ചൂടപ്പം പോലെ സിആർ7; 12 മണിക്കൂറിനിടെ വിറ്റത് 437 കോടിയുടെ ജഴ്സി
|ശരാശരി നൂറു പൗണ്ടിന് ജഴ്സി വിൽക്കുന്നുണ്ടെങ്കിലും ഓരോ ജഴ്സിയിലും അഞ്ചു പൗണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുക
പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് താരം. യുവന്റസിൽ നിന്ന് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടു മാറിയതിന് പിന്നാലെ, ഏഴാം നമ്പറിനെ ചൊല്ലിയുള്ള വാർത്തകളായിരുന്നു നിറയെ. നമ്പർ ഏഴ് താരത്തിന് കിട്ടുമോ ഇല്ലയോ എന്ന ആശങ്കയ്ക്കിടെ, വിഖ്യാത നമ്പർ ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തമായി. ഇപ്പോഴിതാ സിആർ 7 ജഴ്സിയാണ് വാർത്തകളിൽ നിറയുന്നത്.
വിൽപ്പനയ്ക്കു വച്ച് 12 മണിക്കൂറിനകം 60 മില്യൺ ഡോളറിന്റെ (432 കോടി രൂപ) ജഴ്സിയാണ് വിറ്റു പോയതെന്ന് ബിസോക്കര് റിപ്പോർട്ട് ചെയ്യുന്നു. ചുരുങ്ങിയത് 360,000 ജഴ്സി വിറ്റുപോയെന്നാണ് കണക്ക്. 80 മുതൽ 110 പൗണ്ട് (ശരാശരി പത്തായിരം രൂപ) വരെയാണ് ജഴ്സി കിറ്റിന്റെ വില. ഓൺലൈനായും ഓഫ് ലൈനായും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഓൾഡ് ട്രഫോർഡിലെ മെഗാ സ്റ്റോറിന് മുമ്പിൽ ജഴ്സി വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ്.
ശരാശരി നൂറു പൗണ്ടിന് ജഴ്സി വിൽക്കുന്നുണ്ടെങ്കിലും ഓരോ ജഴ്സിയിലും അഞ്ചു പൗണ്ട് (500 രൂപ) മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുക. ക്ലബുമായുള്ള കരാർ പ്രകാരം ജഴ്സി നിർമാതാക്കളായ അഡിഡാസിനാണ് തുകയുടെ സിംഹഭാഗവും ലഭിക്കുക. പത്തു വർഷത്തേക്ക് 750 ദശലക്ഷം പൗണ്ടിന്റെ കരാറാണ് അഡിഡാസുമായി യുണൈറ്റഡിനുള്ളത്. 2014ലാണ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കിറ്റ് ഡീൽ ഒപ്പുവയ്ക്കപ്പെട്ടത്.
Thinking of our colleagues at the Megastore this morning 😅
— Manchester United (@ManUtd) September 3, 2021
7️⃣ @Cristiano#MUFC | #RonaldoReturns
അതിനിടെ, ദേശീയ ഡ്യൂട്ടി കഴിഞ്ഞ് ക്രിസ്റ്റ്യാനോ സ്വകാര്യവിമാനത്തിൽ മാഞ്ചസ്റ്ററിലെത്തി. മുൻ സഹതാരവും യുണൈറ്റഡിന്റെ ടെക്നിക്കൽ ഡയറക്ടറുമായ ഡാരൻ ഫ്ളച്ചർ അദ്ദേഹത്തെ സ്വീകരിച്ചു. ചാമ്പ്യൻസ് ലീഗിനുള്ള 25 അംഗ ടീമിൽ താരം ഇടംപിടിച്ചിട്ടുണ്ട്. സെപ്തംബർ 14ന് സ്വിസ് ടീമായ യങ് ബോയ്സിനെതിരെയാണ് യുണൈറ്റഡിന്റെ ആദ്യ മത്സരം. അഞ്ചു ദിവസത്തെ ക്വാറന്റീനു ശേഷം താരം പരിശീലനത്തിനിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഏഴാം നമ്പർ വന്ന വഴി
ക്രിസ്റ്റ്യാനോക്ക് ഏഴാം നമ്പർ ജഴ്സി നൽകാൻ യുണൈറ്റഡിന് മുമ്പിൽ പ്രീമിയർ ലീഗ് നിയമങ്ങൾ തടസ്സമായിരുന്നു. അനുവദിക്കുന്ന നമ്പറിൽ മാത്രമേ ഒരു സീസണിൽ താരങ്ങൾ കളത്തിലിറങ്ങാവൂ എന്നാണ് പ്രീമിയർ ലീഗ് ചട്ടം. എന്നാൽ ഏഴാം നമ്പർ വിട്ടു നൽകാൻ തയ്യാറാണ് എന്ന് കവാനി ക്ലബ് അധികൃതരെ അറിയിച്ചു. റോണോയ്ക്ക് ഏഴാം നമ്പർ നൽകുന്നതിനായി യുണൈറ്റഡ് പ്രീമിയർ ലീഗ് അതോറിറ്റിക്ക് മുമ്പിൽ പ്രത്യേക അപേക്ഷ നൽകുകയും ചെയ്തു. അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ നമ്പർ ക്ലബ് റോണോയുടെ സ്വന്തമാകുകയായിരുന്നു.
2002-03ലെ ആദ്യ സീസണിൽ സ്പോട്ടിങ് ക്ലബിനു വേണ്ടി 28-ാം നമ്പർ ജഴ്സിയാണ് താരം ധരിച്ചിരുന്നത്. എന്നാൽ 2003-04 സീസണിൽ ഏഴാം നമ്പർ ലഭിച്ച ശേഷം യുണൈറ്റഡിൽ മറ്റൊരു ജഴ്സി ക്രിസ്റ്റ്യാനോ ധരിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ആദ്യ വർഷം ഒമ്പതാം നമ്പർ ജഴ്സിയാണ് താരം ധരിച്ചിരുന്നത്. റൗൾ ഗോൺസാലസായിരുന്നു ഏഴാം നമ്പർ താരം.
കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി. ആൺ വസ്ത്രങ്ങളും പെർഫ്യൂമുകളുമാണ് പ്രധാന വിൽപ്പന. അന്താരാഷ്ട്ര കായിക ബ്രാൻഡായ നൈക്കി, റൊണോൾഡോയുടെ പേരിൽ സിആർ സെവൻ എന്ന പേരിൽ പ്രത്യേക ബൂട്ട് സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഈ ഭൂമുഖത്തെ ഏറ്റവും വലിയ ഇൻഫ്ളുവൻസേഴ്സിൽ ഒരാളായ റോണോയുമായി ആജീവനാന്ത കരാറാണ് നൈക്കിക്കുള്ളത്.