സിറ്റിക്ക് എതിരാളി റയൽ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തീപാറും പോരാട്ടം
|ഏപ്രിൽ ഒൻപതിനും 16നുമായാണ് ഹോം,എവേ പോരാട്ടം നടക്കുക.
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ചിത്രം തെളിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മുൻ ചാമ്പ്യൻ റയൽ മാഡ്രിഡാണ് എതിരാളികൾ. ഇതോടെ ക്വാർട്ടറിൽ പോരാട്ടം തീപാറും. സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുമായി കൊമ്പു കോർക്കും. ഇംഗ്ലീഷ് ക്ലബ് ആഴ്‌സനൽ ജർമൻ ക്ലബ് ബയേൺ മ്യൂണികിനേയും ബൊറൂസിയ ഡോർട്ട്മുണ്ട് അത്‌ലറ്റികോ മാഡ്രിഡിനേയും നേരിടും. ഏപ്രിൽ ഒൻപതിനും 16നുമാണ് ക്വാർട്ടർ ഹോം,എവേ പോരാട്ടം നടക്കുക.
Semi-finals 👇
— UEFA Champions League (@ChampionsLeague) March 15, 2024
Atlético or Dortmund 🆚 Paris or Barcelona
Arsenal or Bayern 🆚 Real Madrid or Man City #UCLdraw pic.twitter.com/fBFSZKnbQv
റയൽ-സിറ്റി പോരാട്ടമാണ് അവസാന എട്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടമെന്നുറപ്പായി. ആരാധകർ ഫൈനലിൽ പ്രതീക്ഷിച്ച മത്സരമാണ് നറുക്കെടുപ്പിലൂടെ അവസാന എട്ടിൽ തന്നെയെത്തിയത്. കഴിഞ്ഞ തവണ കലാശ പോരാട്ടത്തിൽ റയലിനെ തോൽപിച്ചാണ് ഇംഗ്ലീഷ് ക്ലബ് പ്രഥമ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ സിറ്റിക്ക് മറുപടി നൽകാനുള്ള അവസരം കൂടിയാണ് റയലിന് കൈവന്നത്.മറുവശത്ത് സിറ്റി കഴിഞ്ഞ സീസണിലെ അതേ ഫോമിലാണ് കളിക്കുന്നത്. ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ബെർത്തുറപ്പിച്ച ബാഴ്‌സക്കും കടുത്ത വെല്ലുവിളിയാണ്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവാത്ത പിഎസ്ജി, കിലിയൻ എംബാപെയുടെ അവസാന സീസണിൽ സ്വപ്‌നനേട്ടമാണ് പ്രതീക്ഷിക്കുന്നത്.
സെമി ഫൈനലിനുള്ള നറുക്കെടുപ്പും പൂർത്തിയായി. അത്‌ലറ്റികോ-ഡോർട്ട്മുണ്ട് ക്വാർട്ടർ വിജയികളെ പിഎസ്ജി ബാഴ്‌സലോണ ജേതാക്കൾ നേരിടും. ആഴ്‌സനൽ-ബയേൺ വിജയികളുമായാണ് റയൽമാഡ്രിഡ്-സിറ്റി ബലാബലത്തിലെ ജേതാക്കൾ പോരാടുക. ഒന്നാം സെമി ഫൈനലിൽ വിജയിക്കുന്നവർ രണ്ടാം സെമി ഫൈനലിലെ വിജയികളെ നേരിടും.