ഞങ്ങളെ വിശ്വസിക്കൂ; തോൽവിക്ക് പിന്നാലെ ആരാധകരോട് ക്രിസ്റ്റിയാനോ
|രണ്ടിനെതിരെ നാലു ഗോളിനാണ് പറങ്കിപ്പട തോറ്റത്
യൂറോ കപ്പിൽ ജർമനിയിൽ നിന്നേറ്റ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 'ഞങ്ങൾ ചെയ്യുന്ന അത്രയും ഞങ്ങളിൽ വിശ്വസിക്കൂ' എന്നാണ് താരം കുറിച്ചത്. ടീം ഒന്നിച്ച് നിൽക്കുന്നതിന്റെ ചിത്രവും ക്രിസ്റ്റ്യാനോ പങ്കുവച്ചു. മരണഗ്രൂപ്പിൽ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളിനാണ് പറങ്കിപ്പട തോറ്റത്.
ആദ്യ കളിയിൽ ഹംഗറിയെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് നിലവിലെ ചാമ്പ്യന്മാര് ജര്‍മനിക്കെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ തുടക്കം മുതൽ കളത്തിൽ ആധിപത്യം ചെലുത്തിയ എതിരാളികൾക്കെതിരെ ആദ്യ ഗോൾ കണ്ടെത്തി പോര്‍ച്ചുഗല്‍ ഞെട്ടിച്ചു.
പോർച്ചുഗൽ ഹാഫിൽ നിന്ന് ബെർണാഡോ സിൽവ തുടക്കമിട്ട കൗണ്ടർ ആക്രമണമാണ് ഗോളായി മാറിയത്. സിൽവ നൽകിയ ക്രോസ് ഇടതുവിങ്ങിൽ സ്വീകരിച്ച ഡിയഗോ ജോട്ട അതിവേഗത്തിൽ അത് ക്രിസ്റ്റിയാനോയ്ക്ക് കൈമാറി. ഗോൾ കീപ്പർ മാനുവൽ ന്യൂയറെ നിസ്സഹായനാക്കിയ നീക്കത്തിൽ പന്ത് വലയിലേക്ക് തിരിച്ചു വിടേണ്ട ജോലിയേ റോണോക്ക് ഉണ്ടായിരുന്നുള്ളൂ.
അതിനിടെ രണ്ട് ഓൺ ഗോളുകൾ പെപ്പെയും റൂബൻ ഡയസും നേതൃത്വം നൽകിയ പ്രതിരോധ നിരയുടെ ദൗർബല്യം വെളിപ്പെടുത്തി. റോബിൻ ഗോസൻസിന്റെയും കിമ്മിച്ചിന്റെയും രണ്ട് തകർപ്പൻ ക്രോസുകളാണ് പ്രതിരോധ നിരയുടെ ദേഹത്ത് തട്ടി വലയിൽ കയറിയത്. നാലു മിനിറ്റിനിടെ വീണ രണ്ട് ഓൺഗോളുകളിൽ പോര്‍ചുഗല്‍ പകച്ചു.
രണ്ടാം പകുതിയിൽ ഗോളി റൂയി പാട്രീഷ്യയെ കബളിപ്പിച്ച് കായ് ഹാവാർട്സും തകർപ്പൻ ഹെഡറിലൂടെ റോബിൻ ഗോസെൻസുമാണ് ജർമനിക്കായി മൂന്നും നാലും ഗോളുകള്‍ നേടിയത്. പോർച്ചുഗലിനായി ജോട്ടയാണ് രണ്ടാം ഗോൾ നേടിയത്. റൊണാൾഡോയുടെ അക്രോബാറ്റിക് പാസിൽ നിന്നായിരുന്നു ജോട്ടയുടെ ഗോൾ.
കളിയിൽ ഏഴു ഷോട്ടാണ് പോർച്ചുഗൽ ലക്ഷ്യത്തിലേക്ക് ഉതിർത്തത്. എന്നാൽ ജർമനി 12 ഷോട്ടുകളാണ് പായിച്ചത്. ഇതിൽ ഏഴെണ്ണവും ഗോളിലേക്കായിരുന്നു. ജർമനി 581 പാസുകൾ പൂർത്തിയാക്കിയപ്പോൾ പോർച്ചുഗലിന് നൽകാനായത് 480 എണ്ണം മാത്രം.