Football
CR7; കളിക്കളത്തിലെ ഒറ്റയാൻ
Football

CR7; കളിക്കളത്തിലെ ഒറ്റയാൻ

ഫൈസൽ കൈപ്പത്തൊടി
|
29 Jun 2021 6:09 AM GMT

മെഡീരയില്‍ ഒരു പൂന്തോട്ടക്കാരനും സാദാകുക്കിനും പിറന്നവന്‍ ഇന്ന് നേടിയെടുത്തതെല്ലാം ഒറ്റക്കായിരുന്നു. പ്രായചപലതകള്‍ കൊണ്ടും ശരീരഭാഷ കൊണ്ടും ഏറ്റ ക്ഷണികക്ഷതങ്ങളെയെല്ലാം വകഞ്ഞു മാറ്റി മുമ്പോട്ട് കുതിച്ചത് അവനവനിലുള്ള വിശ്വാസത്തിലായിരുന്നു.

കരിയറിന്‍റെ അവസാനലാപിലേക്ക് നടന്നടുക്കുന്ന അയാള്‍ക്ക് മുമ്പില്‍ ഒരു പക്ഷെ ഒരു അന്താരാഷ്‌ട്രവേദി വരാനിരിക്കുന്ന 2022ലെ ലോകകപ്പ് ആവാം. പൊരുതിയിട്ടും നേടാനാവാതെ എല്ലാം തട്ടിത്തെറിപ്പിക്കപ്പെട്ടതിന്‍റെ ഇച്ഛാഭംഗങ്ങളോടെയുമാണ് അയാള്‍ ബെല്‍ജിയം മല്‍സരത്തിന് ശേഷം സെവിയ്യ സ്റ്റേഡിയത്തിന്‍റെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. 42ാം മിനുട്ടില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്‍റെ മൂര്‍ച്ഛയുള്ള വലങ്കാലന്‍ പ്രഹരം വസീം അക്രമിന്‍റെ റിവേഴ്സ് സ്വിങിനെ പോലെ വളഞ്ഞ് പുളഞ്ഞ് വലയില്‍ കേറിയതിനോട് ഏറ്റവും നന്നായി പ്രതികരിക്കാന്‍ അയാള്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ മുന്നണിപ്പോരാളിയായി നിന്നിരുന്നു. പേര്‍ത്തും പേര്‍ത്തും അയാളും കൂട്ടാളികളും എതിരാളികള്‍ക്ക് ഭീഷണിയൊരുക്കി. ഒടുക്കം നേടേണ്ട ഗോള്‍മാത്രം ബാക്കി വെച്ച് അവര്‍ ആര്‍ത്ത് വിളിച്ച ആരാധകര്‍ക്ക് മുമ്പില്‍ തോല്‍വിയേറ്റു വാങ്ങി. പരിചയറ്റ വംശ-വര്‍ണ്ണ ആക്രോശങ്ങളോട് കളിമികവ് കൊണ്ട് മറുപടി പറഞ്ഞു കൊണ്ടേയിരിക്കുന്ന, അയാളുടെ കളിയഴകിനെ ആരാധിക്കുന്ന ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കു നെഞ്ചോട് ചേര്‍ത്ത് കാതിലോതിയ പ്രതിപക്ഷ ആദരവിന്‍റെ ആശ്വാസവാക്കുകള്‍ക്ക് പോലും അയാളെ പിടിച്ച് നിര്‍ത്താനായില്ല.. ആ നിമിഷങ്ങളില്‍ ഏത് സാഹചര്യങ്ങളോടും പൊരുതി കയറി വിജയിക്കുന്ന അയാളിലെ അസാമാന്യ കായികതാരം ഹതാശനായ വെറും മനുഷ്യനായി തീര്‍ന്നിരുന്നു.

ഓര്‍മകള്‍ യാത്ര പോവുന്നത് 2004-ലെ യൂറോ കപ്പിലേക്കാണ്. 2003-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ' എന്ന ബ്രാന്‍റ് ന്യൂ No.7നെ സര്‍ അലക്സ് ഫെര്‍ഗൂസണ്‍ അവതരിപ്പിച്ച് ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികളെ കണ്ണിനിമ്പമുള്ള പാദവേഗങ്ങളോടെ തന്‍റെ വരുതിയിലേക്കടുത്ത് നിര്‍ത്തിയതിന് തൊട്ടടുത്ത വര്‍ഷത്തെ യൂറോ 2004 ഗ്രീസ്. ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയര്‍ക്കെതിരെ രണ്ടാം പകുതിയില്‍ സിമാവോക്ക് പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ യൂറോ കപ്പില്‍ അയാളെ അടയാളപ്പെടുത്തുന്നത് തന്നെ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം എതിര്‍താരത്തെ സ്വന്തം ബോക്സിനുള്ളില്‍ വെച്ച് പിന്നാമ്പുറത്ത് നിന്നും വീഴ്ത്തിയതിന് പെനാല്‍റ്റി വഴങ്ങിക്കൊണ്ടാണ്. ടീം പരാജയപ്പെട്ടെങ്കിലും ആ കളിയുടെ 93ാം മിനുട്ടില്‍ അതിമനോഹരമായ ഹെഡ്ഢറിലൂടെ തന്‍റെ ആദ്യ യൂറോകപ്പ് ഗോളും നേടി അയാള്‍ യാത്ര തുടങ്ങി. പിന്നീട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ചിറകുകളുടെ ബലത്തിലാണ് സുവര്‍ണ്ണതലമുറക്ക് ശേഷം 2016-17 കാലം വരെയുള്ള ഒരു പതിറ്റാണ്ടെങ്കിലും പറങ്കിസ്വപ്നങ്ങള്‍ ലോകകപ്പ് - യൂറോ കപ്പ് വേദികളില്‍ പറന്നുയര്‍ന്നിട്ടുള്ളത് എന്നതൊരു വലിയ അതിശയോക്തിയല്ല.


എന്ത് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു രാജ്യത്തിന്‍റെ ഏറ്റവും വിശ്വാസയോഗ്യമായ സ്വപ്നനിക്ഷേപമാവുന്നു എന്ന ചോദ്യം കൊണ്ടെത്തിക്കുന്നത് CR7 എന്ന കായികതാരത്തെ നിര്‍വചിക്കുന്നതിലേക്കാണ്. ജനിച്ച് വളര്‍ന്ന നാട്ടില്‍ കരിയര്‍ തീരും മുമ്പേ സ്വന്തം നാമധേയത്തില്‍ മ്യൂസിയം സൃഷ്ടിക്കപ്പെട്ട അപൂര്‍വജന്മമായി അയാള്‍ രൂപാന്തരപ്പെട്ടതിന് അയാള്‍ ഓടിതീര്‍ത്ത വലിയൊരു കാലമുണ്ട്, പൊഴിച്ച വിയര്‍പ്പുകണങ്ങളുണ്ട്, ചെയ്ത ത്യാഗങ്ങളുണ്ട്. തീര്‍ത്തും വ്യക്തിഗതമല്ലാത്ത ഒരു കായികമേഖലയിലൂടെ, നീണ്ട പത്ത് പതിനാറ് കൊല്ലത്തോളം കായികലോകത്തെ ഏറ്റവും മികച്ചവനായി നിലനില്‍ക്കുക എന്ന പ്രതിഭാസത്തെ പഠനവിധേയമാക്കുന്ന സര്‍വകലാശാലകളും ഉണ്ടെന്ന നേട്ടവുമുണ്ട് മറ്റൊരുഭാഗത്ത്.

ലോകഫുട്ബോള്‍ ഓരോ നിമിഷവും സാങ്കേതികമായി ക്ഷണവേഗത്തില്‍ ഉന്നതിയിലേക്ക് നീങ്ങുന്ന, കളക്‌റ്റീവ് എഫേട്ടുകളുടെ കളിതന്ത്രപരമായ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്തും അയാള്‍ എതിരാളികള്‍ക്ക് ശക്തിദുര്‍ഗ്ഗമാണ്. അതിനയാള്‍ തന്‍റെ പ്രതിഭയെ മൂര്‍ച്ഛപ്പെടുത്തുന്ന പ്രക്രിയകളെയും പരിണാമപദ്ധതികളെയും പഠിക്കുമ്പോഴാണ് എതിരാളികളില്‍ പോലും അയാള്‍ ആദരവുളവാക്കുന്നത്. പക്ഷെ, അവയൊക്കെ അനുഗ്രഹിക്കപ്പെട്ട പ്രതിഭയോട് നീതിപുലര്‍ത്തുകയെന്ന തന്‍റെ മിനിമലിസ്റ്റിക് സമീപനമാണെന്നാണ് അയാളുടെ ഭാഷ്യം. ഏതൊരു വളര്‍ന്നു വരുന്ന കായികതാരത്തിനും CR7 മാതൃകയാവുന്നതും ഈ കാരണങ്ങളാലാവാം.


32 -34 km/hr വേഗതയില്‍ പന്തുമായി ഓടുന്നതും, 3 മീറ്ററോളം ഉയരത്തില്‍ പന്തിനായി ചാടാനാവുന്നതും, ഡെഡ്ബോളുകളെ അപകടകരമാക്കാന്‍ സ്വതസിദ്ധമായ ശൈലികളുണ്ടെന്നതും, ഏത് പ്രതിരോധക്കാരനേയും കടന്ന് പോവാന്‍ പ്രബലനാണെന്നതും മാത്രമല്ല മെഡീര ദ്വീപിന്‍റെ പുത്രനെ ഇംഗ്ലണ്ടിലും, സ്പെയിനിലും, ഇറ്റലിയിലും ദൈവസമാനനാക്കുന്നത്. പിന്നെന്താണ് ? മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സീനിയര്‍ താരമായിരുന്ന റിയോ ഫെര്‍ഡിനാന്‍റ്, തന്‍റെ മുമ്പില്‍ ഒരു കൗമാരതാരമായെത്തി ലോകഫുട്ബോളിലെ രാജാവായി മാറിയ ക്രിസ്റ്റ്യാനോയെ പറ്റി പറയുന്ന വാക്കുകളില്‍ നമുക്കിതിന് ഉത്തരം കണ്ടെത്താം. റിയോ പറയുന്നു '' ഒരിക്കല്‍ ഞങ്ങള്‍ കൂടിയിരിക്കുമ്പോള്‍ ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട താരമെന്ന ചോദ്യം ഉയര്‍ന്നു, ഞാന്‍ മറഡോണയെയും, വേറൊരാള്‍ ജോര്‍ജ് ബെസ്റ്റിനെയും, മറ്റൊരാള്‍ പെലെയെയും പറഞ്ഞപ്പോള്‍ ക്രിസ്റ്റ്യാനോ പറഞ്ഞത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് തന്നെയായിരുന്നു. ആദ്യം അമ്പരന്നെങ്കിലും പിന്നീട് ട്രെയ്നിങിലും കളത്തിലുമൊക്കെ അവന്‍ ആ ഉത്തരം സുവിദിതമായി തെളിയിക്കാന്‍ പ്രയത്നിച്ചു കൊണ്ടേയിരുന്നു. അയാള്‍ അത്രമേല്‍ ബുദ്ധിമാനാണ്, സമര്‍പ്പണബോധമുള്ളവനാണ്, ഓരോ നിമിഷവും തനിക്ക് വേണ്ട വിഭവങ്ങളെ കണ്ടെത്തി മുന്നോട്ട് പോവുന്നവനാണ് '.. കളത്തിന് അകത്തും പുറത്തും അഹങ്കാരിയെന്ന് മുദ്രകുത്തപ്പെടുമ്പോഴും അയാള്‍ തന്‍റെ ചുവടുകള്‍ താളഭദ്രതയോടെ മുമ്പോട്ട് വെച്ച് കൊണ്ടേയിരുന്നു.


പ്രമുഖ പോര്‍ച്ചുഗീസ് പട്ടണങ്ങളോടൊന്നും വലിയ ബന്ധമില്ലാത്ത മെഡീരയില്‍ ഒരു പൂന്തോട്ടക്കാരനും സാദാകുക്കിനും പിറന്നവന്‍ ഇന്ന് നേടിയെടുത്തതെല്ലാം ഒറ്റക്കായിരുന്നു. പ്രായചപലതകള്‍ കൊണ്ടും സ്വയാര്‍ജ്ജിതഈഗോയുള്ള ശരീരഭാഷകൊണ്ടും ഏറ്റ ക്ഷണികക്ഷതങ്ങളെയെല്ലാം വകഞ്ഞ് മാറ്റി മുമ്പോട്ട് കുതിച്ചത് അവനവനിലുള്ള വിശ്വാസത്തിലായിരുന്നു. ഓരോ വെല്ലുവിളികളെ തേടി രാജ്യങ്ങള്‍ മാറുന്നതും, പുതിയ വെല്ലുവിളികളെ അക്ഷോഭ്യനായി നേരിടുന്നതും, ഓരോ ലീഗിലും ഗോള്‍വേട്ടക്കാരനാവുന്നതും ഗോള്‍സൃഷ്ടാവാവുന്നതുമെല്ലാം തന്‍റെ തന്നെ നിലവാരത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആകാരപ്പെടുത്തുവാന്‍ കഴിയുന്നതിനാലാണ്.

രാജ്യാന്തര അത്ലറ്റുകളോട് വേഗതയില്‍ മല്‍സരിക്കുന്ന, ലോകൈക ബ്രാന്‍റുകള്‍ക്ക് ഒരൊറ്റ നിരാകരണം കൊണ്ട് ഓഹരിയിളക്കം ഉണ്ടാക്കുന്ന, നിരന്തരം മന്ത്രിക്കുന്ന ഉസ്താദിനെപോലെ കളത്തിലും പുറത്തും സ്വയം പ്രചോദിപ്പിക്കുന്ന, കുടുംബജീവിതവും സാമൂഹികജീവിതവും മാതൃകപരമാക്കുന്ന, അധഃസ്ഥിതരോട് അനുഭാവമുള്ള തന്‍റെ രാഷ്‌ട്രീയം മുഖം നോക്കാതെ പ്രകടമാക്കുന്ന CR7 എന്ന മനുഷ്യന്‍ ഇനിയും നമ്മളെ ഉണര്‍ത്തിക്കൊണ്ടേയിരിക്കും. തലച്ചോറും ശരീരവും ഒന്നായി പ്രവര്‍ത്തിക്കുന്ന ' ന്യൂറോമസ്കുലാര്‍ കോര്‍ഡിനേഷന്‍റെ' അനന്തസാധ്യതകള്‍ സമ്മേളിക്കുന്ന ആ നീക്കങ്ങള്‍ നമ്മള്‍ ഇനിയും കാണും. ക്ലബ് ഫുട്ബോളിലും പോര്‍ച്ചുഗീസ് ജേഴ്സിയിലും അയാള്‍ ഇനിയും വിസ്മയമാവും. ഏറ്റവും മികച്ച നിമിഷങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് വിശ്വസിക്കാനുള്ളതെല്ലാം അയാള്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. . ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമാര് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാവാം, പക്ഷെ കണ്ടും കേട്ടും അറിഞ്ഞും പഠിക്കാന്‍ സാധ്യമായ ഏറ്റവും കായികതാരമാര് എന്ന ചോദ്യത്തിന് ഓരോ സ്പോര്‍ട്സ് പ്രേമിയുടെ ചുണ്ടിലും വിടരുന്ന ആദ്യ ഉത്തരം 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ' എന്ന് തന്നെയാവും

പ്രത്യാശയോടെ കാത്തിരിക്കാം അയാളുടെ പദചലനങ്ങള്‍ക്കായി പോര്‍ച്ചുഗീസ് ആരാധകര്‍ക്ക് , ക്രസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ക്ക് , ഫുട്ബോള്‍ ആരാധകര്‍ക്ക്..

Similar Posts