Football
ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ..? ; റഫറിക്ക്​ പിഴച്ചെന്ന്​ കോൻമെബോൽ
Football

ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ..? ; റഫറിക്ക്​ പിഴച്ചെന്ന്​ കോൻമെബോൽ

Sports Desk
|
4 July 2024 7:14 AM GMT

ന്യൂയോർക്​: അത്​ പെനൽറ്റി തന്നെയായിരുന്നു. ഒടുവിൽ കോപ്പ അമേരിക്ക സംഘാടകരായ കോൻമെ​ബോൽ കുറ്റസമ്മതം നടത്തി. ബ്രസീൽ താരം വിനീഷ്യസിനെ കൊളംബിയൻ ഡിഫൻഡർ ഡാനിയൽ മുനോസ്​ വീഴ്​ത്തിയത്​ കാണാതിരുന്നത്​ റഫറിയുടെ തെറ്റാണെന്ന്​ കോൻമെ​ബോൽ പ്രസ്​താവനയിറക്കി. മത്സരം 1-1ന്​ സമനിലയിൽ അവസാനിച്ചിരുന്നു.മത്സരവും കഴിഞ്ഞ്​ ക്വാർട്ടർ ലൈനപ്പും തീരുമാനമായതിന്​ ശേഷമുള്ള ഈ ഏറ്റുപറച്ചിൽ കൊണ്ട്​ ബ്രസീലിന്​ എന്തുകാര്യമെന്നാണ്​ ചോദ്യങ്ങൾ ഉയരുന്നത്​?.

കാലിഫോർണിയയിലെ ലിവൈസ്​ സ്​റ്റേഡിയത്തിൽ ​ഗ്രൂപ്പ്​ ഡിയിലെ നിർണായക മത്സരത്തിൽ കൊളംബിയയും ബ്രസീലും ഏറ്റുമുട്ടുന്നു. വിജയിക്കുന്നവർ ഗ്രൂപ്പ്​ ചാമ്പ്യൻമാരാകും. അങ്ങനെ കാത്തിരുന്ന പോരിന്​ അരങ്ങൊരുങ്ങി. 12ാം മിനുറ്റിൽ റാഫീഞ്ഞ്യയുടെ സുന്ദരമായ ഫ്രീകിക്ക്​ ഗോളിൽ ബ്രസീൽ മുന്നിലെത്തുന്നു. മത്സരത്തിലേക്ക്​ തിരിച്ചുവരാൻ കൊളംബിയ ശ്രമിച്ചുകൊണ്ടിരിക്കവേയാണ്​ 42ാം മിനുറ്റിൽ അത്​ സംഭവിക്കുന്നത്​. കൊളംബിയൻ ബോക്​സിലേക്ക്​ ഓടിക്കയറിയ വിനീഷ്യസിനെ കൊളംബിയൻ ഡിഫൻഡർ ഡാനിയൽ മുനോസ്​ വീഴ്​ത്തുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ക്ലിയർ പെനൽറ്റി.

ബ്രസീൽ താരങ്ങൾ ഉടൻ പെനൽറ്റിക്കായി വാദിക്കുന്നു.വെസ്വേലൻ റഫറി ജീസസ്​ വലൻസ്വേല ഫൗൾ പോലും വിളിച്ചില്ല. അർജ​ൻറീക്കാരനായ മൗറേ വിഗിലാനോ നയിക്കുന്ന വാർ ടീമും അത്​ പെനൽറ്റിയല്ലെന്ന്​ വിശദീകരിക്കുന്നു. കൊളംബിയ താരത്തി​െൻറ കാൽ പന്തിൽ തട്ടുന്നു എന്നവാദമാണ്​ അവർ ഉയർത്തിയത്​. ബ്രസീൽ താരങ്ങളുടെ പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല.

മത്സരം തുടരുന്നു. കൊളംബിയ തിരികെ ഗോൾ മടക്കുന്നു. മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്​തു. അങ്ങനെ സമനിലയോടെ കൊളംബിയ ഗ്രൂപ്പ്​ ചാമ്പ്യൻമാരായപ്പോൾ ബ്രസീലിന്​ രണ്ടാം സ്ഥാനം കൊണ്ട്​ തൃപ്​തിപ്പെ​ടേണ്ടിവരുന്നു. കൊളംബിയക്ക്​ താരതമ്യേന ദുർബല എതിരാളികളായ പനാമയെ ക്വാർട്ടറിൽ കിട്ടിയെങ്കിൽ ബ്രസീലിന്​ കിട്ടിയത്​ ടൂർണമെൻറിൽ ഉജ്ജ്വലമായി പന്തുതട്ടുന്ന യുറുഗ്വായെ.

ഒടുവിൽ മത്സരശേഷം റഫറിക്ക്​ തെറ്റുപറ്റിയെന്ന്​ വിദശീകരിച്ച്​ കോപ്പ സംഘാടകരായ കോൻമെബോൽ തന്നെ എത്തിയിരിക്കുന്നു. ‘‘പെനൽറ്റി ബോക്​സിൽ വെച്ചുനടന്ന സംഭവം കാണുന്നതിൽ റഫറി പരാജയപ്പെടുകയും കളി തുടരാൻ അനുവദിക്കുകയും ചെയ്​തു. ഡിഫൻഡർ പന്തിൽ തൊട്ടിട്ടില്ലെന്ന്​ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട വാർ അധികൃതർ റഫറിയുടെ തീരുമാനത്തിനൊപ്പം തന്നെയാണ്​ നിന്നത്​’’ - കോൻമെബോൽ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പറയുന്നു.

മത്സരത്തിന്​ പിന്നാലെത്തന്നെ ബ്രസീൽ കോച്ച്​ ഡോരിവൽ പ്രതിഷേധമുയർത്തിയിരുന്നു. ‘‘അതിന്​ പിന്നാലെയാണ്​ ഞങ്ങൾ ഗോൾ വഴങ്ങിയത്​. റഫറിയും വാറും മാത്രമാണ്​ അത്​ പെനൽറ്റിയല്ലെന്ന്​ നിരീക്ഷിച്ചത്​’’- ഡോരിവൽ പറഞ്ഞു.അത്​ പെനൽറ്റിയായിരുന്നുവെങ്കിൽ ബ്രസീൽ തന്നെ ജയിക്കുമോ എന്നത്​ ഉത്തരമില്ലാത്ത ചോദ്യമാണ്​. പക്ഷേ ബ്രസീൽ അനീതി നേരി​ട്ടെന്ന്​ വ്യക്തം.

Similar Posts