അയാള് നുണ പറഞ്ഞു: പുരസ്കാരം നൽകുന്ന മാഗസിൻ എഡിറ്റർക്കെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
|എന്റെ കരിയറിന്റെ തുടക്കം മുതലുള്ള സ്പോർട്സ്മാൻഷിപ്പ്, ഫെയർ പ്ലേ എന്നിവയുടെ ഭാഗമായി ആരു വിജയം നേടിയാലും ഞാനതിനെ അഭിനന്ദിക്കും. ഞാൻ ആർക്കും എതിരല്ല എന്നതു കൊണ്ടു കൂടിയാണ് അത് ചെയ്യുന്നത്.
ബാളൻ ഡോർ പുരസ്കാരം നൽകുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്ബോളിന്റ എഡിറ്റർക്കെതിരേ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷത്തെ ബാളൻ ഡോർ പുരസ്കാരം മെസിക്കാണെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് റൊണാൾഡോയുടെ പ്രതികരണം. ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്കൽ ഫെരെക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം.
മെസിയെക്കാൾ കൂടുതൽ ബാളൻ ഡോർ നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്നു താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന ഫെരെയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തൽ നുണയാണെന്നാണ് റൊണാൾഡോ വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പരിഭാഷ
'ലയണൽ മെസിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ നേടി കരിയർ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നു താൻ പറഞ്ഞതായി പാസ്കൽ ഫെരെ നടത്തിയ വെളിപ്പെടുത്തലിനു വിശദീകരണമാണിത്. പാസ്കൽ ഫെരെ നുണ പറഞ്ഞു, അദ്ദേഹത്തിനും അദ്ദേഹം ജോലി ചെയ്യുന്ന പ്രസിദ്ധീകരണത്തിനും പ്രചാരമുണ്ടാക്കാൻ എന്റെ പേര് ഉപയോഗപ്പെടുത്തി.'
'ഫ്രാൻസ് ഫുട്ബോളിനെയും ബാളൺ ഡോറിനെയും തികഞ്ഞ ആദരവോടെ കാണുന്ന ഒരാളോട് യാതൊരു ബഹുമാനവും കാണിക്കാതെ ആ പുരസ്കാരം നൽകുന്നതിന് ഉത്തരവാദിത്വമുള്ള വ്യക്തി ഇത്തരത്തിൽ നുണ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്നത്തെ ചടങ്ങിന് ഞാൻ എത്താതിരുന്നതിനെ സംശയാസ്പദമായ ഒരു ക്വാറന്റൈൻ എന്ന രീതിയിൽ യാതൊരു കാരണവും കൂടാതെ അവതരിപ്പിച്ച് വീണ്ടും നുണ പറഞ്ഞു.'
'എന്റെ കരിയറിന്റെ തുടക്കം മുതലുള്ള സ്പോർട്സ്മാൻഷിപ്പ്, ഫെയർ പ്ലേ എന്നിവയുടെ ഭാഗമായി ആരു വിജയം നേടിയാലും ഞാനതിനെ അഭിനന്ദിക്കും. ഞാൻ ആർക്കും എതിരല്ല എന്നതു കൊണ്ടു കൂടിയാണ് അത് ചെയ്യുന്നത്. എനിക്കും ഞാൻ കളിക്കുന്ന ക്ലബിനും വേണ്ടി ഞാൻ വിജയങ്ങൾ നേടും. എനിക്കും എന്റെ നല്ലത് ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഞാൻ വിജയങ്ങൾ സ്വന്തമാക്കുന്നത്. മറ്റൊരാൾക്കും എതിരെ നിന്നല്ല ഞാൻ വിജയിക്കുന്നത്.'
'ദേശീയ ടീമിനു വേണ്ടിയും പ്രതിനിധീകരിക്കുന്ന ക്ലബിനും വേണ്ടി സാധ്യമായ എല്ലാ കിരീടങ്ങളും നേടുകയെന്നതാണ് എന്റെ ആഗ്രഹം. പ്രൊഫഷണൽ ഫുട്ബോളറാവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നല്ലൊരു മാതൃകയാവുകയെന്നതും എന്റെ ആഗ്രഹമാണ്. ലോകഫുട്ബോൾ ചരിത്രത്തിൽ എന്റെ പേര് തങ്കലിപികളിൽ എഴുതിവെക്കപ്പെടുക എന്നതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ അഭിലാഷം.'
'മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ മാത്രമാണ് എന്റെ ശ്രദ്ധയെന്നു പറഞ്ഞു കൊണ്ട് ഞാനിതവസാനിപ്പിക്കുന്നു. എന്റെ സഹതാരങ്ങൾക്കും പിന്തുണക്കുന്നവർക്കുമൊപ്പം, ഞങ്ങൾക്ക് ഈ സീസൺ കീഴടക്കാൻ കഴിയും. അതിനു ശേഷമുള്ളതെല്ലാം അതിനു ശേഷം മാത്രമാണ്.'
Summary: Cristiano Ronaldo lashes out at Ballon d'or chief after Lionel Messi claim