കാണികൾക്ക് നേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോക്ക് ഒരു മത്സരത്തിൽ വിലക്കും പിഴയും
|നടപടിക്കെതിരെ പോർച്ചുഗീസ് താരത്തിന് അപ്പീൽ നൽകാൻ സാധിക്കില്ല
റിയാദ്: കാണികൾക്കു നേരെ അശ്ലീല മുദ്ര കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി പ്രൊ ലീഗ് ഫുട്ബോളിൽ പിഴയും വിലക്കും ചുമത്തി. ഒരു കളിയിൽ നിന്നാണ് വിലക്കിയത്. 20,000 റിയാൽ പിഴയും വിധിച്ചു. അൽ ഷബാബിനെതിരായ 3-2 വിജയത്തിനു ശേഷം എതിർ കാണികൾക്കു നേരെ അശ്ലീല മുദ്ര കാണിച്ചതിനാണ് സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി നടപടി സ്വീകരിച്ചത്. വിലക്കിനെതിരെ അപ്പീൽ സാധ്യമല്ല.
മെസ്സി, മെസ്സി എന്ന് വിളിച്ച് റൊണാൾഡോയെ കാണികളിൽ ഒരു വിഭാഗം പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലായിരുന്നു താരത്തിന്റെ അശ്ലീല പ്രതികരണം. മത്സരം കഴിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് മടങ്ങും മുമ്പായിരുന്നു സംഭവം. എന്നാൽ ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷൻ ക്യാമറകളിൽ കാണിച്ചില്ലെങ്കിലും ഗ്യാലറിയിലെ ചില ആരാധകർ പകർത്തിയ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതോടെ നടപടി വേണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു.