'യൂറോകപ്പ് നേടുന്നത് ലോകകപ്പിന് തുല്യം'; വമ്പൻ പ്രതികരണവുമായി ക്രിസ്റ്റ്യാനോ
|'പോർച്ചുഗൽ യൂറോ നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്. ഞാൻ ഇതിനകം പോർച്ചുഗലിനായി രണ്ട് ട്രോഫികൾ നേടിയിട്ടുണ്ട്. ലോകകപ്പ് ഒരിക്കലും പ്രചോദിപ്പിച്ചിട്ടില്ല'
ലിസ്ബൺ: ക്രൊയേഷ്യക്കെതിരെ യുവേഫ നാഷണൽസ് ലീഗിൽ ഗോൾ നേടിയതോടെ ഔദ്യോഗിക മത്സരങ്ങളിൽ രാജ്യത്തിനും ക്ലബിനുമായി 900 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. കരിയറിലെ അവസാന കാലത്തിലൂടെ കടന്നുപോകുന്ന റോണോക്ക് മുന്നിൽ ഇന്നും ലോകകപ്പ് കിരീടം സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇന്നലെ ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം ഇക്കാര്യത്തിൽ താരം മനസ് തുറന്നു. താൻ ഫുട്‌ബോളിൽ തുടരുന്നത് അഭിനിവേഷംകൊണ്ടാണെന്നും ലോകകപ്പ് നേടാൻ വേണ്ടിയല്ലെന്നും താരം പറഞ്ഞു. പോർച്ചുഗൽ ലോകകപ്പ് വിജയിച്ചത് ലോകകപ്പിന് തുല്യമാണെന്നും 39 കാരൻ പറഞ്ഞു.
'പോർച്ചുഗൽ യൂറോ നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്. ഞാൻ ഇതിനകം പോർച്ചുഗലിനായി രണ്ട് ട്രോഫികൾ നേടിയിട്ടുണ്ട്. ലോകകപ്പ് ഒരിക്കലും പ്രചോദിപ്പിച്ചിട്ടില്ല-റോണോ പറഞ്ഞു. നേരത്തെ ഫ്രഞ്ച് താരം കിലിയൻ എംബാപെയും ലോകകപ്പിനേക്കാൾ കടുത്ത മത്സരം യൂറോകപ്പിലുണ്ടെന്ന് പ്രതികരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ഉയർന്നുവന്നു. യൂറോകപ്പിന് പുറമെ യുവേഫ നാഷണൽസ് ലീഗ് കിരീടവും പോർച്ചുഗലിനൊപ്പം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു
ലയണൽ മെസിയുടെ ചിറകിലേറി അർജന്റീന 2022 ഖത്തർ ലോകകപ്പ് സ്വന്തമാക്കിയതോടെ ക്രിസ്റ്റ്യാനോ-മെസി ആരാധകർക്കിടയിലെ പ്രധാന ചർച്ച ലോകകപ്പ് സംബന്ധിച്ചായിരുന്നു. ഇതിനിടെയാണ് വമ്പൻ പ്രതികരണവുമായി സൂപ്പർതാരം തന്നെ രംഗത്തെത്തിയത്. പോർച്ചുഗലിനായി 131 ഗോൾ നേടിയ സിആർ 7 ക്ലബ് തലത്തിൽ റയൽ മാഡ്രിഡിനായി 450 ഗോൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അൽനസറിനായി 68 ഗോളുകളുമാണ് അടിച്ചുകൂട്ടിയത്.