ചരിത്രത്തിലാദ്യം: പ്രീമിയർ ലീഗിൽ ചെൽസിക്കും മുകളിൽ ഫിനിഷ് ചെയ്ത് ക്രിസ്റ്റൽ പാലസ്
|ക്രിസ്റ്റൽ പാലസ് പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ചെൽസി 12ാം സ്ഥാനത്താണ്
ലണ്ടൻ: പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ നോട്ടിങാം ഫോറസ്റ്റിനോട് 1-1ന്റെ സമനില വാങ്ങിയതോടെ ചരിത്രത്തിലാദ്യമായി ചെൽസിക്ക് മുകളിൽ ഫിനിഷ് ചെയ്ത് ക്രിസ്റ്റൽ പാലസ്. ക്രിസ്റ്റൽ പാലസ് പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ചെൽസി 12ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകളിലൊന്നിന് മുകളിലുള്ള ക്രിസ്റ്റല്‍ പാലസിന്റെ നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍.
38 മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ജയവും 15 തോൽവിയും 12 സമനിലയുമായി 45 പോയിന്റാണ് ക്രിസ്റ്റൽ പാലസ് സ്വന്തമാക്കിയത്. അത്രയും മത്സരങ്ങളിൽ നിന്നായി പതിനൊന്ന് ജയവും പതിനൊന്ന് സമനിലയും 16 തോൽവിയുമായി 45 പോയിന്റാണ് ചെൽസി സ്വന്തമാക്കിയത്. അതേസമയം അവസാന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഫോറസ്റ്റ് ലീഡ് നേടിയെങ്കിലും 66ാം മിനുറ്റിൽ പാലസ് സമനില നേടുകയായിരുന്നു.
ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമായൊരു സീസണാണ് കഴിഞ്ഞതെന്ന് പാലസ് പരിശീലകൻ റോയ് ഹോഡ്ഗസൺ വ്യക്തമാക്കി. അതേസമയം സൂപ്പർ താരം മുഹമ്മദ് സലായുടെ ലിവർപൂളിലെ ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കോച്ച് യുർഗൻ ക്ലോപ്പ് രംഗത്ത് എത്തി . ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിലും സലാ ലിവർപൂളിൽ തുടരുമെന്ന് ക്ലോപ്പ് പറഞ്ഞു. ലീഗിൽ അഞ്ചാം സ്ഥാനത്തായ ലിവർപൂൾ യൂറോപ്പ ലീഗിലാണ് അടുത്ത സീസണിൽ കളിക്കുക. ഒരു കിരീടം പോലും നേടാൻ ഈ സീസണിൽ ലിവർപൂളിനായിരുന്നില്ല.