പെറുവോ കൊളംബിയയോ..? കോപ്പയിലെ മൂന്നാം സ്ഥാനക്കാരെ നാളെയറിയാം
|നാളെ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ പെറു കൊളംബിയയെ നേരിടും
കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരെ നാളെയറിയാം. ലൂസേഴ്സ് ഫൈനലിൽ പെറുവാണ് കൊളംബിയയുടെ എതിരാളികള്‍. ഫൈനലിലെത്താനുള്ള സുവർണാവസരം കളഞ്ഞു കുളിച്ചാണ് കൊളംബിയ എത്തുന്നത്. എന്നാലും അർജന്‍റീനയെ ഷൂട്ടൗട്ട് വരെ പിടിച്ചു നിർത്തിയെന്നത് കൊളംബിയയെ സംബന്ധിച്ച് ആശ്വാസം പകരുന്നുണ്ടാകും. എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ മിടുക്കുള്ള ഡുവാൻ സപാട്ടയും, സാഫേൽ സാന്‍റോസും ബോറയുമടക്കമുള്ള മുന്‍നിരയാണ് കൊളംബിയൻ പടയുടെ കരുത്ത്. മധ്യനിരയിൽ വലതുവിങില്‍ ക്വാഡ്രാഡോയും ഇടതുവിങില്‍ ലൂയിസ് ഡയസും മികച്ച കളി കാഴ്ച വെക്കുന്നുണ്ട്. ഡേവിൻസൺ സാഞ്ചസ് - യാരി മിന കൂട്ടുകെട്ടാണ് പ്രതിരോധത്തിലെ ശക്തി. ഗോൾ വലയിലെ കാവൽക്കാരൻ ഡേവിഡ് ഒസ്പിനയെ മറികടക്കുന്നതും പെറുവിന് സംബന്ധിച്ച് വെല്ലുവിളിയാകും.
അതേസമയം സെമിയിൽ ബ്രസീലിനോട് തോറ്റാണ് പെറുവെത്തുന്നത്. ജിയാൻലൂക്ക ലാപഡൂള- ക്രിസ്റ്റ്യൻ കുയേവ,യോഷിമർ യോട്ടിൻ, സെർജിയോ പെന തുടങ്ങിയ ഒരു പിടി മികച്ച കളിക്കാർ പെറൂവിയൻ നിരയിലുണ്ട്. കാലൻസും ക്രിസ്റ്റ്യൻ റാമോസുമാകും പ്രതിരോധനിരയുടെ ചുക്കാൻ പിടിക്കുമ്പോള്‍ ഗോൾകീപ്പർ ഗല്ലെസയുടെ വിശ്വസ്ഥ കരങ്ങളും പെറുവിന് പ്രതീക്ഷ നൽകുന്നു... ഫിനിഷിംഗിലെ പോരായ്മ പരിഹരിക്കാനാകും ഇരു ടീമുകളുടെയും ശ്രമം