Football
ക്രിസ്റ്റ്യാനോയോട് ബഹുമാനം, പക്ഷേ ഞങ്ങൾക്കു വേണ്ട; ബയേൺ മ്യൂണിക് ഡയറക്ടർ
Football

'ക്രിസ്റ്റ്യാനോയോട് ബഹുമാനം, പക്ഷേ ഞങ്ങൾക്കു വേണ്ട'; ബയേൺ മ്യൂണിക് ഡയറക്ടർ

abs
|
17 July 2022 6:09 AM GMT

പോർച്ചുഗീസ് താരത്തിന്റെ ഏജന്റ് ജോർജെ മെൻഡിസാണ് ബയേണിനെ സമീപിച്ചത്

ബെർലിൻ: മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിലേക്ക് കൂടു മാറാനുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ നീക്കങ്ങൾക്ക് തിരിച്ചടി. ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണ് എന്നും എന്നാൽ തങ്ങളുടെ പദ്ധതിയിൽ അദ്ദേഹമില്ലെന്നും ബയേൺ ഡയറക്ടർ ഹസൻ സാലിഹ്‌മിജിക് വ്യക്തമാക്കി. കായിക മാധ്യമമായ സ്‌പോർട്‌സ് വണുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പോർച്ചുഗീസ് താരത്തിന്റെ ഏജന്റ് ജോർജെ മെൻഡിസാണ് ബയേണിനെ സമീപിച്ചത്. 'എനിക്ക് ക്രിസ്റ്റ്യാനോയോട്, അദ്ദേഹത്തിന്റെ കരിയറിനോടും വിജയങ്ങളോടും അങ്ങേയറ്റത്തെ ആദരവുണ്ട്. എന്നാൽ ഒരിക്കൽക്കൂടി പറയട്ടെ, അത് ഞങ്ങളുടെ വിഷയമല്ല, വിഷയമായിരുന്നില്ല.' ക്രിസ്റ്റ്യാനോയ്ക്കായി ഒന്നിലേറെ തവണ ഏജന്റ് ബയേൺ അധികൃതരെ ബന്ധപ്പെട്ടതായാണ് ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കണ്ടെന്നും അതൊന്നും സത്യമല്ലെന്നും ബയേൺ മാനേജർ നഗെൽസ്മാനും പ്രതികരിച്ചു. ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണെന്നും എന്നാൽ ബയേണിന്റെ കളിശൈലിക്ക് യോജിച്ച താരമല്ലെന്നും ജർമൻ മുൻ ഗോൾകീപ്പർ ഒലിവർ ഖാൻ പറഞ്ഞു. താരവുമായി കരാർ ഒപ്പുവയ്ക്കുന്നുവെങ്കിൽ അത് അനുയോജ്യമായ നീക്കമാകില്ലെന്നും അദ്ദേഹം വിലയിരുത്തി.

അതിനിടെ, ക്രിസ്റ്റ്യാനോ ബയേണിലേക്ക് പോകാനുള്ള ഫുട്‌ബോൾ വിദഗ്ധർ ഇനിയും തള്ളിയിട്ടില്ല. താരം മാഞ്ചസ്റ്റർ വിടുമെന്നു തന്നെയാണ് റിപ്പോർട്ട്. പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലവൻഡോവ്‌സ്‌കി ബാഴ്‌സയിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ ഏജന്റ് ട്രാൻസ്ഫർ നീക്കങ്ങൾ ശക്തിപ്പെടുത്തിയത്.

Similar Posts