![Cristiano missed the penalty; Al Nasr out of Kings Cup Cristiano missed the penalty; Al Nasr out of Kings Cup](https://www.mediaoneonline.com/h-upload/2024/10/30/1448907-al-nassar.webp)
പെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ; കിങ്സ് കപ്പിൽ നിന്ന് അൽ നസ്ർ പുറത്ത്
![](/images/authorplaceholder.jpg?type=1&v=2)
90+6ാം മിനിറ്റിൽ ലഭിച്ച നിർണായക പെനാൽറ്റിയാണ് റോണോ നഷ്ടപ്പെടുത്തിയത്
റിയാദ്: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അൽ-നസ്ർ പുറത്ത്. അൽ താവൂനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. 90+6ാം മിനിറ്റിൽ ലഭിച്ച നിർണായക പെനാൽറ്റിയാണ് റോണോ നഷ്ടപ്പെടുത്തിയത്. ഷോട്ട് പോസ്റ്റിന് പുകളിലൂടെ പോകുകയായിരുന്നു. അവസാന നിമിഷം സമനിലപിടിച്ച് മത്സരം അധികസമയത്തേക്ക് കൊണ്ടുപോകാനുള്ള അവസരമാണ് ഇതോടെ ടീമിന് നഷ്ടമായത്. ഇതോടെ റൗണ്ട് ഓഫ് 16ൽ നിന്ന് അൽ-നസ്ർ തലതാഴ്ത്തി മടങ്ങി.
അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 71ാം മിനിറ്റിൽ വാലിദ് അൽ അഹമദാണ് താവൂനിനായി ഗോൾനേടിയത്. നിശ്ചിത സമയത്ത് ഗോൾ മടക്കാനുള്ള അൽ നസ്ർ ശ്രമങ്ങൾ വിജയിച്ചില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ പെനാൽറ്റി അവസരം ലഭിക്കുകയായിരുന്നു. ബോക്സിനുള്ളിൽ മുഹമ്മദ് മറാനെയെ താവൂൻ താരം അൽ അഹമദ് വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടുകയായിരുന്നു. എന്നാൽ കിക്കെടുത്ത റോണോക്ക് പിഴച്ചു. ക്രിസ്റ്റ്യാനോ ക്ലബിനൊപ്പം ചേർന്ന ശേഷം മൂന്നാംതവണയാണ് കിങ്സ് കപ്പ് കിരീടമില്ലാതെ ടീം മടങ്ങുന്നത്.