കോടികൾ പൊട്ടിച്ച് ക്ലബുകൾ; ഫുട്ബോൾ ലോകത്ത് നടന്നത് വമ്പൻ കൂടുമാറ്റങ്ങൾ
|ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ ലോണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് കൂടുമാറ്റം നടത്തി
ശൈത്യകാല ട്രാൻസ്ഫർ ജാലകം 'പൂട്ടുമ്പോൾ' ഫുട്ബോൾ ലോകത്ത് നടന്നത് വമ്പൻ കൂടുമാറ്റങ്ങൾ. കോടിക്കണക്കിന് രൂപയാണ് ക്ലബുകളെല്ലാം താരങ്ങളെ സ്വന്തമാക്കാനായി ചെലവഴിച്ചത്. ഏതൊക്കെ താരങ്ങളെയാണ് ക്ലബുകൾ ശൈത്യകാല ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയതെന്ന് പരിശോധിക്കാം.
ട്രാൻസ്ഫർ ജാലത്തിന്റെ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സ്വന്തമാക്കിയത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയും ഇതാണ്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)
മറ്റൊരു പ്രധാന കൈമാറ്റം ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറിയതാണ്. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ ലോണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി.
ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് നോട്ടിൻഹാമിലേക്ക് ലോണിലെത്തി.
ലോക ഫുട്ബോളിലെ തന്നെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ ബയേണിലെത്തി. തോർഗൻ ഹസാർഡ് ലോണിൽ പിഎസ്വിയിലെത്തി. മൊറോക്കോയുടെ സൂപ്പർതാരം ഹക്കീം സിയേഷ് ലോണിൽ ചെൽസിയിൽ നിന്ന് പിഎസ്ജിയിലെത്തി.