"നമ്മളുടെ മക്കൾക്കായി മികച്ചൊരു ലോകം പണിയേണ്ടതുണ്ട്" യുക്രൈന്‍ വിഷയത്തില്‍ പ്രതികരണവുമായി റൊണാള്‍ഡോ
|അതേസമയം 2013 മുതൽ ക്ലബിന്റെ സ്പോൺസർമാരിലുള്ള റഷ്യൻ എയർലൈനായ എയ്‌റോഫ്ലോട്ടുമായുള്ള പങ്കാളിത്തം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടെന്നു വെച്ചിരുന്നു
യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റഷ്യയുമായി നടക്കുന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് പോളണ്ട് ഫുട്ബോൾ ടീം അറിയിച്ചതടക്കം നിരവധി പ്രതിഷേധങ്ങൾ റഷ്യക്കെതിരെ ഉയര്‍ന്നിരുന്നു.
യുക്രൈന്‍ വിഷയത്തിൽ ഒരു പക്ഷവും ചേരാതെയാണ് റൊണാൾഡോ പ്രതികരണം അറിയിച്ചത്. "നമ്മളുടെ മക്കൾക്കായി മികച്ചൊരു ലോകം പണിയേണ്ടതുണ്ട്. ലോകത്ത് സമാധാനം പുലരാൻ പ്രാർത്ഥിക്കുന്നു." തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചു.
അതേസമയം 2013 മുതൽ ക്ലബിന്റെ സ്പോൺസർമാരിലുള്ള റഷ്യൻ എയർലൈനായ എയ്‌റോഫ്ലോട്ടുമായുള്ള പങ്കാളിത്തം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടെന്നു വെച്ചിരുന്നു. ഏതാണ്ട് നാൽപതു മില്യൺ യൂറോ മൂല്യമുള്ള ഡീലാണ് റഷ്യക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പിൻവലിച്ചത്.
ഫുട്ബോൾ ലോകത്ത് റഷ്യക്കെതിരെയും യുക്രൈനു പിന്തുണ നൽകിയും നിരവധി പേരാണ് എത്തുന്നത്. യൂറോപ്പ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെയും താരങ്ങള്‍ യുദ്ധം നിര്‍ത്തൂ എന്നെഴുതിയ ബാനറുകളുമായി അണിനിരന്നിരുന്നു. ബയേൺ മ്യൂണിക്കിന്റെ മത്സരത്തിന്റെ യുക്രൈൻ പതാകയുടെ നിറമുള്ള ആംബാൻഡ് അണിഞ്ഞാണ് പോളണ്ട് സൂപ്പർതാരം ലെവൻഡോസ്‌കി ഇറങ്ങിയത്.