കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് ഇനി ഖത്തറിൽ; അല്‍ റയ്യാൻ ക്ലബ്ബുമായി കരാർ ഒപ്പിട്ടു
|വ്യാഴാഴ്ച റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടും ലോകകപ്പ് വേദിയുമായ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് റോഡ്രിഗസിനെ അവതരിപ്പിക്കും.
കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് ഖത്തർ ലീഗിലേക്ക്. ഖത്തർ ആഭ്യന്തര ക്ലബ് ആയ അല്‍ റയ്യാൻ എഫ്.സിയുമായി താരം കരാർ ഒപ്പുവെച്ചു. ഇംഗ്ലീഷ് ക്ലബ് എവർട്ടനിൽ നിന്നാണ് താരം അല്‍ റയ്യാനിലേക്ക് ചേക്കേറിയത്. വ്യാഴാഴ്ച റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടും ലോകകപ്പ് വേദിയുമായ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് റോഡ്രിഗസിനെ അവതരിപ്പിക്കും. എന്നാൽ എത്ര വർഷത്തേക്കാണ് കരാർ എന്നോ ട്രാൻസ്ഫർ തുകയെ കുറിച്ചോ ഇരു ക്ലബ്ബുകളും വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇതോടെ വരുന്ന മാസം നടക്കുന്ന അമീർ കപ്പ് ഫൈനലിൽ റോഡ്രിഗസിന്റെ സാന്നിധ്യത്തിലായിരിക്കും അല്‍ റയ്യാൻ എഫ്.സി അൽ സദ്ദ് എഫ്.സി യെ നേരിടാനിറങ്ങുക
താരത്തെ ക്ലബ് വിടാൻ അനുവദിക്കും എന്ന് നേരത്തെ തന്നെ എവർട്ടൺ പറഞ്ഞിരുന്നു. ഹാമസ് റോഡ്രിഗസും പുതിയ എവർട്ടൺ പരിശീലകൻ ബെനിറ്റസുമായി അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. നേരത്തെ ഏഞ്ചലോട്ടിയുടെ സാന്നിദ്ധ്യം ആയിരുന്നു ഹാമസിനെ എവർട്ടണിൽ എത്തിച്ചത്. അവസാന കുറെ വർഷങ്ങളായി റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസ് എവർട്ടണിൽ എത്തിയതോടെ ഫോമിലേക്ക് എത്തിയിരുന്നു. എന്നാലും പരിക്ക് താരത്തെ പലപ്പോഴും പിറകോട്ട് അടിച്ചു. നേരത്തെ രണ്ടു സീസണുകളോളം റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിലും താരം കളിച്ചിരുന്നു.