Football
ഫോമിലില്ലാതെ ഛേത്രിയും ബംഗളൂരുവും: ക്യാമ്പിലാകെ നിരാശ
Football

ഫോമിലില്ലാതെ ഛേത്രിയും ബംഗളൂരുവും: ക്യാമ്പിലാകെ നിരാശ

Web Desk
|
4 Jan 2022 2:31 AM GMT

കിരീടസാധ്യത ഏറ്റവും കൽപിക്കപ്പെട്ടിരുന്ന ബംഗളൂരു സീസൺ പകുതിയാകുമ്പോൾ ആകെ നേടിയത് രണ്ട് ജയം മാത്രമാണ്.

ഐ.എസ്എല്ലിൽ ഇന്ന് ബംഗളൂരു എഫ്സി - ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി ഏഴരയ്ക്ക് ജി എം സി അത്‍ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടസാധ്യത ഏറ്റവും കൽപിക്കപ്പെട്ടിരുന്ന ബംഗളൂരു സീസൺ പകുതിയാകുമ്പോൾ ആകെ നേടിയത് രണ്ട് ജയം മാത്രമാണ്.

സുനിൽ ഛേത്രിയുൾപ്പടെ ടീമിലെ വമ്പരന്മാരൊന്നും ഫോമിലല്ല. ഗോൾവലയ്ക്ക് കീഴിൽ ഗുർപ്രീത് സിങ് സന്ധുവും നിരന്തരമായ പിഴവ് വരുത്തുന്നു. എങ്കിലും അവസാന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ നേടിയ വിജയം ബംഗളൂരുവിന് ആത്മവിശ്വാസം നൽകും. ആ വിജയത്തിലൂടെ തിരിച്ചുവരവിനുള്ള തീവ്ര ശ്രമത്തിലാണ് ബംഗളൂരു.

അതേസമയം ഈസ്റ്റ് ബംഗാളിന്റെ നില ബംഗളൂരുവിനെക്കാൾ മോശമാണ്. എട്ട് മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാൾ ഇതുവരേയും ജയിച്ചിട്ടില്ല. മുൻ പരിശീലകൻ മരിയോ റിവേറയെ തിരികെ വിളിച്ചതിന് ശേഷമുള്ള ആദ്യ മത്സരമാണിത്. പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

ഒമ്പത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യ പോയിന്റ് പട്ടികയുടെ ആദ്യ അഞ്ചിൽ പോലും ബംഗളൂരു ഇല്ല. എട്ടാം സ്ഥാനത്താണിപ്പോൾ ബംഗളൂരു. രണ്ട് ജയം, മൂന്ന് സമനില, നാല് തോൽവി എന്നിങ്ങനെയാണ് ബംഗളൂരുവിന്റെ അക്കൗണ്ടിലുള്ളത്. എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളാണ് ബംഗളൂരുവിന് താഴെയുള്ളത്. മുംബൈ സിറ്റി, ഹൈദരാബാദ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ആദ്യ നാലിൽ ഉള്ളത്.

Related Tags :
Similar Posts