ക്രിസ്റ്റ്യാനോ പോയി... മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാനൊരുങ്ങി ഗ്ലേസർ കുടുംബം
|17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്
ലണ്ടൻ: കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തുവിട്ടത്. ക്രിസ്റ്റ്യാനോയുമായുള്ള ബന്ധം അവസാനിച്ചതായി ക്ലബ് വ്യക്തമാക്കിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം വിൽക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിരിക്കുകയാണ് ഗ്ലേസർ കുടുംബം. ബിഎൻഎൻ ബ്ലുംബെർഗാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്. 2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം 9 വർഷത്തോളമായി തുടരുന്ന ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടർന്ന് ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകർ തിരിഞ്ഞിരുന്നു. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗ് ജയിച്ചിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി 346 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. 145 ഗോളുകളും നേടി. പിയേഴ്സ് മോർഗനുമായുള്ള ക്രിസ്റ്റ്യനോയുടെ അഭിമുഖമാണ് വിവാദമായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വഞ്ചിച്ചതായും പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനം ഇല്ലെന്നും ക്രിസ്റ്റ്യനോ തുറന്നടിച്ചിരുന്നു.