Football
ഉടമകൾക്കും താരങ്ങൾക്കും മതിയായി; ഹെഡ് കോച്ച് തോമസ് ടുക്കലിനെ ചെൽസി പുറത്താക്കി
Football

ഉടമകൾക്കും താരങ്ങൾക്കും മതിയായി; ഹെഡ് കോച്ച് തോമസ് ടുക്കലിനെ ചെൽസി പുറത്താക്കി

Sports Desk
|
7 Sep 2022 10:04 AM GMT

ജർമനിയിൽ നിന്നുള്ള 49കാരനായ തോമസ് 2021 ജനുവരിയിലാണ് ചെൽസിയിലെത്തിയത്

ഹെഡ് കോച്ച് തോമസ് ടുക്കലിനെ ചെൽസി പുറത്താക്കി. പുതിയ ഉടമകൾ ക്ലബ് ഏറ്റെടുത്ത് മൂന്നു മാസത്തിന് ശേഷമാണ് നടപടി. ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ്‌ലീഗിൽ ടുക്കലിന്റെ കീഴിൽ കളിച്ച നൂറാം മത്സരത്തിൽ ടീം പരാജയപ്പെട്ടിരുന്നു. ഡൈനാമോ സാഗ്രബിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തോറ്റത്.

ജർമനിയിൽ നിന്നുള്ള 49കാരനായ തോമസ് 2021 ജനുവരിയിലാണ് ചെൽസിയിലെത്തിയത്. ക്ലബിലെ ആദ്യ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗ് നേടിയാണ് അദ്ദേഹം വരവറിയിച്ചത്. 2021-22 കാലയളവിൽ എഫ്.എ കപ്പിലും കരബാവേ കപ്പിലും ഫൈനലിലെത്തിയ ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ പണം ചെലവിട്ട് വെസ്‌ലിം ഫോഫാന, ഔബമേയാങ്, റഹീം സ്‌റ്റെർലിങ് എന്നിവരെ ചെൽസി ടീമിലെത്തിച്ചിരുന്നു. നിലവിൽ പ്രീമിയർ ലീഗിൽ ആറാമതാണ് ടീം.

ടുക്കലിന് പകരം ഗ്രഹാം പോട്ടർ ചെൽസിയെ പരിശീലിപ്പിക്കാനെത്തുമെന്നാണ് വാർത്തകൾ. പാരിസ് സെയ്ൻറ് ജർമെയിനിൽ നിന്ന് പുറത്താക്കപ്പെട്ട മൗറീഷിയോ പോച്ചറ്റീനോയെയും ചെൽസി നോട്ടമിട്ടിട്ടുണ്ട്. പോട്ടർ ബ്രൈട്ടണിലെ മൂന്നു വർഷം കാഴ്ച വെച്ച മികവാണ് ചെൽസി ഉടമ ടോഡ് ബോഹ്‌ലിയെ ആകർഷിച്ചത്. 2025 വരെ ബ്രൈട്ടണുമായി കരാറുള്ള പോട്ടറെ കൊണ്ടുവരണമെങ്കിൽ ചെൽസി നഷ്ടപരിഹാരം നൽകേണ്ടി വരും.

ഹെഡ്‌കോച്ചിനെ പുറത്താക്കുന്ന വിവരം ചെൽസി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലബിനായി തോമസ് ടുക്കലും അനുബന്ധ സ്റ്റാഫുകളും ചെയ്ത സേവനത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിൽ ടീം ചാമ്പ്യൻസ് ലീഗ്, സുപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവ നേടിയതിലൂടെ ചെൽസി ചരിത്രത്തിൽ ടുക്കലിന് ഇടമുണ്ടായിരിക്കുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

പുതിയ ഉടമസ്ഥർ നൂറു ദിവസം തികച്ചതോടെ ക്ലബിനെ കൂടുതൽ മികച്ചതാക്കനുള്ള പരിശ്രമത്തിലാണെന്നും ഈ മാറ്റത്തിന് സമയമായെന്ന് അവർ കരുതുന്നതായും കുറിപ്പിൽ പറഞ്ഞു. പുതിയ ഹെഡ് കോച്ച് വരുന്നത് വരെ കോച്ചിംഗ് സ്റ്റാഫ് ടീമിന്റെ ചുമതല വഹിക്കുമെന്നും പുതിയ നിയമനം വരെ മറ്റു വിവരങ്ങളൊന്നും നൽകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Chelsea have sacked head coach Thomas Tuckle

Similar Posts