ചാമ്പ്യൻസ് ലീഗിൽ നാല് വർഷത്തിന് ശേഷം ബാഴ്‌സ ക്വാർട്ടറിൽ; പോർട്ടോയെ ഷൂട്ടൗട്ടിൽ മറികടന്ന് ആഴ്‌സനൽ
|2009-10 സീസണിന് ശേഷം ആദ്യമായാണ് ആഴ്‌സനൽ അവസാന എട്ടിൽ പ്രവേശിക്കുന്നത്.
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് ജയം. നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ബാഴ്‌സലോണയും എഫ്.സി പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ആഴ്‌സനലും ക്വാർട്ടർ പ്രവേശനം നേടി. നാല് വർഷത്തിന് ശേഷമാണ് കാറ്റലോണിയൻ ക്ലബ് ചാമ്പ്യൻസ് ലീഗ് അവസാന എട്ടിൽ സ്ഥാനം പിടിക്കുന്നത്. നാപ്പോളി-ബാഴ്‌സ ആദ്യ പാദം സമനിലയിൽ കലാശിച്ചതിനാൽ രണ്ടാം പാദത്തിൽ ജയം ഇരു ടീമുകൾക്കും അനിവാര്യമായിരുന്നു. പ്രീക്വാർട്ടറിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ മുൻ ചാമ്പ്യൻമാർ 20കാരൻ ഫെർമിൻ ലോപസിലൂടെ (15) ഗോൾ വേട്ടക്ക് തുടക്കമിട്ടു. രണ്ട് മിനിറ്റിന് ശേഷം പോർച്ചുഗീസ് താരം കാൻസലോയിലൂടെ (17) ലീഡ് ഉയർത്തി. 30ാം മിനിറ്റിൽ അമിർ റഹ്മാനിയിലൂടെ ഇറ്റാലിയൻ ക്ലബ് തിരിച്ചടിച്ചു.
ആവേശകരമായ രണ്ടാം പകുതിയിൽ ഇരു ടീമുകളിൽ നിന്നും മുന്നേറ്റങ്ങളും ഗോളവസരങ്ങളും പിറന്നു. അതിനിടെ ബാഴ്സലോണയ്ക്ക് ലഭിച്ച മികച്ച അവസരം ലാമിൻ യമാൽ നഷ്ടപ്പെടുത്തി. 83-ാം മിനിറ്റിൽ മികച്ച പാസിങ് ഗെയിമിലൂടെ ആതിഥേയർ മൂന്നാം ഗോൾ നേടി മത്സരം സീൽ ചെയ്തു. റോബെർട്ട് ലെവൻഡോവ്സ്‌കിയാണ് സ്‌കോർ ചെയ്തത്. സെർജി റോബർട്ടോയുടെ പാസ് കൃത്യമായി ലെവൻഡോവ്സ്‌കി നാപ്പൊളി വലയിലെത്തിക്കുകയായിരുന്നു.
മറ്റൊരു പ്രീക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ആഴ്‌സനൽ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. 2009-10 സീസണിന് ശേഷം ആദ്യമായാണ് ആഴ്സണൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാംപാദ മത്സരം 1-0 മാർജിനിൽ ഗണ്ണേഴ്‌സ് നേടിയെങ്കിലും ആദ്യപാദത്തിൽ എഫ്.സി പോർട്ടോ ജയിച്ചതോടെ മത്സരം(1-1) സമനിലയിലായി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 41-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡാണ് ഗണ്ണേഴ്സിന്റെ നിർണായക ഗോൾ നേടുന്നത്.
നിശ്ചിത സമയവും അധിക സമയവും സമനിലയിലായതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പോർട്ടോയുടെ രണ്ട് താരങ്ങളുടെ കിക്ക് മികച്ചരീതിയിൽ സേവ് ചെയ്ത ആഴ്‌സനൽ ഗോൾകീപ്പർ ഡേവിഡ് റയയാണ് വിജയമൊരുക്കിയത്. ഷൂട്ടൗട്ടിൽ 4-2നാണ് ജയം. ഒഡെഗാർഡ്, കയ് ഹവേർട്സ്, ബുകായോ സാക, ഡെക്ലാൻ റൈസ് എന്നിവർ ആഴ്സണലിന് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു. പോർട്ടോയുടെ ബ്രസീലിയൻ താരങ്ങളായ വെൻഡൽ, ഗലേനോ എന്നിവരുടെ ഷോട്ട് റായയ്ക്ക് മുന്നിൽ നിഷ്പ്രഭമാകുകയായിരുന്നു.