ചെൽസിയെ കീഴടക്കി കരബാവോ കപ്പ് കിരീടം ചൂടി ലിവർപൂൾ; വിജയ ശിൽപിയായി വാൻഡെക്
|പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലുള്ളതിനാൽ യുവ താരനിരയുമായാണ് ലിവർപൂൾ ഇറങ്ങിയത്.
ലണ്ടൻ: മുഴുവൻ സമയവും പിന്നിട്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലിവർപൂൾ കരബാവോ(ലീഗ് കപ്പ്) കിരീടം ചൂടി. അത്യന്തം ആവേശകരമായ മത്സരത്തിൽ 118ാം മിനിറ്റിലാണ് ചെമ്പടക്കായി പ്രതിരോധ താരം വിർജിൽ വാൻഡെക് ഹെഡ്ഡറിലൂടെ ചെൽസി വലകുലുക്കിയത്. ലിവർപൂളിന്റെ പത്താം ലീഗ് കപ്പാണിത്. പരിശീലകൻ യുർഗൻ ക്ലോപ് ഈ സീസണോടെ ക്ലബ് വിടുന്നതിനാൽ ലീഗ് കപ്പ് കോച്ചിനുള്ള താരങ്ങളുടെ സമ്മാനമായി.
പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലുള്ളതിനാൽ യുവ താരനിരയുമായാണ് ലിവർപൂൾ ഇറങ്ങിയത്. കളിയിലുടനീളം ഇരു ടീമുകൾക്കും നിരവധി സുവർണാവസരങ്ങളാണ് ലഭിച്ചത്. എന്നാൽ ഗോൾകീപ്പർമാരുടെ മിന്നുംഫോം വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ അകറ്റിനിർത്തി. ചെൽസി ഗോൾകീപ്പർ പെട്രോവിചും ലിവർപൂൾ ഗോളി കെലെഹറും ഗോളെന്നുറപ്പിച്ച അരഡസണോളം ഷോട്ടുകളാണ് തട്ടികയറ്റിയത്.
സൂപ്പർ താരം മുഹമ്മദ് സലാഹ്, ഡിയേഗോ ജോട്ട, കർട്ടിസ് ജോൺസ്, അലക്സാണ്ടർ അർണോൾഡ്, ഡാർവിൻ ന്യൂനസ്, ഗോൾകീപ്പർ അലിസൺ ബെക്കർ തുടങ്ങി പ്രധാന താരങ്ങളില്ലാതെയാണ് ചെമ്പട കളത്തിലിറങ്ങിയത്. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളക്കാനായ ആത്മവിശ്വാസത്തിലാണ് നീലപട കലാശകളിക്കെത്തിയത്. എന്നാൽ കോണർ ഗാലഗർ, റഹിം സ്റ്റിർലിങ്, സ്ട്രൈക്കർ ജാക്സൺ എന്നിവർ നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് തോന്നിപ്പിച്ച സമയത്താണ് രണ്ട് മിനിറ്റ് ബാക്കിനിൽക്കെ കോർണർ കിക്കിൽ തലവെച്ച് വിശ്വസ്ത പ്രതിരോധതാരം മറ്റൊരു കിരീടംകൂടി ലിവർപൂൾ ഷെൽഫിലെത്തിച്ചത്.