ തുടക്കം മാത്രമാണ്. ഈ ടീമിന്റെ കോച്ചായിരിക്കുക എന്നതുതന്നെ എത്ര ഉദാത്തം...' ഹെർഡ്മാൻ പറഞ്ഞു.
യോഗ്യതക്ക് തൊട്ടരികിൽ അമേരിക്കയും മെക്‌സിക്കോയും
എട്ട് ടീമുകൾ മാറ്റുരക്കുന്ന യോഗ്യതാ റൗണ്ടിൽ ഒരു മത്സരം ശേഷിക്കെ കാനഡ ഒന്നാം സ്ഥാനക്കാരായി യോഗ്യതയുറപ്പിച്ചപ്പോൾ കരുത്തരായ അമേരിക്കയും മെക്‌സിക്കോയുമാണ് നേരിട്ട് യോഗ്യത ലഭിക്കുന്ന രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വ്യാഴാഴ്ച കോസ്റ്ററിക്കക്കെതിരെ നടക്കുന്ന മത്സരത്തിൽ വലിയ ഗോൾ വ്യത്യാസത്തിന് തോൽക്കാതിരുന്നാൽ അമേരിക്കയും എൽ സാൽവദോറിനോട് സമനിലയെങ്കിലും നേടാൻ കഴിഞ്ഞാൽ മെക്‌സിക്കോയും യോഗ്യത നേടും.
22 പോയിന്റുമായി നാലാം സ്ഥാനത്തുള്ള കോസ്റ്ററിക്കക്ക് നേരിട്ട് യോഗ്യത നേടണമെങ്കിൽ വ്യാഴാഴ്ച അമേരിക്കയെ ഒമ്പത് ഗോളിനെങ്കിലും തോൽപ്പിക്കേണ്ടി വരും. നാല് ഗോളിനെങ്കിലും ജയിക്കുകയും മെക്‌സിക്കോ തോൽക്കുകയും ചെയ്താലും അവർക്ക് യോഗ്യത നേടാം. ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ അന്താരാഷ്ട്ര പ്ലേ ഓഫിൽ ഭാഗ്യം പരീക്ഷിക്കേണ്ടി വരും.