'ഞാന്‍ മാറിയിട്ടില്ല, കോച്ചിനോട് ബഹുമാനം'; ഖേദം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ
|"ഞാൻ പ്രതിനിധീകരിച്ച ടീമുകളിലെ യുവാക്കൾക്ക് എല്ലാ കാലത്തും സ്വയം മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്"
മാഞ്ചസ്റ്റർ: ടോട്ടൻഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട നടപടിയിൽ ഖേദപ്രകടനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും ചില വേളകളിൽ കോപം നമ്മെ അതിജയിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം പറയുന്നു. സഹകളിക്കാർക്കും കോച്ചുമാർക്കും എല്ലാ കാലത്തും ബഹുമാനം നൽകിയ കളിക്കാരനാണ് താനെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
ബുധനാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു നാടകീയ സംഭവങ്ങൾ. ബഞ്ചിലുണ്ടായിട്ടും തനിക്ക് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് എണ്പത്തിയൊമ്പതാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഇറങ്ങിപ്പോക്ക്. ഇതിന് പിന്നലെ, ചെൽസിക്കെതിരെയുള്ള മത്സരത്തിൽനിന്ന് താരത്തെ കോച്ച് ടെൻ ഹാഗ് ഒഴിവാക്കി.
ക്രിസ്റ്റിയാനോയുടെ കുറിപ്പിന്റെ പൂർണരൂപം
'എന്റെ കരിയറിൽ ഞാൻ എല്ലാ കാലത്തും ചെയ്ത പോലെ, സഹകളിക്കാരോടും എതിരാളികളോടും കോച്ചുമാരോടും ബഹുമാന പൂർവ്വം പെരുമാറി, കളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് മാറിയിട്ടില്ല. ഞാനും മാറിയിട്ടില്ല. ഇരുപതു വർഷമായി മുൻനിര ഫുട്ബോൾ കളിക്കുന്ന അതേ പ്രൊഫഷണലും വ്യക്തിയുമാണ് ഞാൻ. തീരുമാനമെടുപ്പിൽ ബഹുമാനം വലിയ പങ്കുവഹിക്കുന്നുണ്ട്.'
'ചെറുപ്പത്തിലാണ് ഞാൻ കളി തുടങ്ങിയത്. മുതിർന്ന, അനുഭവസമ്പത്തുള്ള കളിക്കാർ എനിക്കെന്നും പ്രധാനമായിരുന്നു. അതുകൊണ്ടു തന്നെ, ഞാൻ പ്രതിനിധീകരിച്ച ടീമുകളിലെ യുവാക്കൾക്ക് എല്ലാ കാലത്തും സ്വയം മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ എല്ലാ സമയത്തും അതു സാധ്യമായിക്കൊള്ളണമെന്നില്ല. ചില വേളകളിൽ ക്ഷോഭം നമ്മിലെ മികച്ചവരെ പോലും കീഴ്പ്പെടുത്തുന്നു.'
'ഇപ്പോൾ കാരിങ്ടണിൽ (മാഞ്ചസ്റ്റർ ടീം പരിശീലിക്കുന്ന സ്ഥലം) കഠിനാധ്വാനം ചെയ്യണം. എന്റെ സഹകളിക്കാരെ പിന്തുണയ്ക്കണം. കളിക്കായി എല്ലാം നൽകാൻ തയ്യാറാകണം. സമ്മർദത്തിൽ വീണുപോകുന്നത് ഒരു വഴിയല്ല. അതങ്ങനെ ആയിരുന്നില്ല. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഞങ്ങളൊന്നിച്ചു നിൽക്കും. ഉടൻ വീണ്ടും നമ്മളൊന്നിക്കും.'
ടെൻഹാഗിനു കീഴിൽ 12 കളികളിൽ നിന്ന് രണ്ടു ഗോൾ മാത്രമാണ് ഇതിഹാസ താരം ഇതുവരെ നേടിയിട്ടുള്ളത്. പ്രീമിയർ ലീഗിൽ മൂന്നു മത്സരങ്ങളിൽ മാത്രമാണ് ക്രിസ്റ്റ്യാനോ ആദ്യ ഇലവനിലുണ്ടായിരുന്നത്. ഇതിലൊന്നും ടീം വിജയിച്ചില്ല. എന്നാൽ കോച്ച് എറിക് ടെൻഹാഗ് താരത്തെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ഇംഗ്ലണ്ട് മുൻ താരം റിയോ ഫെർഡിനാന്റ് ഉൾപ്പെടെയുള്ളവർ പറയുന്നു. 'ബഞ്ചിലിരുത്തുകയാണ് എങ്കിൽ അവനെ പോകാൻ അനുവദിക്കൂ' എന്നാണ് വൈബ് വിത്ത് ഫൈവിന് നൽകിയ പോഡ്കാസ്റ്റിൽ യുണൈറ്റഡ് ഇതിഹാസം പറഞ്ഞത്.