Football
യുണൈറ്റഡ് ചതിച്ചു, ടെന്‍ഹാഗിനോട് ഒരു ബഹുമാനവുമില്ല; ഗുരുതര ആരോപണങ്ങളുമായി ക്രിസ്റ്റ്യാനോ
Football

''യുണൈറ്റഡ് ചതിച്ചു, ടെന്‍ഹാഗിനോട് ഒരു ബഹുമാനവുമില്ല''; ഗുരുതര ആരോപണങ്ങളുമായി ക്രിസ്റ്റ്യാനോ

Web Desk
|
14 Nov 2022 4:43 AM GMT

പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെൻഹാഗിനെതിരെയും ഗുരുതര ആരോപണങ്ങളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും കോച്ച് ടെൻഹാഗിനോട് ഒരു ബഹുമാനവുമില്ലെന്നും താരം പറഞ്ഞു. പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.

'''കോച്ച് മാത്രമല്ല, മറ്റു രണ്ടോ മൂന്നോ പേർ കൂടി എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്.. ഇപ്പോൾ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലർക്ക് ഞാനിവിടെ തുടരുന്നത് ഇഷ്ടമല്ല. ഈ വർഷം മാത്രമല്ല.. കഴിഞ്ഞ വർഷവും അവർക്ക് അതേ നിലപാട് തന്നെയായിരുന്നു''- ക്രിസ്റ്റ്യാനോ പറഞ്ഞു. കോച്ചിന് തന്നോട് ബഹുമാനമില്ലാത്തതിനാൽ തനിക്ക് തിരിച്ചും ബഹുമാനമില്ലെന്നും വെയ്ൻ റൂണി തനിക്കെതിരെ നടത്തിയ വിമർശനങ്ങള്‍ ആസൂയ മൂത്താണെന്നും താരം തുറന്നടിച്ചു.

യുണൈറ്റഡ് കോച്ച് എറിക് ടെൻഹാഗുമായി സീസണിന്‍റെ തുടക്കം മുതൽ തന്നെ ക്രിസ്റ്റ്യാനോ സ്വരച്ചേർച്ചയിലല്ല. സീസണിൽ വളരെ ചുരുങ്ങിയ കളികളിൽ മാത്രമേ താരത്തേ ടെൻ ഹാഗ് തന്‍റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പലപ്പോഴും പകരക്കാരന്‍റെ റോളിൽ ഇറക്കിയപ്പോൾ മാഞ്ചസ്റ്റര്‍ ഡെർബിയടക്കം ചില പ്രധാന മത്സരങ്ങളിൽ കളിക്കാനിറക്കിയത് പോലുമില്ല.

ഓൾഡ് ട്രാഫോഡിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിനിടെ സമയം പൂർത്തിയാകും മുമ്പേ താരം ഗ്രൗണ്ടിൽനിന്ന് കയറിപ്പോയത് വിവാദമായിരുന്നു. പിന്നാലെ ചെൽസിയുമായുള്ള അടുത്ത കളിയിൽ റോണോയെ ടെൻഹാഗ് പുറത്തിരുത്തി. റയോ വല്ലെകാനോക്കെതിരെയുള്ള മത്സരത്തിനിടയിലും നേരത്തെ കയറിപ്പോയതിന് റൊണോൾഡോയും ചില സഹതാരങ്ങളും കോച്ചിന്‍റെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ടോട്ടനത്തിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചെന്ന് ടെൻഹാഗ് പിന്നീട് വെളിപ്പെടുത്തി.

കഴിഞ്ഞ ആഗസ്റ്റിൽ ക്ലബ് വിടാൻ ക്രിസ്റ്റ്യാനോ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനമാകാതായതോടെ യുണൈറ്റഡില്‍ തുടരുകയായിരുന്നു. ഇതോടെയാണ് ക്ലബും താരവും തമ്മിൽ അസ്വാരസ്യം തുടങ്ങിയത്. ലോകകപ്പിന് ശേഷം ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതോടെ റോണോ യുണൈറ്റഡ് വിടുമെന്നാണ് സൂചന.

Similar Posts