വാംഖഡെയിൽ വിസിലടി; മുംബൈയെ വീഴ്ത്തി ചെന്നൈ
|മുംബൈ:വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ഉയർത്തിയ 206 റൺസ് പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ (63 പന്തിൽ 105) മുന്നിൽ നിന്ന് നയിച്ചെങ്കിലും വിജയത്തിന് 20 റൺസ് അകലെയേ ഫിനിഷ് ചെയ്യാനായുള്ളൂ.
നാലോവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ പാതിരാനയാണ് മുംബൈയുടെ നട്ടെല്ലൊടിച്ചത്. വിജയത്തോടെ ചെന്നൈ എട്ടുപോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ നാലാം തോൽവിയുമായി മുംബൈ എട്ടാം സ്ഥാനത്തേക്കിറങ്ങി.
ഒരറ്റത്ത് രോഹിത് സ്വതസിദ്ധമായ ശൈലിയിൽ അടിച്ചുതകർത്തപ്പോഴും മറുവശത്ത് ഉറച്ച പിന്തുണനൽകാൻ ആളില്ലാതെ പോയതാണ് മുംബൈക്ക് വിനയായത്. 23 റൺസെടുത്ത ഇഷാൻ കിഷനും 31 റൺസെടുത്ത തിലക് വർമയുമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സൂര്യകുമാർ യാദവ് പൂജ്യത്തിനും ഹാർദിക് പാണ്ഡ്യ രണ്ടു റൺസിനും പുറത്തായി.
ആദ്യം ബാറ്റുചെയ്ത ചെന്നൈയുടെ തുടക്കം പതുക്കെയായിരുന്നെങ്കിലും ശിവം ദുബെയും ഋഥുരാജ് ഗെയ്ക്വാദും ചേർന്ന് ഗിയർമാറ്റുകയായിരുന്നു. 16ാം ഓവറിൽ ഗെയ്ക്വാദ് പുറത്താകുമ്പോഴേക്കും സ്കോർ 157ൽ എത്തിയിരുന്നു. അവസാന ഓവറുകളിൽ ഹാട്രിക്ക് സിക്സറുകളുമായി നിറഞ്ഞാടിയ ധോണിയാണ് (4 പന്തിൽ 20) ടീം സ്കോർ 200 കടത്തിയത്.