റൊണാൾഡോയിലുള്ള വിശ്വാസം കോച്ച് തുടരുമോ?
|ലെയ്പിസിഗിലെ റെഡ് ബുൾ അരീന സ്റ്റേഡിയത്തിലേക്ക് കൂട്ടം കൂട്ടമായി നടക്കുന്ന പോർച്ചുഗൽ ആരാധകരെല്ലാം റൊണാൾഡോ ജഴ്സിയണിഞ്ഞിട്ടുണ്ടായിരുന്നു. ചിലർ കൈകളിൽ റൊണാൾഡോയുടെ വലിയ ബാനറുകൾ ഏന്തിയിട്ടുണ്ട്. അവരുടെ ചുണ്ടുകളിലൊക്കെയിലും പോർച്ചുഗീസ് ഭാഷയുടെ പ്രത്യേക താളത്തിൽ ചൊല്ലുന്ന റൊണാൾഡോ ചാൻറുകളായിരുന്നു . മെസ്സിയെ വർണിച്ചുകൊണ്ടുള്ള ചാൻറുകൾ ചൊല്ലി പോർച്ചുഗീസ് ആരാധകരെ ക്ഷുഭിതരാക്കാൻ ശ്രമിക്കുന്ന ചെക്ക് റിപ്പബ്ലിക് ആരാധകരെ മറുവശത്തും കണ്ടു.
കൊടുങ്കാറ്റിനെപ്പോലെ മൈതാനത്ത് വീശിയടിച്ചിരുന്ന പോയകാലത്തെ ക്രിസ്റ്റ്യാനോ ഇനി വരില്ലെന്ന് കടുത്ത ആരാധകർക്ക് പോലുമറിയാം. റൊണാൾഡോയുടെ താരത്തിളക്കത്തിൽ വന്നിരുന്ന പോർച്ചുഗലല്ല പുതിയ പോർച്ചുഗലെന്നും അവർക്കറിയാം. റൊണാൾഡോ ആദ്യ ഇലവനിൽ വേണോയെന്ന സംവാദം പോർച്ചുഗലിൽ കൊടുമ്പിരികൊള്ളുന്നുണ്ട്. പക്ഷേ ആ ബലിഷ്ഠമായ കാലുകളിലും ചാട്ടുളിപോലെയുള്ള ഹെഡറുകളിലും വീണ്ടുമൊരിക്കൽ കൂടി അയാൾ പോയകാലം ആവർത്തക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.
റൊണാൾഡോയെ ബെഞ്ചിലിരുത്തി ലോകത്തിെൻറയാകെ ശത്രുവാകാൻ റോബർട്ടോ മാർട്ടിനസിന് പ്രയാസമുണ്ട്. മാത്രമല്ല, അയാളുടെ വരവോടെ പോർച്ചുഗീസ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ ഉണർന്നെണീക്കുകയും നല്ലൊരു ബന്ധം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. യോഗ്യതമത്സരങ്ങളിലും അയർലൻഡിനെതിരായ മത്സരങ്ങളിലും ആ കാലുകൾ പോർച്ചുഗലിനെ രക്ഷിച്ചതുമാണ്.
എന്നാൽ വൈകാരികതക്കപ്പുറത്ത് സ്റ്റാറ്റിറ്റിക്സിലേക്ക് വന്നാൽ കോച്ചിന് ചിലചിന്തകൾ യൂറോയിലെ ആദ്യമത്സരം ഉയർത്തുന്നുണ്ട്. കാരണം ടൈമിങ് തെറ്റിയ മൂർച്ചയില്ലാത്ത റൊണാൾഡോയെ മത്സരത്തിൽ പലകുറി കണ്ടു. എട്ടാം മിനുറ്റിൽ റാഫേൽ വായുവിൽ നീട്ടിനൽകിയ പന്ത് ഹെഡറിനായി അളന്നെടുക്കുന്നതിൽ റോണാക്ക് തെറ്റി. 32ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസ് അതി മനോഹരമായ ഉൾക്കാഴ്ചയിൽ നീട്ടിനൽകിയ പന്തിെൻറ ഗതി മനസ്സിലാക്കി ഓടിയെത്തിയെങ്കിലും ചെക്ക് ഗോളിയെ മറികടക്കാൻ റോണോക്കായില്ല. ഗ്യാലറികളിലെ നിശ്വാസങ്ങൾക്കൊപ്പം 57ാം മിനുറ്റിൽ തൊടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് തന്നെ വന്നെങ്കിലും മൂർച്ചയില്ലായിരുന്നു. ചില നിമിഷങ്ങളിൽ മാത്രമാണ് റൊണാൾഡോയെ ഫുൾ േഫ്ലായിൽ മൈതാനത്ത് കണ്ടത്.
ചെക്ക് റിപ്പബ്ലിക്കിനെതിരെ പോർച്ചുഗൽ വിറച്ചാണ് ജയിച്ചത്. അതിഗംഭീര സ്ക്വാഡുള്ള പറങ്കിപ്പടയിൽ നിന്നും പ്രതീക്ഷിച്ച പ്രകടനം എവിടെയും കണ്ടില്ല. ബെൽജിയത്തിെൻറ സുവർണതലമുറക്കൊപ്പം കിരീടത്തിളക്കമില്ലാതെ പടിയിറങ്ങിയ മാർട്ടിനസ് പോർച്ചുഗലിലും അതാവർത്തിക്കുമോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. തീർച്ചയായും ഇത് മാർട്ടിനസിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കും. അതുകൊണ്ടുതന്നെ റൊണാൾഡോയെ പിണക്കാതെയും അതോടൊപ്പം തന്നെ മറ്റുസാധ്യതകൾ ഉപയോഗപ്പെടുത്തിയുമുള്ള ഒരു ഡിേപ്ലമാറ്റിക് ലെവലിലേക്ക് ടീമിനെ മാറ്റാനാണ് സാധ്യത.