കരബാവോ കപ്പിൽ എൻകുൻകു ഹാട്രികിൽ ചെൽസി; സിറ്റിക്കും വില്ലക്കും വിജയം
|8,15,75 മിനിറ്റുകളിലാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്.
ലണ്ടൻ: ഇഎഫ്എൽ (കരബാവോ) കപ്പ് മൂന്നാം റൗണ്ടിൽ വമ്പൻമാർക്ക് വിജയം. ചെൽസി എതിരില്ലാത്ത അഞ്ച് ഗോളിന് ബാരോയെ തകർത്തു. മാഞ്ചസ്റ്റർ സിറ്റി 2-1ന് വാറ്റ്‌ഫോർഡിനേയും ആസ്റ്റൺവില്ല ഒന്നിനെതിരെ രണ്ട് ഗോളിന് വൈകോംബെയേയും തോൽപിച്ചു.
ഫ്രഞ്ച് താരം ക്രിസ്റ്റഫർ എൻകുൻകുവിന്റെ ഹാട്രിക് മികവിലാണ് ചെൽസി ആധികാരിക ജയം പിടിച്ചത്. 8,15,75 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. 28ാം മിനിറ്റിൽ ജാവോ ഫെലിക്‌സെടുത്ത ഫ്രീകിക്ക് പോസ്റ്റിലിടിച്ച ശേഷം ബാരോ ഗോൾകീപ്പർ പോൾ ഫർമാന്റെ ദേഹത്ത് തട്ടി വലയിൽ കയറി. പെഡ്രോ നെറ്റോ(48)യും നീലപടക്കായി വലകുലുക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയാണ് ടീം വമ്പൻജയം സ്വന്തമാക്കിയത്.
സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ ജർമിഡോക്കുവിന്റേയും(5), മത്തേയൂസ് ന്യൂനസിന്റേയും(38) ഗോളിലാണ് സിറ്റി വിജയം പിടിച്ചത്. 86ാം മിനിറ്റിൽ ടോം ഇൻസ് വാറ്റ്‌ഫോർഡിനായി വലകുലുക്കി. ഇഎഫ്എൽ കപ്പിൽ വൈംകോബെയെ തകർത്ത് ആസ്റ്റൺവില്ലയും മൂന്നാംറൗണ്ടിൽ വിജയം സ്വന്തമാക്കി. എമി ബുവെൻഡിയ(55), ജോൺ ഡുറാൻ(85) ഗോൾനേടിയപ്പോൾ ഇഞ്ചുറിടൈമിൽ റിച്ചാർഡ് കൊനെ(90+5) വൈകോംബെക്കായി ആശ്വാസഗോൾനേടി.