ബ്ലാസ്റ്റേഴ്സിനെ 'ചതിച്ച' റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പിനില്ല
|ഐ.എസ്.എൽ പ്ലേ ഓഫിൽ ബംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ക്രിസ്റ്റൽ ജോണിന്റെ തീരുമാനമാണ് വിവാദമായത്.
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം നിയന്ത്രിച്ചതിലൂടെ വിവാദ നായകനായ റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പിനില്ല. ഏപ്രിൽ എട്ട് മുതൽ കേരളത്തിലാണ് ഇത്തവണ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്.
ഐ.എസ്.എൽ പ്ലേ ഓഫിൽ ബംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ക്രിസ്റ്റൽ ജോണിന്റെ തീരുമാനമാണ് വിവാദമായത്. കളിയുടെ 96-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം വിപിൻ മോഹന്റെ ഫൗളിനായിരുന്നു ഫ്രീകിക്ക് അനുവദിക്കപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പ്രതിരോധ മതിൽ തീർക്കാൻ സമയം കൊടുക്കാതെ ഛേത്രി കിക്കെടുക്കുകയായിരുന്നു.
റഫറിയായ ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ച് ഗ്രൗണ്ടിൽനിന്ന് കയറിപ്പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം കടുത്ത അച്ചടക്കലംഘനമായി കണ്ട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. താരങ്ങളെ തിരിച്ചുവിളിച്ച കോച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.