ചെൽസിയുടെ സർക്കസ് തുടരുന്നു! ഫ്രാങ്ക് ലാംപാർഡിന്റെ തിരിച്ചുവരവ് ഉയർത്തുന്ന ചോദ്യങ്ങൾ?
|ലാംപാർഡിനെ നിയമിച്ചത് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്
മുൻ ചെൽസി പരിശീലകൻ ഇടക്കാല ഇടക്കാലയളവിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ഒരു ആവേശകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എന്നാൽ ഈ നീക്കം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ നൽകുന്നു. 2019 നും 2021 നും ഇടയിൽ മാനേജരായി പരാജയപ്പെട്ട ക്ലബിന്റെ പ്രിയപ്പെട്ട കളിക്കാരന്റെ തിരിച്ചുവരവ് ഇപ്പോൾ എന്തിനാണ്?
അതൃപ്തരായ ആരാധകവൃന്ദത്തെ കൂടെ നിർത്താൻ
പോട്ടറുടെ പരിശീലനത്തിന്റെ അവസാന നാളുകളിൽ ചെൽസിയുടെ മോശം ഫോമിനോട് ആരാധകർ ശബ്ദമുയർത്തി പ്രതികരിച്ചതിൽ ഉടമകളായ ബോഹ്‌ലിയും, എഗ്ബാലിയും അസ്വസ്ഥരാണ്. ഈ ഘട്ടത്തിൽലാംപാർഡിനെ നിയമിച്ചത് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ക്ലബ് ഇതിഹാസത്തെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കാണാൻ ആഗ്രഹിക്കാത്ത ചെൽസി ആരാധകർ വളരെ കുറവാണ്. മുഖ്യ പരിശീലകനാക്കാൻ ഉദ്ദേശമില്ലെങ്കിലും ആരാധകരുടെ രോഷത്തെ താത്കാലികമായെങ്കിലും അടക്കി നിർത്താൻ ഈ നിയമനം കാരണമാകും.
വലിയ പേരുകൾ ലഭ്യമായിട്ടും?
ഒരു സ്ഥിരം മാനേജരെ ഉടനടി നിയമിക്കേണ്ടതില്ലെന്ന തീരുമാനം പ്രത്യേകിച്ച് അത്തരം മികച്ച സ്ഥാനാർത്ഥികൾ ലഭ്യമായിട്ടും എടുത്തത് അത്യന്തം സംശയാസ്പദമാണ്. ജൂലിയൻ നാഗെൽസ്മാനും ലൂയിസ് എൻറിക്വെയുമാണ് ഈ ഘട്ടത്തിൽ പരിഗണിച്ച പ്രധാന പേരുകൾ. അവർ നിലവിൽ ജോലിയില്ലാത്ത എലൈറ്റ് മാനേജർമാരാണ്, അതിനാൽ പെട്ടെന്ന് തന്നെ അവർക്ക് ടീമിനോടൊപ്പം ചേരാം. അടുത്തയാഴ്ച്ച ചെൽസിക്ക് റയൽ മാഡ്രിഡുമായി ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ മത്സരമുണ്ട്. രണ്ടുപേർക്കും ചാമ്പ്യൻസ് ലീഗിന്റെ അവസാന ഘട്ടങ്ങളിൽ പരിചയമുണ്ട്. 2015-ലെ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണക്ക് നേടി കൊടുക്കുവാൻ ലൂയിസ് എൻറിക്വെക്ക് കഴിഞ്ഞിരുന്നു.
ലാംപാർഡ് താഴോട്ടുള്ള പാതയിലാണ്
ട്രാൻസ്ഫർ വിലക്ക് ഉണ്ടായിരുന്നിട്ടും 2019-20 സീസണിൽ ഒരു യുവ ടീമിനെയും കൊണ്ട് പ്രീമിയർ ലീഗിൽ ചെൽസിയെ നാലാം സ്ഥാനത്ത് എത്തിക്കാൻ ലാംപാർഡിനു കഴിഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ലാംപാർഡിന്റെ മാനേജർ കരിയർ താഴോട്ടുള്ള പാതയിലാണ്. ചെൽസിയിൽ നിന്നു പുറത്താക്കപ്പെട്ട ശേഷം എവർട്ടണെ പരിശീലിപ്പിച്ച അദ്ദേഹത്തെ തരംതാഴ്ത്തൽ സ്റ്റേജിൽ ടീം എത്തിയപ്പോൾ എവർട്ടൺ പുറത്താക്കിയിരുന്നു. 27% വിജയശതമാനത്തോടെ അദ്ദേഹം ഗുഡിസൺ പാർക്ക് വിട്ടു.
എന്തുകൊണ്ട് ഗ്രഹാം പോട്ടറെ നിലനിർത്തിയില്ല?
ലാംപാർഡിനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടു വരുമ്പോൾ പോട്ടറെ എന്തിന് പുറത്താക്കിയെന്നും ചെൽസി വ്യക്തമാക്കണം. ആരാധകരുടെ അതൃപ്തിക്കിടയിലും സീസണിന്റെ അവസാന ആഴ്‌ചകളിൽ ചെൽസിയുടെ ഫോം മാറ്റാൻ തീർച്ചയായും പോട്ടർക്ക് കഴിയുമായിരിക്കും. അതിന്റെ സൂചനകൾ ചില മത്സരങ്ങളിൽ കണ്ടിരുന്നു. പ്രീമിയർ ലീഗിൽ തിരിച്ചടികൾ നേരിട്ടെങ്കിലും ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കാൻ പോട്ടറിനു കഴിഞ്ഞിരുന്നു.
എന്തായാലും ഇത്തരം ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ ഉടൻ തന്നെ ലഭിക്കും. നാളെ പ്രീമിയർ ലീഗിൽ വോൾവ്സുമായാണ് ചെൽസിയുടെ അടുത്ത മത്സരം.