ഇഞ്ചുറി ടൈമിൽ വിജയം പിടിച്ച് ചെൽസി; എഫ് എ കപ്പ് സെമിയിൽ
|ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി അവസരം റഹിം സ്റ്റെർലിങ് നഷ്ടപ്പെടുത്തി
ലണ്ടൻ: ഇഞ്ചുറിസമയ ഗോളിൽ ലെസ്റ്റർ സിറ്റിയെ കീഴടക്കി ചെൽസി എഫ്എ കപ്പ് സെമിയിൽ. അത്യന്തം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സ്വന്തം തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ നീലപട വിജയ കൊടിപാറിച്ചത്. പരക്കാരനായി ഇറങ്ങിയ കാർണി ചുകുവെമെക 90+2 മിനിറ്റിൽ വിജയ ഗോൾ നേടി. നികോളാസ് ജാക്സനെ ഫൗൾചെയ്തതിന് കല്ലും ഡോയിൽ 73ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അവസാന ക്വാർട്ടറിൽ പത്തുപേരുമായാണ് ലെസ്റ്റർ കളിച്ചത്.
13ാം മിനിറ്റിൽ മാർക് കുകുറേലയിലൂടെ ആതിഥേയർ മുന്നിലെത്തി. നികോളാസ് ജാക്സന്റെ പാസ് സ്പാനിഷ് താരം അനായാസം വലയിലേക്ക് തട്ടിയിട്ടു. മികച്ച പാസിംഗ് ഗെയിമിനൊടുവിൽ 45+1 മിനിറ്റിൽ മുൻ ചാമ്പ്യൻമാർ രണ്ടാമതും വലകുലുക്കി. റഹിം സ്റ്റെർലിങ് നൽകിയ പാസ് സ്വീകരിച്ച് കോൾ പാൽമറിന്റെ മികച്ച ഫിനിഷ്. 26ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റഹിം സ്റ്റെർലിങ് നഷ്ടപ്പെടുത്തി.
ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ ലെസ്റ്റർ രണ്ടാം പകുതിയിൽ ശക്തമായി കളിയിലേക്ക് തിരിച്ചുവന്നു. 51ാം മിനിറ്റിൽ ചെൽസി പ്രതിരോധ താരം അക്സൽ ഡിസാസിയുടെ പിഴവിൽ നിന്നാണ് ആദ്യ ഗോൾ മടക്കിയത്. 62ാം മിനിറ്റിൽ സ്റ്റെഫി മാവിഡിഡിയിലൂടെ സമനില പിടിച്ചു(2-2). അവസാന മിനിറ്റുകളിൽ വിജയഗോളിനായി ചെൽസി ലെസ്റ്റർ ബോക്സിലേക്ക് നിരന്തര ആക്രമണം നടത്തിയെങ്കിലും പത്തുപേരുമായി പ്രതിരോധിച്ചുനിർത്തി.
ഒടുവിൽ ഇഞ്ചുറി സമയത്ത് മുൻ ചാമ്പ്യൻമാർ എതിർ പ്രതിരോധം ഭേദിച്ചു. ബോക്സിനുള്ളിൽ നിന്ന് പാൽമർ നൽകിയ ബാക്ഹീൽ കൃത്യമായി സ്വീകരിച്ച ചുകുമെക പോസ്റ്റിന്റെ വലതുമൂലയിലേക്ക് തഴുകിയിട്ടു. അന്തിമ വിസിലിന് തൊട്ടു മുൻപ് നോനി മഡുവേകയുടെ വ്യക്തിഗത മികവിൽ നാലാം ഗോൾനേടി ആതിഥേയർ പട്ടിക പൂർത്തിയാക്കി. രണ്ട് ലെസ്റ്റർ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയ ഇംഗ്ലീഷ് താരത്തിന്റെ കിടിലൻ ഷോട്ട് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി വലയിൽകയറി.