ദിദിയർ ദ്രോഗ്ബ; ആഫ്രിക്കയിൽ നിന്നെത്തി ഇംഗ്ലണ്ട് ഭരിച്ച ഇതിഹാസ സ്ട്രൈക്കർ
|ചാമ്പ്യൻസ് ലീഗിന് പുറമെ നാല് വീതം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവയെല്ലാം ചെൽസിക്കൊപ്പം ദ്രോഗ്ബ സ്വന്തമാക്കി.
''സ്ട്രൈക്കറായി ആരെ സൈൻ ചെയ്യണം''... 2004ൽ ചെൽസി പരിശീലക ചുമതലയേറ്റെടുത്ത ശേഷം ജോസെ മൗറീഞ്ഞോക്ക് മുന്നിൽ ക്ലബ് ഉടമ റോമൻ അബ്രമോവിച് അന്നത്തെ ടോപ് ക്ലാസ് യൂറോപ്യൻ സ്ട്രൈക്കർമാരുടെ പേരുകൾ ഓരോന്നായി നിരത്തി. എന്നാൽ പോർച്ചുഗീസ് പരിശീലകൻ ആ പേരുകളെല്ലാം നിഷ്‌കരുണം വെട്ടി. പകരം റോമന് മുന്നിലേക്ക് സർപ്രൈസ് പേരാണ് മുന്നോട്ട് വെച്ചത്. ദിദിയർ ദ്രോഗ്ബ.. 'ആരാണ് അയാൾ'. ഏതു ലീഗിലാണ് അയാൾ കളിക്കുന്നത്. സംശയദൃഷ്ടിയോടെ ക്ലബ് ഉടമ ചോദിച്ചു. മിസ്റ്റർ അബ്രമോവിച്. ചോദ്യങ്ങൾ നിർത്തൂ... നിങ്ങൾ ദ്രോഗ്ബയെ എത്തിക്കൂ. മൗറീഞ്ഞോയുടെ മറുപടി കൃത്യമായിരുന്നു. പിൽകാലത്ത് ചെൽസിയുടേയും ദ്രോഗ്ബയുടേയും കരിയർ മാറ്റിമറിച്ച സൈനിംഗായിരുന്നു അത്.
വിരമിച്ച് വർഷങ്ങൾക്കിപ്പുറവും ഒരു കളിക്കാരൻ ആരാധക ഹൃദയത്തിൽ മായാതെനിൽക്കുന്നുണ്ടെങ്കിൽ, മെതാനത്ത് അയാൾ തീർത്ത മാന്ത്രികതയൊന്നുമാത്രമായിരിക്കും കാരണം. ദ്രോഗ്ബക്ക് ശേഷവും ചെൽസിയിൽ ലോകോത്തര സ്ട്രൈക്കർമാർ വന്നിട്ടുണ്ട്. ഗോളടിച്ചിട്ടുമുണ്ട്. എന്നാൽ ഐവറികോസ്റ്റുകാരൻ തീർത്ത അവിസ്മരണീയ നമിഷങ്ങൾ റീ ക്രിയേറ്റ് ചെയ്യാൻ മറ്റാർക്കുമായില്ല. ''ദ്രോഗ്ബക്ക് തുല്യം ദ്രോഗ്ബ മാത്രം. മറ്റൊരാളെ ചിന്തിക്കാനാവില്ല. നിർണായക മത്സരങ്ങളിൽ അയാൾ നടത്തുന്ന പ്രകടനം മാത്രം മതി പ്രതിഭ അടയാളപ്പെടുത്താൻ. സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങിയാലും അയാളുണ്ടെങ്കിൽ എതിരാളികളുടെ മൈതാനത്ത്പോയി വിജയം പിടിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ടാകും'' ജോസെ മൗറീഞ്ഞോ മുൻപൊരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു
ഫ്രഞ്ച് ക്ലബ് മാർസെയിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തി ആദ്യ സീസണിൽ തന്നെ 16 ഗോളുമായി വരവ് ഗംഭീരമാക്കി ദ്രോഗ്ബ. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചെൽസിയെ പ്രീമിയർലീഗ് കിരീടനേട്ടത്തിലെത്തിക്കുന്നതിലും നിർണായക റോൾ. അമ്പരപ്പിക്കുന്ന കളിമികവിൽ ആ 26 കാരൻ പതുക്കെ ആരാധക ഹൃദയത്തിലേക്ക് ചേക്കേറി. ദ്രോഗ്ബെയുണ്ടെങ്കിൽ വിജയമുണ്ട്... എന്ന തിയറിയിലേക്ക് ചെൽസി ഫുട്ബോൾ പതിയെ മാറി. ചാമ്പ്യൻസ് ലീഗ്, കമ്യൂണിറ്റി ഷീൽഡ്, എഫ്.എ കപ്പ് കിരീടങ്ങൾ ഓരോന്നായി സ്റ്റാംഫോർഡ് ബ്രിഡ്ജ് ഷെൽഫിലെത്തിതുടങ്ങി. ഓൾഡ് ട്രാഫോർഡിലും ആൻഫീൽഡിലും എമിറേറ്റ്സിലുമെല്ലാം ഐവറി താരത്തിന്റെ മാസ്മരിക പ്രകടനം. നിർണായക മത്സരങ്ങളിൽ ഗോൾനേടി ടീമിന്റെ രക്ഷകനായി അവതരിക്കുന്ന ക്ലിനിക്കൽ സ്ട്രൈക്കർ. ബ്ലൂസ് ആരാധകരെ ഈ ആഫ്രിക്കൻ താരത്തിലേക്ക് ആകർഷിച്ചതും ഈയൊരു ഫിനിഷിങ് പാടവം തന്നെയായിരുന്നു. ഒന്നെങ്കിൽ സെറ്റ്പീസിലൂടെ അല്ലെങ്കിൽ ബുള്ളറ്റ് ഹെഡ്ഡർ, അതുമല്ലെങ്കിൽ ലോങ്റേഞ്ചർ... അർധാവസരങ്ങൽ പോലും ഗോളിലേക്ക് തിരിച്ചുവിടാനുള്ള അസാമാന്യകഴിവ്. എല്ലാ ക്വാളിറ്റിയുള്ള അപൂർവ്വ സ്ട്രൈക്കർ അതായിരുന്നു ദ്രോഗ്ബ.
2012 മെയ് 20. ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിൽ ചെൽസിയും ബയേൺ മ്യൂണികും നേർക്കുനേർ. ആര്യൻ റോബനും തോമസ് മുള്ളറും ഫ്രാങ്ക് റിബറിയും ടോണി ക്രൂസുമെല്ലാം അണിനിരന്ന കരുത്തരുടെ ബയേൺ. കലാശപോരാട്ടത്തിന് വേദിയായത് മ്യൂണികിലെ അലീൻസ് അരീനയും. ജോൺ ടെറിയില്ലാതെ ചെൽസി ഇറങ്ങുന്നു. സ്ട്രൈക്കറായി ദ്രോഗ്ബ. മധ്യനിരയിൽ ഫ്രാങ്ക് ലംബാർഡും സാലമോൻ കലവും ജുവാൻ മാട്ടയും. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ. രണ്ടാം പകുതിയിൽ ചെൽസിയും ബയേണും ആക്രമിച്ചുകളിച്ചെങ്കിലും ഗോൾവല ഭേദിക്കാനായില്ല. ഒടുവിൽ മത്സരം അവസാന പത്തുമിനിറ്റിലേക്ക് ചുരുങ്ങി. 83ാം മിനിറ്റിൽ കളിയുടെ ഗതിമാറ്റിയ തോമസ് മുള്ളറിന്റെ ഗോളെത്തി. ഇടതുവിങിൽ ബോക്സിന് പുറത്തുനിന്ന് വന്ന ക്രോസിൽ കൃത്യമായി ഹെഡ്ഡ് ചെയ്ത് ബയേൺതാരം നിർണാക ലീഡെഡുത്തു. ചെൽസി ഗോൾകീപ്പർ പീറ്റർ ചെക്കിനെ മറികടന്ന് പന്ത് വലയിൽ. ചുവപ്പ് പുതച്ച അലീയൻസ് അരീനയിൽ ആരവങ്ങൾ പാരമ്യത്തിൽ. ആരാധകർ വിജയാഘോഷത്തിലേക്ക് കടന്നു. ഇനി ശേഷിക്കുന്നത് നിർണായക എട്ട് മിനിറ്റ്.
എന്നാൽ 11ാം നമ്പർ ജഴ്സിയണിഞ്ഞ അയാൾ കളത്തിലുണ്ടെന്ന കാര്യം ജർമൻ ആരാധകർ ഒരു നിമിഷം മറന്നു. 88ാം മിനിറ്റിൽ ചെൽസിക്ക് അനുകൂലമായ കോർണർ. ബോക്സിലേക്കെത്തിയ ആ കോർണറിൽ ഉയർന്നുചാടി വെടിച്ചില്ല് പോലൊരു ഹെഡ്ഡർ ബയേൺ പോസ്റ്റിലേക്ക് ഇതിതീ പോലെയെത്തി. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ബയേൺ പ്രതിരോധതാരങ്ങൾ മുഖത്തോട് മുഖം നോക്കി. മാനുവൽ ന്യൂയറിന്റെ പൊസിഷൻ കറക്ടായിരുന്നെങ്കിലും ആ ഹെഡ്ഡറിന്റെ പവറിൽ ജർമൻ ഗോൾകീപ്പർ നിസഹായനായി. രണ്ട് മിനിറ്റ് ശേഷിക്കെ ചെൽസിക്ക് ജീവൻ ലഭിച്ച നിമിഷം. എക്സ്ട്രാ ടൈമിലും 1-1 അവസാനിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.
ജുവാൻ മാത്തയുടെ ആദ്യ കിക്ക് തട്ടിയിട്ട് മാനുവൽ ന്യൂയർ ബയേണിന് വീണ്ടും പ്രതീക്ഷ നൽകി. നീലപ്പടയുടെ ആരാധകരിൽ മൂകത പടർന്നു. എന്നാൽ ബയേൺ താരം ഒലികിന്റെ നിർണാകയമായ നാലാം കിക്ക് തടുത്തിട്ട് ചെൽസി ഗോൾകീപ്പർ പീറ്റർ ചെക്ക് കളിവീണ്ടും ആവേശത്തിലേക്കെത്തിച്ചു. ചെൽസി ഗ്യാലറിയിൽ ആരവങ്ങൾ തിരിച്ചെത്തി. അഞ്ചാം കിക്കെടുത്ത ബയേണിന്റെ ഷെൻസ്റ്റേഗറിന് പിഴച്ചു. പോസ്റ്റിൽ തട്ടി പുറത്ത്. ജർമൻ മണ്ണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇതോടെ വമ്പൻ ട്വിസ്റ്റ്. അവസാന കിക്കെടുക്കാൻ നടന്നടുക്കുന്നത് സാക്ഷാൽ ദിദിയർ ദ്രോഗ്ബെ. ഏതുവിധേനെയും തട്ടിയിടുമെന്ന ആത്മവിശ്വാസത്തിൽ ബോക്സിന് മുന്നിൽ ലോകത്തിലെ മികച്ച ഗോൾകീപ്പറും. ദ്രോഗ്ബെയുടെ വലംകാലനടി പോസ്റ്റിന്റെ വലത് മൂലയിൽ വിശ്രമിച്ചു. ക്യാമറകണ്ണുകൾ അയാളിലേക്ക് തിരിഞ്ഞു. വികാരഭരിതനായി സഹാതാരങ്ങൾക്കൊപ്പം വിജയമാഘോഷിക്കുന്ന ദ്രോഗ്ബെ. അതെ ബ്ലൂസിനൊപ്പം ഇത്രയധികം ഇംപാക്ട് ഉണ്ടാക്കിയ താരത്തിന് ആ ട്രോഫിയില്ലാതെയൊരു മടക്കം സങ്കൽപ്പിക്കാവില്ലായിരുന്നു. അർഹതക്കുള്ള അംഗീകാരം അതായിരുന്നു ആ ചാമ്പ്യൻസ് ലീഗ് ടൈറ്റിൽ
ജോസെ മൗറീഞ്ഞ്യോയുടെ കണ്ടെത്തലാണെങ്കിലും ദ്രോഗ്ബ ചെൽസിയിൽ മറ്റു മാനേജർമാർക്കൊപ്പവും തിളക്കംനഷ്ടമാകാതെ നിലകൊണ്ടു. 2009-10 സീസണിൽ കാർലോ അൻസലോട്ടിക്ക് കീഴിൽ ചരിത്രത്തിലാദ്യമായി ചെൽസി പ്രീമിയർലീഗും എഫ്എകപ്പും ഒരുമിച്ച് നേടുമ്പോൾ ചാലകശക്തിയായത് ഈ ഐവറികോസ്റ്റുകാരനായിരുന്നു. വിവിധ മത്സരങ്ങളിലായി ആ സീസണിൽ അടിച്ചുകൂട്ടിയത് 37 ഗോളുകളായിരുന്നു. ചാമ്പ്യൻസ് ലീഗ്, നാല് പ്രീമിയർലീഗ് കിരീടം, നാല് എഫ്എ കപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവയെല്ലാം ചെൽസിക്കൊപ്പം സ്വന്തമാക്കി. രണ്ട് തവണ പ്രീമിയർലീഗ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം നേടിയ താരം പ്ലെയർഓഫ്ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടു.
എട്ട് വർഷത്തെ ചെൽസി കരിയറിൽ എല്ലാ ചാമ്പ്യൻഷിപ്പിലുമായി 341 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ദ്രോഗ്ബ 157 ഗോളുകളും സ്‌കോർ ചെയ്തു. ക്ലബിന്റെ എക്കാലത്തേയും ഗോൾ വേട്ടക്കാരിൽ നാലാംസ്ഥാനത്ത്. 2004 ൽ ഒന്നുമില്ലാതെയെത്തി എട്ടുവർഷങ്ങൾക്കിപ്പുറം എല്ലാം നേടിയുള്ള മടക്കം. ചാമ്പ്യൻസ് ലീഗ് നേട്ടത്തിലൂടെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിന്ന് മടങ്ങിയ താരം ചെനീസ് ക്ലബ് ഷെൻഹ്വയിലും പിന്നീട് തുർക്കി ക്ലബ് ഗലറ്റാസറെയിലും പന്തുതട്ടി. മൗറീഞ്ഞോ ചെൽസിയിലേക്ക് കംബാക്ക് നടത്തിയതോടെ കരിയറിലെ അവസാനസമയത്ത് ദ്രോഗ്ബ സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ പടി ഒരിക്കൽകൂടി ചവിട്ടി. പ്രീമിയർലീഗ് കിരീട നേട്ടത്തിലൂടെ ആ സംഭവബഹുലമായ ചെൽസി ജീവിതത്തിന് ശുഭ പര്യവസാനം. മൂന്ന് കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഐവറികോസ്റ്റ് എന്ന രാജ്യവും ദ്രോഗ്ബെയുടെ ചിറകിലേറിയാണ് ഫുട്ബോളിൽ കുതിച്ചത്. 2006,2010,2014 വർഷങ്ങളിൽ ലോകകപ്പ് യോഗ്യത നേടിയതിൽ താരത്തിന്റെ പങ്ക് നിർണായകമായിരുന്നു.