'ഞാനാണ് ഇവിടെ കളിക്കുന്നത്, മെസിയല്ല'; അൽ ഹിലാൽ ആരാധകരോട് കയർത്ത് ക്രിസ്റ്റ്യാനോ
|മത്സരശേഷം കളം വിടുമ്പോഴും ആരാധകരോടുള്ള ദേഷ്യം മറച്ചുവെച്ചില്ല.
റിയാദ്: കളിക്കളത്തിലും പുറത്തും ചൂടൻ പെരുമാറ്റത്തിലൂടെ പലപ്പോഴും വിവാദ നായകനായ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന റിയാദ് സീസൺ കപ്പ് ഫൈനലിലും തന്റെ പെരുമാറ്റത്തിലൂടെ റോണോ വിമർശനം നേരിട്ടു. സ്‌റ്റേഡിയത്തിൽ മെസി ചാന്റ് ഉയർത്തിയ അൽ ഹിലാൽ ആരാധകരോടാണ് താരം നിലവിട്ട് പെരുമാറിയത്. ആരാധകർക്കു നേരെ കൈചൂണ്ടി രൂക്ഷമായി പ്രതികരിക്കുന്ന പോർച്ചുഗീസ് താരത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഞാനാണിവിടെ കളിക്കുന്നതെന്നും മെസി അല്ലെന്നും ആരാധകർക്ക് നേരെ രൂക്ഷമായി പറയുകയും ചെയ്തു.
كريستيانو رونالدو : انا هنا .. ليس ميسي. pic.twitter.com/GvgXgla0p5
— Messi World (@M10GOAT) February 8, 2024
നേരത്തെ മെസിയുടെ ഇന്റർ മയാമിയുമായുള്ള മത്സരത്തിൽ അൽ നസ്ർ നിരയിൽ പരിക്കു കാരണം ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. എന്നാൽ എതിരില്ലാത്ത ആറുഗോളിന് അമേരിക്കൻ മേജർ സോക്കർ ക്ലബിനെ കീഴടക്കിയാണ് അൽ നസ്ർ കലാശ കളിക്ക് യോഗ്യത നേടിയത്. ഫൈനലിൽ ക്രിസ്റ്റ്യനോ കളത്തിലിറങ്ങിയെങ്കിലും (2-0) അൽ ഹിലാലിനോട് തോറ്റ് പുറത്തായിരുന്നു. മത്സരശേഷം കളം വിടുമ്പോഴും ആരാധകരോടുള്ള ദേഷ്യം താരം മറച്ചു വെച്ചില്ല.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
— نواف الآسيوي 🇸🇦 (@football_ll55) February 8, 2024
تصرف غير اخلاقي من كريستيانو رونالدو؛ حيث وضع شال الهلال في مكان غير لائق ثم قام برميه!!!!!! pic.twitter.com/OUBzFWKjP7
ഓട്ടോഗ്രാഫിനായി തന്റെ മുന്നിലേക്ക് എറിഞ്ഞു നൽകിയ ജഴ്‌സി ചുരുട്ടിയെറിഞ്ഞാണ് താരം ഡ്രസിങ് റൂമിലേക്ക് നടന്നു പോയത്. അൽ നസ്‌റിനായി മുഴുവൻ സമയവും കളത്തിലുണ്ടായിട്ടും ഗോൾ അവസരം സൃഷ്ടിക്കാൻ റോണോക്കായില്ല. മൂന്ന് തവണ ഓഫ് സൈഡായ റൊണാൾഡോ മന:പൂർവ്വം പന്ത് തട്ടിയകറ്റിയതിന് മഞ്ഞക്കാർഡ് വാങ്ങുകയും ചെയ്തു.