ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-സിറ്റി ക്ലാസിക് പോരാട്ടം: മത്സരം വൈകീട്ട് ആറിന്
|പോയിന്റ് പട്ടികയിൽ സിറ്റി ഒന്നാമതും ചെൽസി രണ്ടാമതുമാണ്. പക്ഷേ രണ്ട് ടീമുകളും തമ്മിൽ പത്ത് പോയിന്റ് വ്യത്യാസമുണ്ട്. 21 മത്സരങ്ങളിൽ സിറ്റി പതിനേഴും ജയിച്ചപ്പോൾ ചെൽസിക്ക് 12 വിജയമാണുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി - മാഞ്ചസ്റ്റർ സിറ്റി സൂപ്പർ പോരാട്ടം. വൈകിട്ട് ആറിന് സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ല മത്സരവും ഇന്ന് നടക്കും.
പോയിന്റ് പട്ടികയിൽ സിറ്റി ഒന്നാമതും ചെൽസി രണ്ടാമതുമാണ്. പക്ഷേ രണ്ട് ടീമുകളും തമ്മിൽ പത്ത് പോയിന്റ് വ്യത്യാസമുണ്ട്. 21 മത്സരങ്ങളിൽ സിറ്റി പതിനേഴും ജയിച്ചപ്പോൾ ചെൽസിക്ക് 12 വിജയമാണുള്ളത്. 53 പോയിന്റാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. ചെൽസിക്കാവട്ടെ 43ഉം. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 42 പോയിന്റുണ്ട്. സീസണിലെ ആദ്യ പോരാട്ടത്തിൽ ഗബ്രിയേൽ ജെസൂസിന്റെ ഒറ്റഗോളിൽ സിറ്റി ജയിച്ചിരുന്നു.
ലീഗ് കപ്പ് സെമിയിൽ ടോട്ടനത്തിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെൽസി. എഫ് എ കപ്പിൽ സ്വിന്റൺ ടൗൺ എഫ്സിയെ നിലംപരിശാക്കിയാണ് സിറ്റിയുടെ വരവ്. മറ്റൊരു പ്രധാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും. ലീഗിലെ അവസാന മത്സരത്തിൽ വൂൾവ്സിനോട് തോറ്റത് യുണൈറ്റഡിന് ക്ഷീണമായിട്ടുണ്ട്.
പത്തൊൻപത് മത്സരങ്ങളിൽ നിന്നും 31 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്താണ്. പ്രതീക്ഷയ്ക്കൊത്ത് ടീമിനെ കളിപ്പിക്കുന്നില്ലെന്നെന്ന ആക്ഷേപം യുണൈറ്റഡ് പരിശീലകനെതിരെ ഉയരുന്നുണ്ട്. അതിനാൽ തന്നെ റാഗ്നിക്കിനും മത്സരം നിർണായകമാണ്.