Football
DaniAlveswifeJoanaSanz, DaniAlvesinjail, DaniAlvesinjailinsexualassaultcase, DaniAlveswifedivorce
Football

ഭാര്യയുടെ വിവാഹമോചന പ്രഖ്യാപനം; ജയിലിൽ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ ഡാനി ആൽവസ്, ഏകാന്തവാസം

Web Desk
|
19 March 2023 3:23 PM GMT

ഭാര്യ തന്നെ ഏറെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് ഡാനി ആൽവസ് പ്രതികരിച്ചത്

ബാഴ്‌സലോണ: സ്‌പെയിനിൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ബ്രസീൽ ഫുട്‌ബോൾ താരം ഡാനി ആൽവസ് ജയിലിൽ നിരാഹാരം കിടക്കുന്നതായി റിപ്പോർട്ട്. അറസ്റ്റിനു പിന്നാലെ ഭാര്യ ജൊവാന സാൻസ് വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ഡാനി ജയിലിൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തതെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ജനുവരി 20നാണ് ഡാനി അറസ്റ്റിലായത്. പുതുവത്സരാഘോഷത്തിനിടെ സ്പാനിഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാസം മോഡൽ കൂടിയായ ഭാര്യ സാൻസ് താരത്തെ ജയിലിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. അവർ വിവാഹമോചനം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ, വിവാഹമോചന വാർത്തകൾക്കു പിന്നാലെ ഡാനി അപ്പാടെ തകർന്നിരിക്കുകയാണെന്നാണ് ജയിൽവൃത്തങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല. എപ്പോഴും ഒറ്റയ്ക്കിരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

തന്റെ നെടുംതൂണാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് പീഡനക്കേസിൽ ഡാനി ജയിലിലായതിനു പിന്നാലെ ഭാര്യ ജൊവാന സാൻസ് പ്രതികരിച്ചത്. ഭാര്യ തന്നെ ഏറെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്ന് ഡാനിയും പ്രതികരിച്ചു. ഇരുവരും തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി.

എന്താണ് ആൽവസിനെതിരായ കേസ്?

കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ബാഴ്സലോണയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ നിശാക്ലബിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിനെത്തിയ താരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, ജനുവരി 20ന് ഡാനി അറസ്റ്റിലാകുകയും ചെയ്തു. ലോകകപ്പിനുശേഷം അവധി ആഘോഷത്തിനായി ബാഴ്‌സലോണയിലെത്തിയതായിരുന്നു ബ്രസീൽ ഡിഫൻഡർ.

തുടക്കത്തിൽ ഡാനി കുറ്റം നിഷേധിച്ചിരുന്നു. സംഭവദിവസം താൻ ആരോപിക്കപ്പെടുന്ന നിശാക്ലബിലുണ്ടായിരുന്നില്ലെന്നായിരുന്നു ആദ്യ വിശദീകരണം. ഇതിനുശേഷം പലവട്ടം മൊഴി മാറ്റി. ഒടുവിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും യുവതി തനിക്ക് വദനസുരതം ചെയ്തു തന്നിരുന്നുവെന്നും ഡാനി ആൽവസ് കോടതിയിൽ വാദിച്ചിരുന്നു.

ഡാനിയെ ബാഴ്‌സ കോടതി റിമാൻഡ് ചെയ്തതോടെ താരവുമായുള്ള കരാർ മെക്‌സിക്കൻ ക്ലബായ പ്യൂമാസ് റദ്ദാക്കിയിരുന്നു. കരാർ ലംഘിച്ചതിന് നാല് മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻ ബാഴ്‌സ ഡിഫൻഡർ കൂടിയാണ് ഡാനി ആൽവസ്.

Summary: Dani Alves refuses to eat, goes on hunger strike and wants to be locked up in his prison cell after split from wife Joana Sanz amid sexual assault allegations

Similar Posts