Football
Carlo Ancelotti new brazil team coach
Football

തന്ത്രങ്ങൾ മെനയാൻ ചാണക്യനെത്തുന്നു; കാർലോ ആഞ്ചലോട്ടി ബ്രസീൽ പരിശീലകനാവും

Web Desk
|
5 July 2023 3:04 AM GMT

2024 കോപ്പ അമേരിക്ക ടൂർണമെന്റിലാവും ആഞ്ചലോട്ടി ബ്രസീൽ സംഘത്തെ പരിശീലിപ്പിക്കുക.

റിയോഡി ജനീറോ: ബ്രസീൽ ഫുട്‌ബോൾ ടീമിനു വേണ്ടി തന്ത്രങ്ങൾ മെനയാൻ സൂപ്പർ കോച്ച് തന്നെ എത്തുന്നു. ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാവും ഇനി കാനറികൾക്കായി കളി മെനയുക. നിലവിലെ തന്റെ റയൽ മാഡ്രിഡ് കരാർ കഴിഞ്ഞ ശേഷം 2024 ജൂൺ മുതൽ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി ചുമതലയേൽക്കും.

ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്‌നാൽഡോ ഔദ്യോഗികമായി ആഞ്ചലോട്ടിയുടെ വരവ് പ്രഖ്യാപിച്ചു. 2024 കോപ്പ അമേരിക്ക ടൂർണമെന്റാവും ആഞ്ചലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ ടൂർണമെന്റ്. 2026 ലോകകപ്പ് തന്നെയാകും ആഞ്ചലോട്ടി പ്രധാനമായും ഉന്നംവെക്കുന്നത്.

ബ്രസീലിന്റെ യുവനിരയിലെ പലരുമായും നല്ല ബന്ധമുള്ളയാളാണ് ആഞ്ചലോട്ടി. റോഡ്രിഗോ, വിനിഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ എന്നിവരുടെ കളിശൈലികളെല്ലാം നേരിട്ട് അറിയുന്നയാളാണ് ആഞ്ചലോട്ടി. കാസമിറോയുമായും അടുത്ത ബന്ധമുണ്ട്. അത്തരമൊരാൾ തലപ്പത്തേക്ക് എത്തുന്നത് കൂടുതൽ ഒത്തിണക്കമുള്ള ടീമിനെ വളർത്തിയെടുക്കാൻ സഹായിക്കുമെന്നാണ് ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ കരുതുന്നത്.

അതിനിടെ ടീമിന്റെ ഇടക്കാല കോച്ചായി ഫ്‌ളുമിനസ് കോച്ച് ഫെർണാണ്ടോ ഡിനിസിനെ നിയമിച്ചു. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സെപ്റ്റംബറിൽ തുടങ്ങാനിരിക്കെ ഒരു വർഷത്തേക്കാണ് ഡിനിസിന്റെ നിയമനം. ഇതൊരു അംഗീകാരമാണെന്നും ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്നും ഡിനിസ് പറഞ്ഞു.

Similar Posts