മാഞ്ചസ്റ്ററിന്റെ ട്രെയിനിങ്ങിൽ പങ്കെടുത്തില്ല; ക്രിസ്റ്റ്യാനോ ചെൽസിയിലേക്ക്?
|എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ കാരിങ്ടണിൽ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ ഒഴികെയുള്ള താരങ്ങളെല്ലാം പങ്കെടുത്തു.
ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ വിട്ടേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ ക്ലബ്ബിന്റെ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നു. 'കുടുംബപരമായ കാരണങ്ങളാൽ' പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് താരം അറിയിച്ചതായും ക്ലബ്ബ് മാനേജ്‌മെന്റ് അത് അംഗീകരിച്ചതായുമാണ് റിപ്പോർട്ടുകൾ. പുതിയ കോച്ച് എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ കാരിങ്ടണിൽ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ ഒഴികെയുള്ള താരങ്ങളെല്ലാം പങ്കെടുത്തു.
പ്രീമിയർ ലീഗിലെ തന്നെ കരുത്തരായ ചെൽസിയിലേക്ക് ക്രിസ്റ്റ്യാനോ കൂടുമാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം ട്രെയിനിങ് സെഷനിൽ നിന്ന് വിട്ടുനിൽക്കുന്നത്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെന്റസ് ചെൽസി ഉടമ ടോഡ് ബൗളിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് താരം സ്റ്റാംഫഡ് ബ്രിഡ്ജിലേക്ക് കൂടുമാറിയേക്കുമെന്ന അഭ്യൂഹം പരന്നത്. പോർച്ചുഗീസ് താരത്തിനു വേണ്ടി 15 മില്യൺ യൂറോയുടെ ഓഫർ ചെൽസി യുനൈറ്റഡിനു മുന്നിൽ വെച്ചതായും റിപ്പോർട്ടുകളുണ്ട്.
കിരീടം ലക്ഷ്യമിട്ട് മികച്ച താരങ്ങളെ എത്തിക്കുന്നതിൽ മാനേജ്‌മെന്റ് ശുഷ്‌കാന്തി പ്രകടിപ്പിക്കുന്നതില്ലെന്നതിനാലാണ് ക്രിസ്റ്റ്യാനോ യുനൈറ്റഡിൽ നിന്ന് പുറത്തേക്കുള്ള വഴി തേടുന്നത്. മികച്ച താരങ്ങളെ ടീമിലെത്തിച്ച് കിരീടങ്ങൾക്കു വേണ്ടി പോരാടണം എന്നതാണ് താരത്തിന്റെ ആവശ്യം. കോച്ച് എറിക് ടെൻ ഹാഗുമായി നല്ല ബന്ധമാണുള്ളതെങ്കിലും, നല്ല കളിക്കാർ ഇതുവരെയും ടീമിലെത്താത്തതിൽ താരം നിരാശനാണ്. ഉചിതമായ ഓഫറുകൾ വന്നാൽ താൻ ക്ലബ്ബ് വിടുമെന്ന് അദ്ദേഹം മാനേജ്‌മെന്റിനെ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, താരത്തെ നിലനിർത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
കഴിഞ്ഞ സീസണിൽ ക്രിസ്റ്റിയാനോ ടോപ് സ്‌കോററായിരുന്നെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. ഇതോടെ 2022-23 സീസണിൽ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ അവസരമുണ്ടാകില്ല. യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരമില്ലാത്തതാണ് ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റർ വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന.
(Cristiano Ronaldo skips Manchester United training for "Family Reason" amind rumours of leaving the club)