Football
ക്രിസ്റ്റ്യാനോ തരംഗം! സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറി അൽ-നസ്ർ; ഇൻസ്റ്റ ഫോളോവേഴ്സ് എട്ടില്‍നിന്ന് 30 ലക്ഷത്തിലേക്ക്
Football

ക്രിസ്റ്റ്യാനോ തരംഗം! സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറി അൽ-നസ്ർ; ഇൻസ്റ്റ ഫോളോവേഴ്സ് എട്ടില്‍നിന്ന് 30 ലക്ഷത്തിലേക്ക്

Web Desk
|
31 Dec 2022 7:17 AM GMT

ട്വിറ്ററിൽ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 90,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ ഫോളോവർമാരുടെ എണ്ണം!

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതിനു പിന്നാലെ സൗദി ക്ലബ് അൽ-നസ്‌റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൻ കുതിച്ചുചാട്ടം. ഒറ്റയടിക്ക് മൂന്നും നാലും ഇരട്ടി ഫോളോവർമാരാണ് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടാക്കിയത്. താരം ക്ലബിൽ ചേർന്ന വാർത്തകൾ ഔദ്യോഗികമായി പുറത്തുവിടുമ്പോൾ അൽ-നസ്‌റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 8.60 ലക്ഷം ഫോളോവർമാരായിരുന്നു ഉണ്ടായിരുന്നത്. പ്രഖ്യാപനത്തിനുശേഷം ഏതാനും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ 3.1 മില്യനാണ് ഇപ്പോഴത്തെ ഫോളോവർമാരുടെ എണ്ണം.

ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷത്തിൽനിന്ന് ഒറ്റയടിക്ക് 6.61 ലക്ഷം ആയാണ് ഉയർന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററിൽ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 90,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്!

മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട ശേഷവും 'സിആർ 7' എന്ന ബ്രാൻഡ് മൂല്യത്തിൽ ഒരു ഇടിവുമുണ്ടായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. മാർക്കറ്റിൽ അൽ-നസ്‌റിന്റെ കിറ്റിനായും ആവശ്യക്കാർ കൂടിയിട്ടുണ്ട്. വരുംദിവസങ്ങൾ ഇതു അൽ-നസ്ർ ടിഷർട്ടുകൾ ചൂടപ്പംപോലെ മാർക്കറ്റിൽ വിറ്റുപോകുമെന്നുറപ്പാണ്.

ചരിത്രം സൃഷ്ടിക്കപ്പെടുന്നുവെന്നാണ് താരം ക്ലബിൽ ചേരുന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ അൽ-നസ്ർ ട്വീറ്റ് ചെയ്തത്. ഞങ്ങളുടെ ക്ലബിനു മാത്രമല്ല, ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെയുമെല്ലാം പ്രചോദിപ്പിക്കുന്നതാണ് ഇതെന്നും ട്വീറ്റിൽ പറയുന്നു.

ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 ഡോളറുമാണ്.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ കരാർ പ്രാബല്യത്തിൽ വരും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ക്രിസ്റ്റ്യാനോ ഉടൻ സൗദിയിലെത്തും.

Summary: Soon after football superstar Cristiano Ronaldo joined Saudi Arabian club AI Nassr, the social media followers of the club has tripled and is still going strong including in Instagram, Facebook and Twitter

Similar Posts