തരംതാഴ്ത്തല്‍ ഭീഷണിയിലാണോ ചെല്‍സി??
|ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച് ചെൽസി
ഈ സീസണിൽ വളരെ മോശം ഫോമിലൂടെയാണ് ചെൽസി കടന്നു പോകുന്നത്. ഇന്നലെ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനോടു തോറ്റതോടു കൂടി ടീമിന് ഈ സീസണിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പ്രീമിയർ ലീഗിൽ കിരീട പോരാട്ടങ്ങളിൽ നിന്ന് എന്നോ പുറത്തായ ടീം 31- മത്സരങ്ങളിൽ നിന്ന് 39- പോയിന്റുമായി 11-ാം സ്ഥാനത്താണ്.
അബ്രമോവിച്ചിന്റെ പടിയിറക്കം
ക്ലബ്ബിന്റെ മുൻ ഉടമയായ റോമൻ അബ്രമോവിച്ചിന്റെ പടിയിറക്കം ടീമിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അബ്രമോവിച്ചിന്റെ 19- വർഷ കാലം ക്ലബ്ബ് കിരീടങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ 2022-ൽ ഉടമകൾ മാറിയ ശേഷം വൻ വിജയങ്ങൾ നേടാൻ ചെൽസിക്കായിട്ടില്ല. പ്രീമിയർ ലീഗിലെ ചെൽസിയുടെ പന്ത്രാണ്ടമത്തെ തോൽവിക്ക് ശേഷം ആരാധകർ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചത് സഹ-ഉടമയായ ടോഡ് ബോഹ്‌ലിക്കു നേരെയാണ്. ക്ലബ്ബിന്റെ മുന്നോട്ടുളള പദ്ധതികളിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉടമകൾക്കായിട്ടില്ല.
ക്ലബ്ബിന്റെ നിലവാര തകർച്ച
ക്ലബ്ബിന്റെ ഇപ്പോഴത്തെ നിലവാര തകർച്ചയെ പറ്റി ചെൽസിയുടെ ഇതിഹാസ താരം ദിദിയർ ദ്രോഗ്ബ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. അബ്രമോവിച്ച് കാലഘട്ടത്തിൽ എനിക്ക് ഈ ക്ലബ്ബ് ഒരു നിശ്ചിത നിലവാരമുളള ടീമുകളുടെ കൂട്ടത്തിലായിരുന്നു. എന്നാൽ ഇന്ന് ഞാൻ അതിന്റെ കുറവു കാണുന്നു. ചില ആളുകളെ അവർ എങ്ങനെ ഒഴിവാക്കിയെന്ന് കാണാൻ വളരെ ബുദ്ധിമുട്ടാണ്. അവർക്കുണ്ടായിരുന്ന തത്വങ്ങളിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചുപോകണം, ദ്രോഗ്ബ പറഞ്ഞു. അബ്രമോവിച്ചിന്റെ വിടവാങ്ങലിന് ശേഷം ചെൽസി ഒരു പുതിയ ദിശയിലേക്ക് പോയി, ബ്രൂസ് ബക്ക്, മറീന ഗ്രാനോവ്സ്കിയ, പീറ്റർ ചെക്ക് എന്നിവരും മറ്റ് സ്വാധീനമുള്ള വ്യക്തികളും കഴിഞ്ഞ വേനൽക്കാലത്ത് ക്ലബ് വിട്ടു. എന്നാൽ ഈ മാസം താൽകാലിക ചുമതല ഏറ്റെടുത്ത ലാംപാർഡ്, ദ്രോഗ്ബയുടെ പരാമർശങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
പരിശീലകരുടെ പടിയിറക്കം
ഈ സീസണിൽ ചെൽസി നിയമിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് ഫ്രാങ്ക് ലമ്പാർഡ്. ഈ മാസത്തിന്റെ തുടക്കത്തിൽ ഗ്രഹാം പോട്ടറെ പുറത്താക്കിയാണ് ചെൽസി മുമ്പ് ടീമിന്റെ പരിശീലകനും താരവുമായിരുന്ന ലാംപാർഡിനെ ഇടക്കാല മാനേജരായി നിയമിച്ചിരുക്കുന്നത്. ലാംപാർഡിനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടു വരുമ്പോൾ പോട്ടറെ എന്തിന് പുറത്താക്കിയെന്നും ചെൽസി വ്യക്തമാക്കണം. ആരാധകരുടെ അതൃപ്തിക്കിടയിലും സീസണിന്റെ അവസാന ആഴ്‌ചകളിൽ ചെൽസിയുടെ ഫോം മാറ്റാൻ തീർച്ചയായും പോട്ടർക്ക് കഴിയുമായിരുന്നു. അതിന്റെ സൂചനകൾ ചില മത്സരങ്ങളിൽ കണ്ടിരുന്നു. പ്രീമിയർ ലീഗിൽ തിരിച്ചടികൾ നേരിട്ടെങ്കിലും ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കാനും പോട്ടറിനു കഴിഞ്ഞിരുന്നു.
2021-ൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് വിജയിപ്പിച്ച തോമസ്‍ ടുഷേലായിരുന്നു ഈ സീസൺ തുടക്കത്തിൽ ടീമിന്റെ പരിശീലകനായി ഉണ്ടായിരുന്നത്. എന്നാൽ ലീഗിൽ ചെറിയ തിരിച്ചടികൾ നേരിട്ടപ്പോൾ തന്നെ രണ്ടാമത് ഒരു അവസരം നൽകാതെ ടുഷേലിനെ ടീം പുറത്താക്കി. ടുഷേലിനെ പുറത്താക്കാൻ ടീം ധൃതി കാട്ടിയില്ലാരുന്നെങ്കിൽ ഇപ്പോൾ ഈ തിരിച്ചടികൾ ക്ലബ്ബ് അഭിമുഖീകരിക്കേണ്ടി വരില്ലെന്നാണ് ആരാധകരുടെ പക്ഷം.
BREAKING: Chelsea sack head coach Graham Potter. #K24Michezo pic.twitter.com/YdLdOS0HeY
— K24 TV (@K24Tv) April 2, 2023
പണം മുതലായിട്ടില്ല
ജനുവരിയിൽ പുതിയ കളിക്കാർക്കായി 300 മില്യൺ (2500 കോടി) ചെലവഴിച്ചിട്ടും, ചെൽസി ഇപ്പോഴും പ്രീമിയർ ലീഗിൽ അവരുടെ എക്കാലത്തെയും മോശം സീസണിൽ തുടരുകയാണ്. ജനുവരിയിൽ വന്ന ജാവോ ഫെലിക്സ്, എൻസോ ഫെർണാണ്ടസ്, മിഖായിലോ മുദ്രിക് തുടങ്ങിയ താരങ്ങൾക്കൊന്നും ചെൽസിയെ പ്രതിസദ്ധിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ലാംപാർഡിന് അവരുടെ പ്രശ്നത്തെ വേഗത്തിൽ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, ചെൽസിയെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളാണ്.
തരംതാഴ്ത്തപ്പെടുമോ??
18-ാം സ്ഥാനത്തുളള നോട്ടിംഗ്ഹാം ഫോറസ്റ്റിന് നിലവിൽ 27- പോയിന്റാണുളളത്, 11-ാം സ്ഥാനത്തുളള ചെൽസിയേക്കാൾ 12- പോയിന്റ് മാത്രം പിറകിൽ. പത്തൊമ്പാതമുളള ലെസ്റ്റർ സിറ്റിക്ക് 25- പോയിന്റും അവസാന സ്ഥാനത്തുളള സതാംപ്ടണിന് 23- പോയിന്റുമുണ്ട്. കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം. അടുത്ത മത്സരങ്ങളിലും കാര്യമായ ചലനം പോയിന്റ് ടേബിളിൽ സൃഷ്ടിക്കാനായില്ലെങ്കിൽ ചെൽസി ഇത്തവണ പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടേക്കും. ചെൽസി അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോറ്റ് 18-ാം സ്ഥാനത്തോ അതിൽ താഴെയോ ഫിനിഷ് ചെയ്‌താൽ അത് അതിശയകരമാകും. കാരണം ഇതിനു മുമ്പ് 39 പോയിന്റിൽ എത്തിയതിന് ശേഷം തരംതാഴ്ത്തപ്പെട്ടത് 2010-11 ലെ ബിർമിംഗ്ഹാം സിറ്റി മാത്രമാണ്.
ലാംപാർഡിന് പെട്ടെന്ന് തന്നെ കാര്യങ്ങൾ ശരിയാക്കാനായില്ലെങ്കിൽ വമ്പിച്ച ആരാധക കൂട്ടത്തിന്റെ കരച്ചിലായിരിക്കും ഈ സീസണു ശേഷം ഫുട്ബോൾ ലോകം കേൾക്കാൻ പോകുന്നത്.