Football
സ്‌കൊളാരി വരെ ജ്യോത്സനെ കണ്ടിട്ടുണ്ട്; സ്റ്റിമാച്ചിനെ പിന്തുണച്ച് ബൂട്ടിയ
Football

സ്‌കൊളാരി വരെ ജ്യോത്സനെ കണ്ടിട്ടുണ്ട്; സ്റ്റിമാച്ചിനെ പിന്തുണച്ച് ബൂട്ടിയ

Web Desk
|
13 Sep 2023 7:58 AM GMT

വിശ്വാസങ്ങൾക്കെല്ലാം അപ്പുറം ടീമിന്റെ പ്രകടനമാണ് വിലയിരുത്തേണ്ടതെന്ന് ബൂട്ടിയ

കൊൽക്കത്ത: പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കാൻ ജ്യോത്സന്‍റെ ഉപദേശം തേടിയെന്ന ആരോപണത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാച്ചിനെ പിന്തുണച്ച് ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ. ഇത് ലോക ഫുട്‌ബോളിൽ പതിവാണെന്നും അഫ്രിക്കൻ, അമേരിക്കൻ, യൂറോപ്യൻ കോച്ചുമാർ വരെ ഇക്കാര്യം പിന്തുടർന്നു വരാറുണ്ടെന്നും ബൂട്ടിയ പറഞ്ഞു. ഇന്ത്യാ ടുഡേയോടാണ് മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം.

'ഇത് പുതിയ കാര്യമല്ല. ബ്രസീലിയൻ കോച്ച് സ്‌കൊളാരി ഇത്തരം കാര്യങ്ങൾ ഒരുപാട് പിന്തുടരാറുണ്ടായിരുന്നു. ലോകത്ത് അറിയപ്പെട്ട ആഫ്രിക്കൻ, അമേരിക്കൻ, യൂറോപ്യൻ കോച്ചുമാർ ഇത് പിന്തുടരുന്നുണ്ട്. സൗത്ത് അമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമുണ്ട്. ഒരുപാട് ജ്യോത്സന്മാരെ അവർ പിന്തുടരുന്നു. സ്‌കൊളാരിയാണ് ഏറ്റവും വലിയ ഉദാഹരണം. ജ്യോത്സന്മാര്‍ നൽകുന്ന നിർദേശപ്രകാരമാണ് അദ്ദേഹം ടീമിനെ തീരുമാനിക്കാറുള്ളത്'- ബൂട്ടിയ പറഞ്ഞു.

ഫുട്‌ബോളിലെ ചില വിശ്വാസങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'ആഫ്രിക്കൻ ഫുട്‌ബോളിൽ ഹുഡോ പോലുള്ള ചില ആത്മീയ കാര്യങ്ങളുണ്ട്. കളിക്കു മുമ്പ് ഒരുപാട് കാര്യങ്ങൾ അത്തരം കാര്യങ്ങൾ പിന്തുടരാറുണ്ട്. കൊൽക്കത്തയിലുമുണ്ട് അത്തരം കാര്യങ്ങൾ. ഖാലിദ് ജമാൽ, സുഭാഷ് ഭൗമിക് തുടങ്ങിയ കോച്ചുമാർ എതിരാളികളുടെ ഗോൾപോസ്റ്റിൽ പൂക്കൾ വയ്ക്കാറുണ്ടായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വിശ്വാസങ്ങൾക്കെല്ലാം അപ്പുറം ടീമിന്റെ പ്രകടനമാണ് വിലയിരുത്തേണ്ടതെന്ന് ബൂട്ടിയ പറഞ്ഞു. സീനിയർ ഫുട്‌ബോൾ ടീം പോസ്റ്റീവ് റിസൽട്ട് ഉണ്ടാക്കുന്നുണ്ട്. ത്രിരാഷ്ട്ര പരമ്പരയും ഇന്റർകോണ്ടിനന്റൽ കപ്പും സാഫ് കപ്പും ഇന്ത്യക്ക് നേടാനായി. കോച്ചിന്റെ ജോലി പ്രധാനമാണ്. അദ്ദേഹം ബസ് ഡ്രൈവറോടോ ജ്യോതിഷിയോടോ ഉപദേശം ചോദിക്കട്ടെ. തനിക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ല. എന്നാൽ ഒരുപാട് പേർ വിശ്വസിക്കുന്നു. എന്തെങ്കിലും തെറ്റ് അദ്ദേഹം (ഇഗോർ സ്റ്റിമാച്) ചെയ്‌തോ എന്നാണ് നോക്കേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു.

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ടീമിനെ തെരഞ്ഞെടുക്കാൻ സ്റ്റിമാച് ജ്യോത്സ്യന്റെ സഹായം തേടി എന്ന റിപ്പോർട്ട് ഇന്ത്യൻ എക്‌സ്പ്രസാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തത്. രണ്ടു മാസത്തെ സേവനത്തിനായി 12-15 ലക്ഷം രൂപയാണ് ജ്യോത്സന് നൽകിയത്.

Similar Posts