പാൽമെർ ഗോളിൽ ചെൽസി വിജയം; പത്തിൽ നിന്ന് എട്ടിലേക്ക്
|ഫുൾഹാമിനോട് ഇതുവരെ സ്വന്തംതട്ടകത്തിൽ പരാജയപ്പെട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും ചെൽസിക്കായി.
ലണ്ടൻ: ദിവസങ്ങൾക്ക് മുൻപ് കരബാവോ കപ്പിൽ മിഡിൽസ് ബ്രോയോടേറ്റ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഇറങ്ങിയ ചെൽസിക്ക് ആശ്വാസം. സ്വന്തംതട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത ഒരുഗോളിന് ഫുൾഹാമിനെ കീഴടക്കി. ആദ്യ പകുതിയിൽ കോൾ പാൽമെറിലൂടെയാണ് (45+4) നീലപട വിജയം കുറിച്ചത്. ഇതോടെ പോയന്റ് ടേബിളിൽ മുൻ ചാമ്പ്യൻമാർ പത്താം സ്ഥാനത്തുനിന്ന് എട്ടിലേക്ക് മുന്നേറി.
കളിയുടെ തുടക്കം മുതൽ മുന്നേറി കളിച്ച ആതിഥേയർക്ക് ഫിനിഷിങിലെ പോരായ്മകൾ പലപ്പോഴും തിരിച്ചടിയായി. അർമാൻഡോ ബ്രോജയെ സ്ട്രൈക്കറാക്കി 4-2-3-1 ഫോർമേഷനിലാണ് ചെൽസി ഇറങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ മത്സരത്തിലെ ആദ്യഗോൾനേടി. റഹിം സ്റ്റിർലിങിനെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി പാൽമെർ അനായാസം വലയിലാക്കി. ഇതോടെ ഫുൾഹാമിനോട് ഇതുവരെ സ്വന്തംതട്ടകത്തിൽ പരാജയപ്പെട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും ചെൽസിക്കായി.
നിലവിൽ പോയന്റ് ടേബിളിൽ 20 മാച്ചിൽ 45 പോയന്റുമായി ലിവർപൂളാണ് ഒന്നാമത്. 42 പോയന്റുള്ള ആസ്റ്റൺവില്ല രണ്ടാമതും മാഞ്ചസ്റ്റർ സിറ്റി(40)മൂന്നാമതുമാണ്. പരിക്കേറ്റ് കളത്തിന് പുറത്താണെങ്കിലും 14 ഗോളുമായി സിറ്റിയുടെ എർലിങ് ഹാളണ്ടാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ.