കോപ്പ: ഇക്വഡോറിനെതിരെ കൊളംബിയക്ക് ജയം
|മധ്യനിര താരം എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി ഗോള്‍ നേടിയത്. 41-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്.
കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെതിരെ കൊളംബിയക്ക് വിജയം. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഏഴാം മിനിട്ടില്‍ ഇക്വഡോറിന്റെ നായകന്‍ വലന്‍സിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല. പിന്നീട് ഇരുടീമുകളുടെയും മുന്നേറ്റ നിരയ്ക്ക് കാര്യമായ ചലനങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിക്കാനായില്ല.
മധ്യനിര താരം എഡ്വിന്‍ കാര്‍ഡോണയാണ് ടീമിനായി ഗോള്‍ നേടിയത്. 41-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഫ്രീകിക്കിലൂടെ ലഭിച്ച പാസ് കൃത്യമായി വലയിലെത്തിച്ചാണ് കാര്‍ഡോണ ടീമിന് ലീഡ് സമ്മാനിച്ചത്. ഫ്രീകിക്ക് പാസിങ് ഗെയിമാക്കി മാറ്റിയ കൊളംബിയ ഇക്വഡോര്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോള്‍ നേടി. റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും വി.എ.ആറിലൂടെ പിന്നീട് ഗോള്‍ അനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇക്വഡോര്‍ ഗോള്‍ നേടാനായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധത്തിലേക്ക് വലിഞ്ഞ കൊളംബിയ ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. 51-ാം മിനിട്ടില്‍ ഇക്വഡോറിന്റെ എസ്റ്റുപിനിയാന്‍ എടുത്ത ഫ്രീകിക്ക് അത്ഭുതകരമായി തട്ടിയകറ്റി കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്പിന താരമായി. ഇക്വഡോറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റ താരം പ്ലാറ്റ രണ്ടുതവണ പരിക്ക് പറ്റിയതുമൂലം 69-ാം മിനിട്ടില്‍ ഗ്രൗണ്ട് വിട്ടത് ഇക്വഡോറിന് തിരിച്ചടിയായി. സമനില ഗോളിനായി ഇക്വഡോര്‍ കിണഞ്ഞു ശ്രമിച്ചെങ്കില്‍ കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടി എല്ലാം തകരുകയായിരുന്നു.