Football
CristianoMessimatch, CristianoRonaldo, LionelMessi, PSG, AlNassr
Football

മെസി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന് റിയാദൊരുങ്ങി; വിലക്ക് മറികടക്കാൻ 'Cr7' പുതിയ ജഴ്സിയില്‍

Web Desk
|
17 Jan 2023 1:41 AM GMT

19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം

റിയാദ്: ലയണൽ മെസിയുടെ പി.എസ്.ജിയുമായുള്ള പോരാട്ടത്തിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുമെന്ന് ഉറപ്പായി. എന്നാല്‍, വിലക്ക് മറികടക്കാൻ സ്വന്തം ക്ലബായ അൽനസ്റിന്‍റെ ജഴ്സിയിലാകില്ല ക്രിസ്റ്റ്യാനോ ഇറങ്ങുക. സൗദി ക്ലബുകളായ അൽ നസ്റിന്‍റെയും അല്‍ ഹിലാലിന്‍റെയും താരങ്ങളുടെ സംയുക്ത സംഘമാണ് പി.എസ്.ജിയെ റിയാദിൽ നേരിടുക.

റിയാദിൽ നടക്കുന്ന വൻകിട ടൂറിസം വിനോദ പരിപാടിയായ റിയാദ് സീസൺ സംഘടിപ്പിക്കുന്നതാണ് മത്സരം. റിയാദ് സീസൺ കപ്പ് എന്ന പേരിലുള്ള മത്സരത്തിനായി സൂപ്പർ താരം ലയണൽ മെസിയുൾപ്പെടെ എത്തുമെന്നാണ് റിപ്പോർട്ട്. നേരത്തെ, അൽ നസ്റുമായുള്ള മത്സരമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്രിസ്റ്റ്യാനോയ്ക്കു സ്വന്തം ക്ലബിന്‍റെ കുപ്പായത്തില്‍ കളിക്കാന്‍ വിലക്കുള്ളതോടെ സംയുക്ത ടീമിനെ ഒരുക്കുകയായിരുന്നു. മുൻ ക്ലബായിരുന്ന മാഞ്ചസ്റ്ററിനു വേണ്ടിയുള്ള കളിക്കിടെ ആരാധകനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ താരത്തിനു ലഭിച്ച വിലക്കാണ് തിരിച്ചടിയായത്.

എവർട്ടനോട് തോറ്റ ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ഒരു ആരാധകൻ മൊബൈലിൽ വിഡിയോ പിടിക്കുന്നത് ക്രിസ്റ്റ്യാനോ തടയുകയും മൊബൈൽ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രണ്ട് മത്സരത്തിൽ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടെ അൽ നസ്റിലെത്തിയെങ്കിലും താരങ്ങളുടെ സ്റ്റാറ്റസ് ആന്‍ഡ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച ഫിഫയുടെ നിയമം അനുസരിച്ച്, ക്ലബ് മാറിയാലും പുതിയ അസോസിയേഷന്‍ വിലക്ക് നടപ്പാക്കണം.

അൽ നസ്റുമായുള്ള കരാർ ഒപ്പുവയ്ക്കാൻ വൈകിയതിനാൽ രണ്ടു മത്സരങ്ങൾ ക്രിസ്റ്റ്യാനോക്ക് ഇതുവരെ പൂർത്തിയാക്കാനിയിട്ടില്ല. ഇതിനാൽ അൽ നസ്ർ ജഴ്സിയണിഞ്ഞാകില്ല വ്യാഴാഴ്ചത്തെ മത്സരത്തിന് താരം ഇറങ്ങുക. വിലക്ക് മറികടക്കാൻ റിയാദ് സീസൺ ഭാരവാഹികൾ സൗദിയിലെ പ്രധാന ക്ലബുകളായ അൽ നസ്റിന്‍റെയും ഹിലാലിന്‍റെയും താരങ്ങളെ ചേർത്ത് പുതിയ ടീം രൂപീകരിച്ചു. ഇതിന്‍റെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോയെ സൗദി ജനറൽ എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. അറുപതിനായിരം പേർക്കിരിക്കാവുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുപോയിരുന്നു. കുറഞ്ഞ എണ്ണം പ്രവാസികൾക്കാണ് ടിക്കറ്റ് ലഭിച്ചത്. മത്സരത്തിന്‍റെ ഒരു ടിക്കറ്റ് പ്രത്യേകം റിയാദ് സീസൺ ലേലത്തിൽ വച്ചു. രണ്ട് ടീമിനുമൊപ്പം ഫോട്ടോയും ഡിന്നറും കിരീടധാരണ ചടങ്ങിലേക്കുള്ള പ്രവേശനവും നൽകുന്നതാണ് ടിക്കറ്റ്. ലേലത്തിൽ ഇതുവരെ ഒരു കോടി റിയാലിനു മുകളിലാണ് വിളിച്ചത്.

Summary: Cristiano Ronaldo set to captain Al Nassr-Al Hilal combined XI for the expected match against Lionel Messi's PSG

Similar Posts