ക്രിസ്റ്റ്യാനോ ജൂനിയറും യുനൈറ്റഡ് വിട്ടു; റയലിലേക്കെന്ന് റിപ്പോർട്ട്
|നേരത്തെ റയൽ മാഡ്രിഡ് യൂത്ത് അക്കാദമിക്കു വേണ്ടി 20 കളികളിൽനിന്ന് 50 ഗോൾ സ്വന്തം പേരിൽ കുറിച്ചിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ
ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടതിനു പിന്നാലെ മകനും ക്ലബ് വിട്ടതായി റിപ്പോർട്ട്. മുൻ ക്ലബായ റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിൽ ചേർന്നതായി സ്പാനിഷ് മാധ്യമമായ 'ലാ റേസൺ' റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സ് ജേണലിസ്റ്റ് എജ്യു കോർണാഗോയെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
റയൽ മാഡ്രിഡിലാണ് ക്രിസ്റ്റിയാനോ ജൂനിയർ കരിയറിന് തുടക്കമിടുന്നത്. എന്നാൽ, പിതാവ് യുവന്റസിനൊപ്പം ചേർന്നപ്പോൾ ക്രിസ്റ്റ്യാനോ ജൂനിയറും അങ്ങോട്ടു കൂടുമാറി. യുവന്റസിൽനിന്ന് ക്രിസ്റ്റിയാനോ യുനൈറ്റഡിലെത്തിയപ്പോൾ ക്ലബിലേക്കും മാറുകയായിരുന്നു. നേരത്തെ, റയൽ യൂത്ത് അക്കാദമിക്കു വേണ്ടി 20 കളികളിൽനിന്ന് 50 ഗോൾ സ്വന്തം പേരിൽ കുറിച്ചിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ.
അതിനിടെ, ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അന്നസ്റിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ ക്ലബുമായി കരാറിൽ ഒപ്പുവയ്ക്കുമെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തിരുന്നു. ഏഴു വർഷത്തേക്കായിരിക്കും കരാറെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ടര വർഷം ക്ലബിന്റെ കുപ്പായത്തിൽ ക്രിസ്റ്റ്യാനോ കളിക്കും. ഇതിനുശേഷം സൗദി അറേബ്യൻ ഫുട്ബോളിന്റെ ബ്രാൻഡ് അംബാസഡറായായിരിക്കും താരത്തിന്റെ സേവനം. നിലവിൽ, ലയണൽ മെസ്സി സൗദിയുടെ ടൂറിസം അംബാസഡറാണ്. എന്നാൽ, 2030 ലോകകപ്പിന്റെ ആതിഥേയാവകാശം സ്വന്തമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സൗദി ക്രിസ്റ്റ്യാനോയെ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കരാർ തുകയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, 2024നുശേഷം പ്രതിഫലത്തിൽ പ്രതിവർഷം 200 മില്യൻ യൂറോയുടെ(ഏകദേശം 1,758 കോടി രൂപ) വർധനയുണ്ടാകുമെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തത്.
ലോകകപ്പിനു തൊട്ടുമുൻപാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിനു പിന്നാലെയായിരുന്നു ഇത്. ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിൽ യുനൈറ്റഡിനും കോച്ച് എറിക് ടെൻഹാഗിനുമെതിരെ താരം കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു.
Summary: After Cristiano Ronaldo, his son leaves Manchester United and joins Real Madrid youth academy: Reports