പറക്കും ലിവകോവിച്ച്; ബ്രസീലിന്റെ കരളറുത്തത് ഈ ക്രൊയേഷ്യൻ ഗോളി
|ഷൂട്ടൗട്ടിലെ ഒരു ഷോട്ട് തടഞ്ഞതിന് പുറമേ ആകെ 11 സേവുകളാണ് ലിവകോവിച്ച് നടത്തിയത്
ദോഹ: ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ബ്രസീലിന്റെ കരളറുത്തത് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ച്. ആദ്യ ഇരുപകുതികളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിതിനും പിന്നീട് ഷൂട്ടൗട്ടിൽ ബ്രസീൽ പരാജയപ്പെട്ടതിനും പിന്നിൽ ഈ 27കാരന്റെ കരുത്തുറ്റ കരങ്ങളായിരുന്നു. ഷൂട്ടൗട്ടിലെ ഒരു ഷോട്ട് തടഞ്ഞതിന് പുറമേ ആകെ 11 സേവുകളാണ് ക്രൊയേഷ്യൻ ഗോളി നടത്തിയത്. ഒരു ലോകകപ്പിൽ ക്രൊയേഷ്യൻ ഗോളി നേടുന്ന ഏറ്റവും കൂടുതൽ സേവാണിത്. ബ്രസീൽ ഗോളി ഈ ലോകകപ്പിൽ ആകെ നേടിയത് അഞ്ചു സേവുകളാണ് എന്നാൽ ലിവാകോവിച് അതിലേറെ സേവുകൾ ഈ മത്സരത്തിൽ മാത്രം നേടി. നാലു പെനാൽട്ടി സേവുകളാണ് ഖത്തർ ലോകകപ്പിൽ താരത്തിന്റെ പേരിലുള്ളത്. ജപ്പാനെതിരെ മൂന്നു പെനാൽട്ടികളും ഇന്ന് ബ്രസീലിനെതിരെ റോഡ്രിഗോയടിച്ച പെനാൽട്ടിയും ലിവകോവിച് തടുത്തിട്ടു.
2016 മേയിൽ മോൾഡോവക്കെതിരെ നടന്ന സൗഹൃദ മത്സരത്തിനുള്ള ക്രൊയേഷ്യൻ ദേശീയ ടീമിലാണ് താരം ആദ്യമായി ഉൾപ്പെടുത്തപ്പെട്ടത്. എന്നാൽ 2017ൽ നടന്ന ചൈന കപ്പിലായിരുന്നു അരങ്ങേറ്റം. മത്സരത്തിൽ പെനാൽട്ടികൾ നഷ്ടപ്പെടുത്തിയതോടെ പരാജയപ്പെടുകയായിരുന്നു. ദേശീയ ടീമിന് പുറമേ പ്രവാ എച്ച്എൻ.എല്ലിൽ ദിനാമോ സാഗ്രേബിന് വേണ്ടിയാണ് താരം കളിക്കുന്നത്. 2012-13 സീസൺ മുതലാണ് ക്ലബിനൊപ്പം ചേർന്നത്.
ക്വാർട്ടർ മത്സരത്തിൽ ആദ്യ ഇരുപകുതികളും ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. അധിക സമയത്ത് സൂപ്പർതാരം നെയ്മറിലൂടെ ബ്രസീൽ ആദ്യ ലീഡ് നേടി എന്നാൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യൻ പട സമനില പിടിച്ചു. തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ ക്രൊയേഷ്യ വീഴ്ത്തുകയായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ കോട്ടക്കുള്ളിൽ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല.
106ാം മിനുട്ടിലാണ് നെയ്മർ ഗോളടിച്ച് കാനറികൾക്ക് ലീഡ് നൽകിയത്. എന്നാൽ അധിക സമയം കഴിയും മുമ്പേ 117ാം മിനുട്ടിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രോട്ടുകൾ സമനില പിടിച്ചു. ഒർസിചാണ് ഗോളിലേക്ക് അസിസ്റ്റ് നൽകിയത്. നേരത്തെ 106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്.
നേരത്തെ പലവട്ടം ഇരുടീമുകളും മുന്നേറ്റം നടത്തിയിരുന്നു. 13-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം. 20-ാം മിനിറ്റിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങി.
41-ാം മിനിറ്റിൽ പെനാൾട്ടി ബോക്സിന് തൊട്ടുപുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും നെയ്മറിന്റെ കി്ക്ക ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.
ബ്രസീൽ നിര: (4-2-3-1) റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, നെയ്മർ, റഫീന്യ, കസമിറോ, ലുക്കാസ് പക്വേറ്റ, ഡാനിലോ, തിയാഗോ സിൽവ, മാർകീന്യോസ്, എഡർ മിലിറ്റാവോ, അലിസൺ ബെക്കർ
ക്രൊയോഷ്യൻ നിര: (4-3-3) പസാലിച്ച്, ക്രമാരിച്ച്, പെരിസിച്ച്, ലൂക്കാ മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, ജുറാനോവിച്ച്, ലോവേൺ, ഗ്വാഡിയോൾ, സോസ, ലിവാക്കോവിച്ച്
Croatia's goalkeeper Dominik Livakovic broke Brazil's heart in the World Cup quarter-final.