Football
റെക്കോർഡ് രാവിൽ ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ; ഇറ്റലിയോട് പകവീട്ടി ഇംഗ്ലണ്ട്
Football

റെക്കോർഡ് രാവിൽ ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ; ഇറ്റലിയോട് പകവീട്ടി ഇംഗ്ലണ്ട്

Web Desk
|
24 March 2023 12:49 AM GMT

197ാം അന്താരാഷ്ട്ര മത്സരത്തിൽ 120 ഗോളെന്നെ നാഴികക്കല്ല് പിന്നിട്ട താരം ഒന്നാമനായി തുടരുകയാണ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ 2024 യൂറോ കപ്പിനുള്ള യോഗ്യതാ റൗണ്ടിൽ മുൻ ചാമ്പ്യന്മാരായ പോർച്ചുഗലിന് വിജയത്തുകടക്കം. എതിരില്ലാത്ത നാലു ഗോളിനാണ് പറങ്കികൾ ഗ്രൂപ്പ് ജെ എതിരാളികളായ ലിക്ടൻസ്റ്റെയ്‌നിനെ കീഴടക്കിയത്. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിലായിരുന്നു ഫ്രീകിക്കിൽ നിന്നടക്കമുള്ള ഇരട്ട ഗോളുമായുള്ള ക്രിസ്റ്റിയാനോയുടെ മിന്നും പ്രകടനം.

മറ്റു മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ തകർത്ത് ഇംഗ്ലണ്ടും ഐസ്ലാന്റിനെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി ബോസ്‌നിയ ഹെർസഗോവിനയും തുടക്കം ഗംഭീരമാക്കി. ഡെന്മാർക്ക്, നോർത്ത് മാസിഡോണിയ, ഉത്തര ഐർലന്റ് ടീമുകളും ജയം കണ്ടു.

ഖത്തർ ലോകകപ്പിനിടെ പോർച്ചുഗൽ ടീമിലെ ഫസ്റ്റ് ഇലവൻ സ്ഥാനം നഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ, ടീമിന്റെ നായകനായാണ് പുതിയ കോച്ച് റോബർട്ടോ മാർട്ടിനസിന്റെ ടീമിൽ ഇടംപിടിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ 197-ാം മത്സരമായിരുന്നു താരത്തിന്റേത്.

3-1-4-2 ഫോർമേഷനിൽ ജോ ഫെലിക്‌സിനൊപ്പം സ്‌ട്രൈക്കറായി കളി തുടങ്ങിയ വെറ്ററൻ താരം രണ്ടാം മിനുട്ടിൽ മികച്ചൊരു അവസരം സൃഷ്ടിച്ചെങ്കിലും ഗോൾമുഖത്ത് ഫൈനൽ ടച്ച് നൽകാൻ ആരുമില്ലാത്തതിനാൽ മാത്രം ഗോൾ പിറന്നില്ല. എട്ടാം മിനുട്ടിൽ ജോ കാൻസലോ പറങ്കികളെ മുന്നിലെത്തിച്ചു. ആദ്യപകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല.

രണ്ടാം പകുതി തുടങ്ങിയതിനു തൊട്ടുപിന്നാലെ ബെർണാർഡോ സിൽവയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. 51-ാം മിനുട്ടിൽ, ജോ കാൻസലോ ബോക്‌സിൽ ഫൗൾ ചെയ്യപ്പെട്ടതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ, അന്താരാഷ്ട്ര ഗോളുകളിൽ ഒന്നാം സ്ഥാനക്കാരനായ തന്റെ ഗോൾ നേട്ടം 119 ആക്കി ഉയർത്തി. 63-ാം മിനുട്ടിൽ കരുത്തുറ്റൊരു ഫ്രീകിക്ക് ഗോളിൽ തന്റെ പ്രതാപകാലം ഓർമിപ്പിച്ച താരം 120-ാം ഗോളും കണ്ടെത്തി പുതിയ നാഴികക്കല്ല് പിന്നിട്ടു.

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ (54) നേടുന്ന താരമെന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തമാക്കിയ മത്സരത്തിലാണ് ഇംഗ്ലണ്ട്, കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ നിന്നേറ്റ നാണക്കേടിന് ഇറ്റലിയോട് പകരം ചോദിച്ചത്. ഗ്രൂപ്പ് സി മത്സരത്തിൽ 13-ാം മിനുട്ടിൽ ഡെക്ക്‌ലാൻ റൈസ് ആതിഥേയരുടെ വലകുലുക്കി. ഇടവേളക്കു തൊട്ടുമുമ്പ് ഹാരി കെയ്ൻ പെനാൽട്ടി ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു.

56-ാം മിനുട്ടിൽ മാത്യു റെതഗിയിലൂടെ ഒരു ഗോൾ മടക്കിയ ഇറ്റലി തിരിച്ചുവരവിന് കോപ്പുകൂട്ടിയെങ്കിലും പ്രതിരോധം ശക്തമാക്കി ഇംഗ്ലണ്ട് ചെറുത്തു. 80-ാം മിനുട്ടിൽ ഇംഗ്ലീഷ് താരം ലൂക്ക് ഷോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായ ശേഷം സന്ദർശകർ പത്തു പേരുമായാണ് കളി പൂർത്തിയാക്കിയത്.

Related Tags :
Similar Posts