ഇന്നും തോറ്റു, നാലാം സ്ഥാനത്ത്; എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ചെന്നൈയിൻ
|ചെന്നൈയിൻ താരം ചുവപ്പുമായി പുറത്തുപോയി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നും തോറ്റു. ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ടീം നേരിട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ വീഴ്ത്തിയത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിലെ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മോഹൻ ബഗാനാണ് മൂന്നാമത്.
60ാം മിനിട്ടിൽ ആകാശ് സാങ്‌വാനാണ് ചെന്നൈയിൻ എഫ്‌സിയുടെ വിജയഗോൾ നേടിയത്. ആദ്യ പകുതി ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഫാറൂഖ് ചൗധരിയുടെ അസിസ്റ്റിൽ ഡിഫൻഡറായ ആകാശ് എതിർ ഗോൾവല കുലുക്കി. ഇരുടീമുകൾക്കുമായി ഏഴ് മഞ്ഞക്കാർഡ് കണ്ട കളിയിൽ ചെന്നൈയിൻ താരം ചുവപ്പുമായി പുറത്തുപോയി. 81ാം മിനിട്ടിൽ അങ്കിത് മുഖർജിയാണ് പുറത്താക്കപ്പെട്ടത്.
സൂപ്പർ സ്ട്രൈക്കർ ദിമിത്രിയേസ് ഡയമൻറക്കോസില്ലാതെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിക്കെതിരെ ഇറങ്ങിയത്. ലിത്വാനിയൻ താരം ഫെദോറിനൊപ്പം ഇഷാൻ പണ്ഡിതയാണ് മഞ്ഞപ്പടയുടെ മുൻനിരയിൽ കളിച്ചത്. സന്ദീപ്, ലെസ്‌കോവിച്ച് (ക്യാപ്റ്റൻ), മിലോസ്, നവോച്ച, ജീക്സൺ, ഡാനിഷ്, ഐയ്മൻ, ദയ്സുകെ, സച്ചിൻ സുരേഷ് എന്നിവരും ആദ്യ ഇലവനിൽ കളിച്ചു. പക്ഷേ ടീമിന് വിജയം നേടി മടങ്ങിവരാൻ മാത്രം കഴിഞ്ഞില്ല.
കഴിഞ്ഞ നാല് മത്സരങ്ങളിൽ മാത്രം കേരള ബ്ലാസ്റ്റേഴ്സ് ആകെ 12 ഗോളുകൾ വഴങ്ങിയിരുന്നു. ഇന്ന് ഒന്നും വഴങ്ങി. അഞ്ച് മത്സരങ്ങളിലും തോൽക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. പഞ്ചാബിനെതിരായ മത്സരത്തിൽ ഡിഫൻസിന്റെ ബാല പാഠങ്ങൾ പോലും മറന്ന ബ്ലാസ്റ്റേഴ്സ് ആദ്യം ഗോളടിച്ച് മുന്നിലെത്തിയ ശേഷമാണ് മൂന്ന് ഗോൾ വഴങ്ങി സ്വന്തം കാണികൾക്ക് മുന്നിൽ നാണം കെട്ടത്. ഡിഫൻസീവ് തേഡിൽ വന്ന ഗുരുതരമായ പിഴവുകളാണ് ആ മൂന്ന് ഗോളിലേക്കും വഴി തുറന്നത്. അതിന് മുമ്പ് എവേ മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 2-1ന് മഞ്ഞപ്പട പരാജയപ്പെട്ടിരുന്നു.