വിവാദഗോളിന് തിരികൊളുത്തിയ റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർകപ്പിനില്ല
|ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലെ വിവാദ ഗോളാണ് 35 കാരനായ റഫറിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.
ന്യൂഡല്‍ഹി: ഐ.എസ്.എൽ പ്ലേഓഫിൽ ബംഗളൂരു എഫ്.സിക്ക് വിവാദ ഗോൾ സമ്മാനിച്ച റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പിൽ കളി നിയന്ത്രിക്കാനുണ്ടാവില്ല. ബെംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലെ വിവാദ ഗോളാണ് 35 കാരനായ റഫറിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.
ബംഗളൂരു നായകൻ സുനിൽ ഛേത്രിയെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിബിൻ മോഹനൻ ബോക്‌സിന്റെ അരികിൽ വീഴ്ത്തിയതോടെയാണ് തുടക്കം. റഫറി ക്രിസ്റ്റല്‍ജോണ്‍ ഫ്രീകിക്ക് വിധിച്ചു. കിക്കിനെ തടയാന്‍ ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടെ, ഛേത്രി പെട്ടെന്ന് ഫ്രീകിക്ക് എടുത്ത് ഗോൾ നേടി. പിന്നാലെ പ്രതിഷേധവുമായി മാച്ച് ഒഫീഷ്യലുകളെ വളഞ്ഞ ബ്ലാസ്റ്റേഴ്സിനെ അമ്പരപ്പിച്ചുകൊണ്ട് ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു.
തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാൻ വുകോമാനോവിച്ച് തന്റെ കളിക്കാരെ ഡ്രസിങ് റൂമിലേക്ക് തിരികെ വിളിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ഒടുവിൽ ബെംഗളൂരു എഫ്.സിയെ വിജയിയായി പ്രഖ്യാപിച്ചു. നടപടിയുടെ ഭാഗമായാണോ ക്രിസ്റ്റല്‍ ജോണിനെ മാറ്റിയതെന്ന് വ്യക്തമല്ല. ഏപ്രില്‍ എട്ട് മുതലാണ് സൂപ്പര്‍കപ്പ് ആരംഭിക്കുന്നത്. മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയാണ് ക്രിസ്റ്റൽ ജോൺ ടൂർണമെന്റിന്റെ ഭാഗമാകുന്നില്ലെന്ന് ട്വീറ്റ് ചെയ്തത്.
അതേസയം ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എ.ഐ.എഫ്എഫ് വിധിച്ചിരുന്നു. തുടർന്ന്, ഇരുവരും തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി മത്സരം ബഹിഷ്കരിച്ചതിന് ക്ഷമാപണം നടത്തിയിരുന്നു.