കൊളംബിയക്കാരനെ കളിപ്പിച്ചു: ഖത്തർ ലോകകപ്പിന് ഇക്വഡോറിനെ അയോഗ്യരാക്കണമെന്ന് ചിലി
|ഇക്വഡോര്‍ പ്രതിരോധ താരം ബൈറണ്‍ കാസ്റ്റിയോയുടെ പൗരത്വം സംബന്ധിച്ചാണ് ചിലി പരാതി ഉന്നയിച്ചിരിക്കുന്നത്.
സാന്റിയാഗോ: ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ഇക്വഡോറിനെ അയോഗ്യരാക്കണമെന്ന് ചിലി. യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയക്കാരനെ കളിപ്പിച്ചെന്നാണ് പരാതി. ചിലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇക്വഡോര്‍ പ്രതിരോധ താരം ബൈറണ്‍ കാസ്റ്റിയോയുടെ പൗരത്വം സംബന്ധിച്ചാണ് ചിലി പരാതി ഉന്നയിച്ചിരിക്കുന്നത്. കൊളംബിയയിലെ ടുമാകോയില്‍ ജനിച്ച താരത്തിന് ഇക്വഡോറിനായി കളിക്കാനാവില്ല എന്നാണ് വാദം. ഔദ്യോഗിക രേഖകള്‍ പ്രകാരം അദ്ദേഹം ഇക്വഡോര്‍ നഗരമായ പ്ലയാസില്‍ ജനിച്ചെന്നാണ് കാണിച്ചിരിക്കുന്നത്.
ഇക്വഡോര്‍ ഫുട്ബോള്‍ അധികാരികള്‍ കൂടി ചേര്‍ന്നാണ് ഈ കൃത്രിമം നടത്തിയതെന്ന് ചിലി ഫിഫക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ പ്രതികരണത്തിന് ഫിഫ തയ്യാറായിട്ടില്ല. ഇക്വഡോറിനായി 8 യോഗ്യതാ മത്സരങ്ങളില്‍ കാസ്റ്റിയോ കളിച്ചിട്ടുണ്ട്. ഇതില്‍ നിന്നായി ടീം 14 പോയിന്റും നേടി.
ഈ പോയിന്റുകള്‍ നഷ്ടപ്പെട്ടാല്‍ ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യതയും നഷ്ടമാകും. പരസ്പരം മത്സരിച്ച രണ്ട് കളികളിലെയും മുഴുവന്‍ പോയിന്റും നല്‍കി ചിലിയ്ക്ക് യോഗ്യത നല്‍കണമെന്നാണ് ചിലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ വാദം. ലാറ്റിനമേരിക്കയില്‍ കഴിഞ്ഞ ലോകകപ്പിലും സമാന ആരോപണം ഉയര്‍ന്നിരുന്നു. ബൊളീവിയ യോഗ്യതയില്ലാത്ത താരത്തെ കളിപ്പിച്ചതായി തെളിഞ്ഞതോടെ പെറുവിനും ചിലിക്കും മത്സരത്തിലെ മുഴുവന്‍ പോയിന്റും ലഭിച്ചിരുന്നു.
Summary- Chile files legal challenge over Ecuador's World Cup place